ബാബരി മസ്ജിദ് കേസ്: ബിജെപി നേതാക്കള്‍ക്ക് ജാമ്യം

Posted on: May 30, 2017 2:26 pm | Last updated: May 30, 2017 at 3:26 pm

ലക്‌നോ: ബാബരി മസ്ജിദ് ഗൂഢാലോചന കേസിലെ എല്ലാ പ്രതികള്‍ക്കും സിബിഐ കോടതി ജാമ്യം അനുവദിച്ചു. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ.അദ്വാനി, മുരളീ മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവരടക്കം 13 പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. ലക്‌നോവിലെ വിചാരണ കോടതി യാണ് ജാമ്യം അനുവദിച്ചത്. കോടതി ഉത്തരവ് പ്രകാരം പ്രതികളെല്ലാം ഇന്ന് നേരിട്ട് ഹാജരായിരുന്നു.

കേസിലെ ഗൂഢാലോചന പരിശോധിക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ലക്‌നോ വിചാരണ കോടതി കേസ് പരിഗണിക്കുന്നത്. എല്‍.കെ അദ്വാനി അടക്കമുള്ള പ്രതികളെ ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് കേസ് വിചാരണ നടത്തി രണ്ടു വര്‍ഷത്തിനുള്ളില്‍ വിധി പറയണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ് വിചാരണ നേരിടില്ല. ഭരണഘടനാ പരിരക്ഷയുളളതിനാലാണിത്. അദ്ദേഹം ഗവര്‍ണര്‍ പദവി വിട്ടതിനു ശേഷമായിരിക്കും വിചാരണ നേരിടുക.