കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു

Posted on: June 1, 2017 9:07 am | Last updated: June 1, 2017 at 12:02 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. വടക്കന്‍ കശ്മീരിലെ ബാരമുള്ള ജില്ലയിലെ സോപ്പൂര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

നാതിപോറ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസും സൈന്യവും സംയുക്തമായി തിരച്ചില്‍ നടത്തവേ ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ വെടിവെപ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ 3.30 ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

എകെ 47 റൈഫിള്‍ അടക്കം നിരവധി ആയുധങ്ങള്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഹിസ്ബുള്‍ കമാന്‍ഡറായ സബ്‌സര്‍ ഭട്ടിനെ വധിച്ചതിന് ശേഷം സുരക്ഷാ സേനക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. സബ്‌സര്‍ ഭട്ടിന്റെ വധത്തിന് ശേഷം കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച എട്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ബുധനാഴ്ച വൈകീട്ടുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു.