Connect with us

Editorial

ദളിതരെ നിങ്ങള്‍ക്ക് മണക്കും അല്ലേ?

Published

|

Last Updated

അയിത്താചരണത്തിന്റെ ഔദ്യോഗിക പ്രയോഗമാണ് ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ ദിവസം കണ്ടത്. അവിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ദളിത് വിഭാഗക്കാര്‍ തിങ്ങിത്താമസിക്കുന്ന കുശി നഗറിലെ ഗ്രാമത്തില്‍ ചെല്ലണം. കുത്തിവെപ്പ് പരിപാടിയുടെ ഉദ്ഘാടനമാണ് നടക്കേണ്ടത്. മുശഹര്‍ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കിക്കൊണ്ടാണ് ഉദ്ഘാടനം. സ്വാഭാവികമായും ദളിതുകളാകും സദസ്യര്‍. പരിപാടിയുടെ തലേ ദിവസം ജില്ലാഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ ചെന്ന് ഈ പാവപ്പെട്ട മനുഷ്യര്‍ക്ക് സോപ്പും ഷാംപൂവും സോപ്പുപൊടിയും അടങ്ങിയ കിറ്റ് നല്‍കുന്നു. നന്നായി കുളിച്ച് സുഗന്ധം പൂശി വൃത്തിയായി മാത്രമേ മുഖ്യമന്ത്രിക്ക് മുമ്പിലേക്ക് വരാവൂ എന്ന് നിഷ്‌കര്‍ഷിക്കുന്നു. എന്താണ് ഇതിന്റെ അര്‍ഥം? ഇവരുടെ ഗന്ധം പോലും തനിക്ക് അസഹ്യമാണെന്നും അത്രമേല്‍ അശുദ്ധരാണ് ഇക്കൂട്ടരെന്നും ഠാക്കൂര്‍ വിഭാഗക്കാരനായ യോഗി ആദിത്യനാഥ് പറയാതെ പറയുകയാണെന്നേ ഇതിനെ വ്യാഖ്യാനിക്കാനാകൂ. “തൊട്ടു കൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍…” എന്ന കുമാരാനാശാന്റെ വരികളെയാണ് ഈ പ്രവൃത്തി അനുസ്മരിപ്പിക്കുന്നത്.

കര്‍ണാടകയിലെ ബി ജെ പിയുടെ സമുന്നത നേതാവും മുന്‍ മുഖ്യമന്ത്രിയും തികഞ്ഞ ആര്‍ എസ് എസ്സുകാരനുമായ യെദിയൂരപ്പ ചെയ്തത് ഇതിന്റെ മറ്റൊരു വകഭേദമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമെന്ന നിലയില്‍ ജനസമ്പര്‍ക്കത്തിന് ഇറങ്ങിയതായിരുന്നു അദ്ദേഹം. ദളിത് വോട്ടുകള്‍ ആകര്‍ഷിക്കാനായി ഈ വിഭാഗത്തിലെ ഒരു വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുകയെന്ന നാടകമൊരുക്കി. പക്ഷേ, തന്റെ വീട്ടിലെ ഭക്ഷണം കഴിക്കാന്‍ യെദിയൂരപ്പ വിസമ്മതിച്ചുവെന്നും ഹോട്ടലില്‍ നിന്ന് വരുത്തിയ ഭക്ഷണം കഴിച്ച് ഫോട്ടോക്ക് പോസ് ചെയ്യുകയാണ് നേതാവ് ചെയ്തതെന്നും ബി ജെ പി അനുഭാവി കൂടിയായ രുദ്രാമണി പുറത്ത് പറഞ്ഞതോടെ നാടകം അപ്പടി പൊളിഞ്ഞു. യെദിയൂരപ്പ പുറത്ത് നിന്ന് ഭക്ഷണം വങ്ങാന്‍ നിര്‍ദേശിച്ചുവെന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നേതാവ് സമ്മതിക്കുകയും ചെയ്തു.
ആര്‍ എസ് എസ് നേതാക്കള്‍ക്ക് ദളിതരോടുള്ള സമീപനം വ്യക്തമാക്കുന്നതാണ് ഈ രണ്ട് സംഭവങ്ങളും. ദളിതനെ കൊന്നാല്‍ സവര്‍ണന് തലമുണ്ഡനം മാത്രം ശിക്ഷ വിധിക്കുന്ന മനുസ്മൃതിയാണല്ലോ ഇവരുടെ അടിസ്ഥാന നിയമസംഹിത. നമ്മുടെ മനുവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ ഹിറ്റ്‌ലര്‍ പാവമാണെന്ന് സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞിട്ടുണ്ട്. ദളിതന് സവര്‍ണന്റെ രോമത്തിന്റെ വിലയേയുള്ളൂ എന്നാണല്ലോ ഈ ശിക്ഷാമുറയുടെ പ്രഖ്യാപനം. അവന്‍ കാലാകാലവും മലം പേറിയും സവര്‍ണര്‍ക്ക് പാദസേവ ചെയ്തും കഴിഞ്ഞു കൂടിക്കൊള്ളണം. മിണ്ടാതെ പ്രതിഷേധിക്കാതെ ഈ അപമാനം സഹിച്ച് ജീവിതം മുഴുവന്‍ വെയിലേറ്റ് കറുത്ത് ഉണങ്ങിക്കരിയുമ്പോഴാണ് ദളിതന് മോക്ഷം കൈവരിക. ജനനം കൊണ്ട് ശ്രേണി നിശ്ചയിക്കുന്ന ചാതുര്‍വര്‍ണ്യം മഹത്തായ തൊഴില്‍ വിഭജനമാണെന്ന് വാദിക്കുന്നവരാണ് ആര്‍ എസ് എസുകാര്‍. ദളിതന്റെ വോട്ടിനായി കുടിലുകള്‍ കയറി ഇറങ്ങാന്‍ സാധിക്കാത്തത് കൊണ്ടാണല്ലോ അന്യമത ദ്വേഷത്തിന്റെ കനലുകള്‍ ഊതിക്കത്തിച്ച്, കലാപം വിതച്ച് വിശാലഹിന്ദു വികാരം ഇളക്കി വിടുന്നത്.

