Connect with us

Gulf

ഫ്രാന്‍സിലെ നീസ് യാത്രക്കാര്‍ക്ക് ഹെലികോപ്റ്റര്‍ കണക്ഷന്‍

Published

|

Last Updated

ദോഹ: ഖത്വര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ഫ്രാന്‍സിലെ നീസ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് മോന്റെ കാര്‍ലോയിലേക്ക് ഹെലികോപ്റ്റര്‍ കണക്ടിവിറ്റി സേവനം ജൂലൈ നാലു മുതല്‍ ആരംഭിക്കും. എയര്‍പോര്‍ട്ടില്‍ നിന്നും നേരിട്ട് ഹെലികോപ്റ്ററില്‍ മോന്റെകാര്‍ലോയിലേക്ക് പോകാവുന്ന രീതിയിലാണ് സൗകര്യം. അവിടെ നിന്ന് ഖത്വര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് നീസ് എയര്‍പോര്‍ട്ടിലേക്കും ഹെലികോപ്റ്റര്‍ സൗകര്യം ലഭിക്കും. ഖത്വര്‍ എയര്‍വേയ്‌സില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇത് സഹയാകമാകും.

മൊനാക്എയര്‍ ഹെലികോപ്റ്റര്‍ കമ്പനിയുമായി സേവനത്തിനുള്ള കരാറില്‍ ഖത്വര്‍ എയര്‍വേയ്‌സ് ഒപ്പു വെച്ചു. ജൂലൈ നാലു മുതലാണ് സര്‍വീസ് ആരംഭിക്കുക. നീസിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന ഖത്വര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ മോന്റെ കാര്‍ലോയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൂടി വിമാന യാത്രാ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. നീസ് ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ആറു മിനുട്ട് യാത്രാ ദൈര്‍ഘ്യമുള്ള സ്ഥലമാണ് മൊനാകോ. യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഹെലികോപ്റ്റര്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.