തരൂരിന്റെ മാനനഷ്ടക്കേസ്: അര്‍ണബ് ഗോസ്വാമിക്ക് ഹൈക്കോടതി നോട്ടീസ്

Posted on: May 30, 2017 10:15 am | Last updated: May 30, 2017 at 1:16 pm

ന്യൂഡല്‍ഹി: ശശി തരൂര്‍ എം പി നല്‍കിയ മാനനഷ്ടക്കേസില്‍ റിപ്പബ്ലിക് ചാനല്‍ എം ഡിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ‘വാചാടോപം കുറക്കുക. നിങ്ങള്‍ക്ക് നിങ്ങളുടെ വാര്‍ത്തകള്‍ നല്‍കാം. വസ്തുതകള്‍ നിരത്താം. എന്തുംവിളിച്ചു പറയരുത്, അത് ശരിയല്ല’ നോട്ടീസ് അയക്കാനുള്ള ഉത്തരവിട്ടുകൊണ്ട് ഹരജി പരിഗണിച്ച ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞു.

ആഗസ്റ്റ് 16 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നോട്ടീസിന് മറുപടി നല്‍കാനും ജസ്റ്റിസ് മന്‍മോഹന്‍ ആവശ്യപ്പെട്ടു.
മാനനഷ്ടത്തിന് രണ്ട് കോടി രൂപ ആവശ്യപ്പെട്ടാണ് ശശി തരൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. അര്‍ണബ് ഗോസ്വാമിയുടെ ചാനലില്‍ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം തന്നെക്കുറിച്ച് നടത്തിയെന്നാണ് ശശി തരൂര്‍ ഹരജിയില്‍ ഉന്നയിച്ചത്. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദാണ് തരൂരിന് വേണ്ടി ഹാജരായത്.
ഈ മാസം 26 നാണ് തരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് റിപ്പബ്ലിക് ചാനലിനെ തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.