ഈ മനുഷ്യര്‍ എങ്ങനെയാണ് കുളിക്കാത്തവരും വൃത്തിഹീനരും സുഗന്ധം പൂശിക്കേണ്ടവരുമായതെന്ന് ചിന്തിക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകുന്നുണ്ടോ? മനുഷ്യനെ ബാധിക്കുന്ന അത്തരം ചോദ്യങ്ങളെയെല്ലാം നിഷ്‌കാസനം ചെയ്യാന്‍ വേണ്ടി ചില തീവ്രഹിന്ദുത്വ അജന്‍ഡകള്‍ തിരഞ്ഞെടുപ്പ് കാലത്ത് പടച്ച് വിടുകയല്ലേ ചെയ്യുന്നത്? ഇപ്പോള്‍ മാംസാഹാരത്തെ കുറിച്ച് നടക്കുന്ന കോലാഹലങ്ങള്‍ പോലും ഈ മനുഷ്യരെയല്ലേ ആത്യന്തികമായി ലക്ഷ്യം വെക്കുന്നത്? ഞങ്ങള്‍ ഹിന്ദുക്കളല്ല, പശുദേശീയതയുടെ ഭാഗവുമല്ല എന്ന കാഞ്ച എലയ്യയുടെ പ്രഖ്യാപനം ഈ സാഹചര്യത്തെ അനാവരണം ചെയ്യുന്നു. കഠിനമായി ജോലി ചെയ്യുന്ന ഈ മനുഷ്യര്‍ക്ക് കുറഞ്ഞ ചെലവില്‍ ഊര്‍ജദായിനിയായ ഭക്ഷണം കിട്ടാനുള്ള ഉപാധിയിലാണ് ഇവര്‍ കടന്ന് കയറുന്നത്. എക്കാലത്തും ദളിതന്റെ ഉണര്‍വുകളെ തല്ലിക്കെടുത്താനാണ് ഹിന്ദുത്വ സംഘടനാ സംവിധാനം ശ്രമിച്ചിട്ടുള്ളത്. ബ്രഹ്മസമാജം, പ്രാര്‍ഥനാ സമാജം, ആര്യസമാജം, ഹിന്ദു മഹാസഭ തുടങ്ങിയ സംഘടനകളുടെയും ഇപ്പോഴത്തെ സംഘ്പരിവാര്‍ സംഘടനകളുടെയും ഘടനയും പരിപാടികളും പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ആ വിചാരധാരയുടെ ആവിഷ്‌കാരങ്ങളാണ് അയിത്തത്തിന്റെ പുതു രൂപങ്ങളായി ആദിത്യനാഥിന്റെയും യെദിയൂരപ്പയുടെയുമൊക്കെ ചെയ്തികളിലൂടെ പുറത്ത് വരുന്നത്.

രാജ്യം ഡിജിറ്റല്‍വത്കരണത്തിന്റെയും ആധുനികവത്കരണത്തിന്റെയും പുരോഗതിയുടെയും പാതയിലാണെന്ന് ഭരണകര്‍ത്താക്കള്‍ നിരന്തരം അവകാശപ്പെടുമ്പോഴും അടിസ്ഥാനപരമായി ഈ രാജ്യത്തെ സാമൂഹിക സംവിധാനം പരിഷ്‌കരിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നതു കൂടിയാണ് ഈ സംഭവങ്ങള്‍. രാഷ്ട്രീയ സ്വാതന്ത്ര്യം നേടാനായി പോരാടിയപ്പോള്‍ മുന്നോട്ട് വെച്ചത് സാമൂഹിക സ്വാതന്ത്ര്യത്തിന്റെയും വിവേചനത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെയും ലക്ഷ്യങ്ങളായിരുന്നു. അംബേദ്കറുടെ മുന്‍കൈയില്‍ രൂപപ്പെട്ട ഭരണഘടന വിവേചനത്തിന്റെ സാധ്യതകളെ കൃത്യമായി തടയാന്‍ ശ്രമിക്കുന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 17 അടക്കമുള്ള വ്യവസ്ഥകള്‍ അയിത്താചരണം നിരോധിക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി അസംഖ്യം നിയമങ്ങളുമുണ്ട്. എന്നിട്ടും ജാതി, മത വിവേചനത്തിന്റെ കിരാത കാലത്തില്‍ നിന്ന് വളരെയൊന്നും മുന്നോട്ട് സഞ്ചരിക്കാന്‍ സാധിച്ചില്ലെന്നത് സങ്കടകരമായ വസ്തുതയാണ്.

Latest