കശാപ്പ് നിരോധനം: മുഖ്യമന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല

Posted on: June 1, 2017 8:38 pm | Last updated: June 2, 2017 at 10:21 am

തിരുവനന്തപുരം: കശാപ്പ് നിരോധനത്തിനെതിരെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിളിച്ചാല്‍ ത്രിപുര മുഖ്യമന്ത്രിയല്ലാതെ വേറെ ആരുവരുമെന്ന് ചെന്നിത്തല ചോദിച്ചു. കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആശങ്കകളുണ്ട്.

ജനങ്ങളുടെ ആരോഗ്യത്തെയും തൊഴിലിനെയും ബാധിക്കുന്ന പ്രശ്‌നമാണ്. കേന്ദ്രസര്‍ക്കാരിന്റെ നയം തിരുത്തണം. സാധാരണക്കാരുടെ ഭക്ഷണത്തെ നിരോധിക്കുന്ന നടപടിയാണിത്. ഏതു ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നത് ആര്‍എസ്എസ്സോ കേന്ദ്രസര്‍ക്കാരോ അല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മദ്യശാലകള്‍ തുറക്കാനുളള സര്‍ക്കാര്‍ നീക്കം മുതലാളിമാരെ സഹായിക്കാനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ സഹായിച്ചതിന് എല്‍ഡിഎഫിന്റെ പ്രത്യുപകാരമാണിത്. കേരളത്തെ മദ്യാലയമാക്കി മാറ്റാന്‍ ഇടതുമുന്നണി ശ്രമിക്കുന്നുവെന്നും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന തീരുമാനം അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്നതാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.