പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റി അടക്കം എട്ട് പേര്‍ അറസ്റ്റില്‍

Posted on: June 1, 2017 12:21 pm | Last updated: June 1, 2017 at 4:44 pm

കണ്ണൂര്‍: കശാപ്പ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ പരസ്യമായി മാടിനെ അറത്ത സംഭവത്തില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയെ പോലീസ് അറസ്റ്റ് ചെയ്തു. റിജില്‍ മാക്കുറ്റിയടക്കം എട്ട് പേരെയാണ് കണ്ണൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. യുവമോര്‍ച്ച നല്‍കിയ പരാതിയിലാണ് നടപടി.

വളര്‍ത്തുമൃഗങ്ങളോടുള്ള ക്രൂരത തടയല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റായിരുന്ന റിജില്‍ മാക്കുറ്റിയടക്കമുള്ള യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ സംഭവത്തെ അപലപിച്ചിരുന്നു. നടന്നത് കിരാതവും അംഗീകരിക്കാന്‍ കഴിയാത്ത നടപടിയുമാണെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു.

ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്തയാക്കിയതോടെ പരസ്യകശാപ്പ് വന്‍ വിവാദമാണ് സൃഷ്ടിച്ചത്. കണ്ണൂര്‍ നഗരത്തില്‍ റോഡില്‍ നിര്‍ത്തിയിട്ട മിനി ലോറിയില്‍ കയറ്റി നിര്‍ത്തിയാണ് മാടിനെ കശാപ്പ് ചെയ്തത്.