Connect with us

Gulf

മോദിജീ, ബീഫില്ലാതെ ഞങ്ങളെ ഗള്‍ഫീ കേറ്റൂല

Published

|

Last Updated

ബീഫ് എന്ന ഒരു ഭക്ഷണവിഭവം പൊറോട്ടയോ നെയ്‌ച്ചോറോ പോലുള്ള സപ്പോര്‍ട്ടിംഗ് ഘടകങ്ങളൊന്നും ഇല്ലാതെ സ്വാധീനം ചെലുത്തിയത് പ്രവാസി മലയാളികളിലാണ്. നാട്ടീന്നു വരുന്നവര്‍ക്ക് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടണമെങ്കില്‍ ലഗേജില്‍ ബീഫുണ്ടായിരിക്കണം എന്ന പോല്‍ കീഴ്‌വഴക്കമായി മാറിയ ഒരു സ്‌നേഹപ്പൊതിയാണ് പ്രവാസികള്‍ക്ക് ബീഫ്. നാട്ടില്‍നിന്ന് ആളു വരുന്നുവെന്നറിഞ്ഞാല്‍ കൂടെത്താമസിക്കുന്നവരും കൂട്ടുകാരും കാത്തിരിക്കുന്നത് ബീഫിനാണ്. നാടിന്റെ ചൂരും സ്വാദും ആവാഹിച്ച് പൊതിഞ്ഞു കൊണ്ടുവരുന്ന വാല്‍സല്യമാണത്. ബീഫില്ലാതെ നാട്ടീന്നു വരുന്നവര്‍ സഹിക്കേണ്ടി വരുന്ന ദുരിതവും കേള്‍ക്കേണ്ട പഴിയും ഒരിക്കലെങ്കിലും അനുഭവിച്ചവര്‍ക്കറിയാം. പിന്നീടൊരിക്കലും അവരാരും ബീഫില്ലാതെ വിമാനം കയറിയിട്ടുമുണ്ടാകില്ല. പ്രവാസികളുടെ ആത്മാവിനാല്‍ അത്രയ്ക്ക് ബന്ധിക്കപ്പെട്ട ബീഫില്‍ പിടിച്ച് നരേന്ദ്രമോദി ആര്‍ എസ് എസ് കളിക്കുന്നത് പ്രവാസികളെ കൊഞ്ഞനം കുത്തലാണ്.

സംഗതി തമാശയല്ല, പ്രവാസികള്‍ക്കിടയില്‍ നാട്ടില്‍നിന്നെത്തുന്ന ഭക്ഷ്യവിഭങ്ങള്‍ക്ക് നാടുക്കള്‍ക്കനുസരിച്ച് മാറ്റങ്ങളുണ്ട്. കണ്ണൂരുകാര്‍ കല്ലുമ്മക്കായും നാദാപുരത്തുകാര്‍ കോഴിയടയും കോഴിക്കോട്ടുകാര്‍ ഹലുവയും മലപ്പുറത്തു നിന്ന് പത്തിരിയുമെല്ലാം കയറി വരുമ്പോള്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സര്‍വകേരള പ്രവാസി സമൂഹം ഐകകണ്‌ഠ്യേന അംഗീകരിച്ചു കൈവശം വെച്ചു പോരുന്നത് ബീഫാണ്. ബീഫിന് ഇങ്ങനെയൊരു പൊതുസ്വീകാര്യത കിട്ടിയതിന്റെ കാരണമോ കഥയോ വ്യക്തമല്ല. എന്നാല്‍ അതൊരു യാഥാര്‍ഥ്യമാണ്. കോഴിക്കോട്ടെയും കൊച്ചിയിലേയും എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗത്തിന്റെ ലഗേജ് സ്‌കാനര്‍ ആര്‍ക്കൈവ്‌സില്‍ പരതിയാല്‍ തെളിവ് കിട്ടും. ഗള്‍ഫിലേക്കു വിമാനം കയറുന്ന പ്രവാസി മലയാളികളില്‍ ബഹുഭൂരിഭാഗത്തിന്റെയും ലഗേജുകളില്‍ ഒന്നോ രണ്ടോ ബീഫ് പൊതി കാണും. മലയാളികളുടെ ഗൃഹാതുരതയുടെ തീറ്റപ്രിയം ബീഫിലാണ് അടയാളപ്പെടുത്തി വെച്ചതെന്നു ചുരുക്കം. ഈ ബീഫിനെയാണ് മോദി ബന്ദിയാക്കുന്നത്. നാട്ടീന്നു വരുന്നവരുടെ ലഗേജുകള്‍ ബീഫ് ഫ്രീയായി മാറുന്നതോടെ മലയാളികളുടെ മൈഗ്രേഷന്‍ ഹിസ്റ്ററിയില്‍ തന്നെ മാറ്റം വരികയാണ്. പരിണിതി കാത്തിരുന്ന് കാണുക തന്നെ വേണം.

ഇനി ബീഫ് കളി തിരിച്ചു കളിക്കാന്‍ പ്രവാസികള്‍ നിര്‍ബന്ധിതരാകും. പാല്‍പ്പൊടിയും ടാങ്ക് പൊടിയും ടൈഗര്‍ബാമുമൊക്കെ ലഗേജില്‍നിറച്ച് നാട്ടിലേക്കു വന്നിരുന്ന പ്രവാസികള്‍ക്ക് ഇനി ബീഫ് കൊണ്ടു വരേണ്ടി വരും. ഇന്ത്യക്കു പുറമേ പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള നല്ല ബീഫുകള്‍ ഇവിടെ കിട്ടും. വേവിച്ചും അല്ലാതെയും നാട്ടില്‍ വരുന്ന പ്രവാസികള്‍ യഥേഷ്ടം ചുമക്കും. അയല്‍പക്കക്കാര്‍ക്കും കുടുംബക്കാര്‍ക്കുമൊക്കെ വാരിക്കൊടുക്കും. ബീഫ് വഹിച്ചുകൊണ്ടുള്ള യാത്ര പ്രവാസിക്ക് പുത്തരിയേ അല്ല. ഇങ്ങോട്ട് കൊണ്ടു വന്നത് ഇനി അങ്ങോട്ടാകണമെന്നു മാത്രം. എന്നാലും ബീഫ് വിടാന്‍ പറ്റൂല. ബീഫില്ലാതെ ഗള്‍ഫില്‍ കേറ്റാത്ത സ്ഥിതി പോലെ ഇനി നാട്ടീ കേറ്റൂലെന്ന സ്ഥിതി വരരുതല്ലോ.

Latest