മതസൗഹാര്‍ദത്തില്‍ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി

Posted on: May 29, 2017 9:00 am | Last updated: May 29, 2017 at 2:47 pm

ന്യൂഡല്‍ഹി: എല്ലാ മതവിശ്വാസികള്‍ക്കും ഇന്ത്യയില്‍ സൗഹാര്‍ദത്തോടെ ജീവിക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസാന്ത റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍കി ബാതിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
റമസാന്‍ വ്രതമനുഷ്ഠിക്കുന്ന ലോകമെങ്ങുമുള്ള വിശ്വാസികള്‍ക്ക് ആശംസയര്‍പ്പിക്കുകയും ചെയ്തു. വ്രതം അനുഷ്ഠിക്കുന്ന വിശ്വാസികള്‍ക്ക് ആദരം അര്‍പ്പിക്കുന്നു. എല്ലാ മുസ്‌ലിംകള്‍ക്കും ആശംസകള്‍ അറിയിക്കുന്നു. സമാധാനത്തിനായി എല്ലാവരും ഒറ്റ മനസ്സായി നിലകൊള്ളണം. റമസാന്‍ മാസത്തില്‍ പ്രാര്‍ഥനക്കും ആത്മീയതക്കും ദാനധര്‍മങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ മതേതരത്വത്തിന്റെയും മതവൈവിധ്യത്തിന്റെയും പേരില്‍ അഭിമാനിക്കുന്നവരാണ് നമ്മള്‍. വൈവിധ്യമാണ് നമ്മുടെ കരുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംഘ്പരിവാര്‍ നേതാവ് സവര്‍ക്കറിന്റെ ജന്മദിനത്തെ പരാമര്‍ശിച്ച മോദി, സ്വാതന്ത്ര്യ സമരത്തില്‍ അദ്ദേഹം വഹിച്ച പങ്ക് സ്മരണീയമാണെന്നും അഭിപ്രായപ്പെട്ടു. ആന്‍ഡമാനിലെ കാലാപാനി ജയിലില്‍ അദ്ദേഹം തടവുപുള്ളിയായിരുന്നുവെന്നും അക്കാലത്ത് ധാരാളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനമാണ്. ഭാവി തലമുറക്കായി നാം പ്രകൃതിയോട് കരുതല്‍ കാണിക്കണം. ഈ മണ്‍സൂണില്‍ രാജ്യമാകെ വൃക്ഷത്തൈകള്‍ നടണം. ജൂണ്‍ 21ന് മൂന്നാമത് രാജ്യാന്തര യോഗാ ദിനം ആഘോഷിക്കുകയാണ്. അന്ന് യോഗ പരിശീലിക്കണം. കേന്ദ്ര സര്‍ക്കാര്‍ മൂന്ന് വര്‍ഷം തികക്കുകയാണ്. സര്‍ക്കാറിനെ ജനം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു. ക്രിയാത്മക വിമര്‍ശനമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്നും മോദി പറഞ്ഞു