Connect with us

Ongoing News

റയലോ യുവെന്റസോ....? ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരാട്ടം ഇന്ന്

Published

|

Last Updated

റയലിന്റെ ഗാരെത് ബെയില്‍, മോഡ്രിച്, ക്രിസ്റ്റ്യാനോ പരിശീലനത്തില്‍

കാര്‍ഡിഫ്: യൂറോപ്പിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് ലൈനപ്പുള്ള റയല്‍ മാഡ്രിഡും ഇളക്കം തട്ടാത്ത പ്രതിരോധ നിരയുള്ള യുവെന്റസും ഇന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായി നേര്‍ക്ക് നേര്‍. ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടിന് കിക്കോഫ്. കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമാവുക എന്ന ചരിത്രമാണ് സിനദിന്‍ സിദാന്റെ റയല്‍ മാഡ്രിഡ് ലക്ഷ്യമിടുന്നത്. 1996ന് ശേഷം യൂറോപ്പില്‍ ആദ്യ കിരീടം ലക്ഷ്യമിട്ട് മാസിമിലിയാനോ അലെഗ്രിയുടെ യുവെന്റസ് ഇറങ്ങുന്നു. ആര്‍ക്കാണ് കൂടുതല്‍ സാധ്യത എന്ന് പ്രവചിക്കുക അസാധ്യം.

സ്പാനിഷ് ലാ ലിഗ കിരീടം നേടിക്കൊണ്ടാണ് റയല്‍ മാഡ്രിഡ് ഫൈനലിനുള്ള ആത്മവിശ്വാസം സംഭരിച്ചത്. യുവെന്റസ് ഇറ്റാലിയന്‍ സീരി എ കിരീടം നിലനിര്‍ത്തിയതിന് പിറകെ ഇറ്റാലിയന്‍ കപ്പും സ്വന്തമാക്കി സ്വന്തം കരുത്ത് ശരിക്കും തിരിച്ചറിഞ്ഞിരിക്കുന്നു.
പരിശീലകരുടെ പോരാട്ടവും ശ്രദ്ധേയമാകും. റയലിന് വേണ്ടി താരമെന്ന നിലയില്‍ ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തിയ സിദാന്‍ കഴിഞ്ഞ സീസണില്‍ കോച്ച് എന്ന നിലയിലും റയലിനൊപ്പം ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കി. ഇത്തവണ കപ്പുയര്‍ത്തിയാല്‍ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ പരിശീലകര്‍ക്കിടയില്‍ സിദാന്‍ ഇതിഹാസമാകും. തുടരെ രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടം ഇതു വരെ ഒരു പരിശീലകനും സാധ്യമായിട്ടില്ല.
മാസിമിലിയാനോ അലെഗ്രി കരിയറിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിടുന്നു. ഇറ്റലിയില്‍ അലെഗ്രി യുവെന്റസിനൊപ്പം കൈവരിച്ച നേട്ടങ്ങള്‍ അസൂയപ്പെടുത്തുന്നതാണ്.
കാര്‍ഡിഫിലെ മില്ലേനിയം സ്റ്റേഡിയത്തിന്റെ മുകള്‍ഭാഗം പൂര്‍ണമായും മൂടിക്കൊണ്ടാകും മത്സരം നടക്കുക. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സുരക്ഷാ കാരണങ്ങളാല്‍ സ്റ്റേഡിയം പൂര്‍ണമായും അടച്ച് പൂട്ടിയിട്ട് മത്സരം നടക്കുന്നത്. മാഞ്ചസ്റ്ററിലുണ്ടായ തീവ്രവാദി ആക്രമണ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
യൂറോപ്പില്‍ റയലും യുവെന്റസും തമ്മില്‍ പത്തൊമ്പതാം തവണയാണ് ഏറ്റുമുട്ടാന്‍ പോകുന്നത്. 24 തവണ പരസ്പരം വന്ന ബയേണ്‍ മ്യൂണിക്-റയല്‍ മാഡ്രിഡ് ഫിക്‌സ്ചര്‍ കഴിഞ്ഞാല്‍ യുവെ-റയല്‍ പോരാട്ടമാണ് യൂറോപ്പില്‍ കൂടുതല്‍ തവണ നടന്നത്. എട്ട് ജയം വീതം രണ്ട് ടീമുകള്‍ക്കും. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഒരിക്കല്‍ മാത്രമാണ് റയല്‍-യുവെ ഫൈനല്‍ സംഭവിച്ചത്. 1998ലായിരുന്നു ആ ഫൈനല്‍. റയല്‍ 1-0ന് ചാമ്പ്യന്‍മാരായി. പെഡ്രാഗ് മിയാറ്റോവിചായിരുന്നു സ്‌കോറര്‍.
യൂറോപ്യന്‍കപ്പ്, ചാമ്പ്യന്‍സ് ലീഗുകളില്‍ റയല്‍ പതിനഞ്ചാം ഫൈനലാണ് കളിക്കാന്‍ പോകുന്നത്. പതിനൊന്ന് ഫൈനല്‍ കളിച്ച എ സി മിലാനാണ് പിറകില്‍. അവസാനം കളിച്ച പതിനാല് ഫൈനലുകളില്‍ പതിനൊന്നിലും റയല്‍ ചാമ്പ്യന്‍മാരായി.
അതേ സമയം യുവെന്റസ് അവസാനം കളിച്ച എട്ട് യൂറോപ്യന്‍ ഫൈനലുകളില്‍ രണ്ടെണ്ണം മാത്രമാണ് ജയിച്ചത്.
യൂറോപ്യന്‍ കപ്പ് തുടരെ നേടിയ എസി മിലാന്റെ (1989, 90) റെക്കോര്‍ഡാണ് ചാമ്പ്യന്‍സ് ലീഗ് തുടരെ നേടിക്കൊണ്ട് റയല്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ നാല് സീസണുകളില്‍ റയല്‍ മാഡ്രിഡിന്റെ മൂന്നാം ചാമ്പ്യന്‍സ് ലീഗ് ഫൈനലാണിത്. കഴിഞ്ഞ രണ്ട് തവണയും അത്‌ലറ്റിക്കോ മാഡ്രിഡിനെയാണ് ഫൈനലില്‍ കീഴടക്കിയത്.
2015 ല്‍ യുവെന്റസ് ഫൈനലിലെത്തിയിരുന്നു. അന്ന് ബാഴ്‌സലോണക്ക് മുന്നില്‍ തകര്‍ന്നു പോയി പോള്‍ പോഗ്ബ എന്ന സൂപ്പര്‍ താരത്തിന്റെ കരുത്തിലിറങ്ങിയ യുവെന്റസ്.
ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് യുവെന്റസ് ഫൈനലിലെത്തിയിരിക്കുന്നത്. ഒമ്പത് ജയം മൂന്ന് സമനില. 2013-14 സീസണില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് അപരാജിത കുതിപ്പിലൂടെ ഫൈനലിന് യോഗ്യത നേടിയതിന് ശേഷം ആ നേട്ടം കൈവരിക്കുന്നത് യുവെന്റസാണ്.