മാഡ്രിഡ്: അലാവ്‌സിനെ കീഴടക്കി ബാഴ്‌സലോണ സ്പാനിഷ് കോപ ഡെല്‍ റേ ചാമ്പ്യന്‍മാരായപ്പോഴും ഡിഫന്‍ഡര്‍ ജെറാര്‍ഡ് പീക്വെ പതിവ് തെറ്റിച്ചില്ല. ഫൈനല്‍ മത്സരത്തില്‍ ഉപയോഗിച്ച ഗോള്‍ പോസ്റ്റിലെ വല കത്തികൊണ്ട് അറുത്തെടുത്തു. കഴുത്തിലിട്ട് വിജയാഹ്ലാദം പ്രകടിപ്പിച്ച ശേഷം, അത് തന്റെ ശേഖരത്തിലേക്കായി മാറ്റി വെച്ചു.
ബാഴ്‌സലോണക്കൊപ്പം അഞ്ചാം കോപ ഡെല്‍ റേ കിരീടം സ്വന്തമാക്കിയ പീക്വെ ഏതൊരു ഫൈനല്‍ വിജയത്തിന് ശേഷവും വല അറുത്തെടുക്കും. ചില താരങ്ങള്‍ ഫൈനലില്‍ ഉപയോഗിച്ച പന്ത് ശേഖരിക്കുന്നത് പോലെ പീക്വെക്ക് ഹരം വലയുടെ ഒരു ചെറിയഭാഗം ശേഖരിക്കലാണ്. സ്‌പെയിന്‍ ലോകകപ്പും യൂറോകപ്പും നേടിയപ്പോഴും ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പുമെല്ലാം നേടിയപ്പോഴും പീക്വെയുടെ വീട്ടില്‍ ആ വലകളുമെത്തി.