പലായനത്തിനിടെ മൊസൂളില്‍ 140 സാധാരണക്കാര്‍ കൊല്ലപ്പെട്ടു

Posted on: June 2, 2017 9:55 am | Last updated: June 2, 2017 at 9:49 am

മൊസൂള്‍: ഇസില്‍വിരുദ്ധ സൈനിക മുന്നേറ്റം ശക്തമായ വടക്കന്‍ ഇറാഖിലെ മൊസൂളില്‍ ഒരാഴ്ചക്കിടെ 140 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസില്‍ ശക്തി കേന്ദ്രമായ പശ്ചിമ മൊസൂളില്‍ നിന്ന് പലായനം ചെയ്തവരാണ് കൊല്ലപ്പെട്ടതെന്നും മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇസില്‍ തീവ്രവാദികളാണ് ഇവരെ കൊന്നൊടുക്കിയതെന്ന് ഇറാഖ് സൈനിക വക്താക്കള്‍ അറിയിച്ചു. എന്നാല്‍, അമേരിക്കന്‍ വ്യോമാക്രമണത്തിലും നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

ഏഴ് മാസക്കാലമായി മൊസൂളില്‍ നടക്കുന്ന സൈനിക നടപടി അന്ത്യത്തിലേക്ക് നീങ്ങുമ്പോഴാണ് ഇസില്‍ കൂട്ടക്കുരുതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. അമേരിക്കന്‍ വ്യോമസേനയുടെ പിന്തുണയോടെ നടക്കുന്ന സൈനിക മുന്നേറ്റം ഉടന്‍ അവസാനിക്കുമെന്നാണ് ഇറാഖിന്റെ പ്രതിരോധ മന്ത്രാലയവും യു എസ് വ്യോമസേന വൃത്തങ്ങളും വ്യക്തമാക്കുന്നത്.
മൊസൂളില്‍ അവശേഷിക്കുന്ന ഇസില്‍ ശക്തിപ്രദേശത്ത് നൂറ് കണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നത്. ഇവരെ മനുഷ്യ കവചമാക്കാനുള്ള ഒരുക്കത്തിലാണ് ഇസില്‍.
അതേസമയം, ചൊവ്വാഴ്ചയുണ്ടായ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വ്യോമാക്രമണത്തിന് പിന്നില്‍ ഇറാഖ് സേനയാണോ യു എസ് സേനയാണോയെന്ന് വ്യക്തമായിട്ടില്ല. വ്യോമാക്രമണത്തിന് പിന്നാലെ ചാവേര്‍ സ്‌ഫോടനങ്ങളിലും നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസില്‍ തീവ്രവാദികളുടെ സ്വാധീനം നഷ്ടപ്പെടാത്ത ടൈഗ്രീസ് നദീ തീരത്തെ പുരാതന നഗരത്തില്‍ നിരവധി സാധാരണക്കാര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. എന്നാല്‍ ഇവിടേക്ക് സൈനിക ആക്രമണത്തിനുള്ള ഒരുക്കത്തിലാണ് അമേരിക്കന്‍ വ്യോമസേനയും ഇറാഖും. ഇത് വന്‍ ആള്‍നാശത്തിന് കാരണമാകുമെന്ന് യു എന്‍ അടക്കമുള്ള സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് ലക്ഷം സാധാരണക്കാര്‍ ഇവിടെ കഴിയുന്നുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. സൈനിക നടപടി ആരംഭിച്ചതിന് ശേഷം ഏഴരലക്ഷത്തോളം ജനങ്ങള്‍ മൊസൂളില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്.
ഇറാഖിലെ അവസാനത്തെ ഇസില്‍ ശക്തി കേന്ദ്രമാണ് മൊസൂള്‍. തെക്കന്‍ മൊസൂളില്‍ നിന്ന് പൂര്‍ണമായും ഇസില്‍ ഭീകരരെ തുരത്തിയ ശേഷമാണ് പശ്ചിമ മൊസൂളിലേക്ക് സൈന്യം ചുവട് മാറ്റിയത്. ഇസില്‍ സ്ഥാപകന്‍ അബൂബക്കര്‍ ബഗ്ദാദിയടക്കമുള്ള ഭീകരരുടെ താവളങ്ങളടങ്ങിയ പശ്ചിമ മൊസൂള്‍ സൈന്യം വളഞ്ഞിട്ടുണ്ടെങ്കിലും ആള്‍നാശം മുന്നില്‍ക്കണ്ട് കടന്നാക്രമണം നടത്താതിരിക്കുകയാണ്. ഇസില്‍ കേന്ദ്രത്തിലേക്ക് ആക്രമണങ്ങള്‍ നടത്തുന്ന പക്ഷം ആയിരക്കണക്കിന് സാധാരണക്കാരെ ഇസില്‍ ഭീകരര്‍ കൊന്നൊടുക്കുമെന്നാണ് ഇറാഖ് ഭയപ്പെടുന്നത്.