മുഖ്യമന്ത്രിയായശേഷം ആദ്യമായാണ് ആദിത്യനാഥ് അയോധ്യയിലെത്തുന്നു

Posted on: May 31, 2017 11:18 am | Last updated: May 31, 2017 at 12:37 pm

ബാബരി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ കോടതി ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ഉത്തരപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ അയോധ്യ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയായശേഷം ആദ്യമായാണ് ആദിത്യനാഥ് അയോധ്യയിലെത്തുന്നത്.

ബാബരി മസ്ജിദ് കേസില്‍ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ക്കെതിരെ പ്രത്യേക സി.ബി.ഐ കോടതി കഴിഞ്ഞ ദിവസം ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരാകാന്‍ ലഖ്‌നോവിലെത്തിയ ബി.ജെ.പി നേതാക്കളെ ബൊക്കെയുമായാണ് ആദിത്യനാഥ് സ്വീകരിച്ചത്. ബാബരി മസ്ജിദ് കേസില്‍ നേരിട്ട തിരിച്ചടിയെ വളരെ അവധാനതയോടെ കൈകാര്യം ചെയ്യാനാണ് ബി.ജെ.പി നേതൃത്വം തീരുമാനമെടുത്തിരിക്കുന്നത്. തങ്ങളുടെ നേതാക്കള്‍ തെറ്റു ചെയ്യാത്തവരാണെന്നും അവര്‍ കളങ്കരഹിതരായി തന്നെ തിരിച്ചുവരുമെന്നാണ് ബി.ജെ.പി നേതൃത്വം അണികളോട് ആവര്‍ത്തിച്ചു പറയുന്നത്.ഇതിനിടെയാണ് യോഗി ആദിത്യനാഥിന്റെ അയോധ്യ സന്ദര്‍ശനം. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ട് ബി.ജെ.പി തങ്ങളുടെ പഴയ ആയുധമായ ബാബരി മസ്ജിദ്അയോധ്യ പ്രശ്‌നം വീണ്ടും പൊട്ടിത്തട്ടിയെടുക്കുകയാണോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ തവണ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ 80ല്‍ 71 പാര്‍ലമെന്റ് സീറ്റുകളും ബി.ജെ.പി കരസ്ഥമാക്കിയിരുന്നു. രണ്ടാം തവണയും പ്രധാനമന്ത്രി പദം നോട്ടമിടുന്ന മോദിക്ക് ഉത്തര്‍പ്രദേശ് നിര്‍ണായകം തന്നെയാണ.

അതിനിടെ, ബാബരി മസ്ജിദ് കേസില്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട കേന്ദ്രമന്ത്രി ഉമാഭാരതി രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഈ ആവശ്യം ഉന്നയിച്ചത്. രാജ്യത്തെ നിയമവും ഭരണഘടനയും സംരക്ഷിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.