Connect with us

Ramzan

അമാനുഷികം വിശുദ്ധ ഖുര്‍ആന്‍

Published

|

Last Updated

അലിഫ് ലാമ്മീം, ആ ഗ്രന്ഥം, അതില്‍ സംശയത്തിന് അവകാശം ഒട്ടുമില്ല. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് മാര്‍ഗദര്‍ശനമത്രെ അത്.

അമ്പിയാക്കളില്‍ അവസാനത്തെ കണ്ണിയായ നബി (സ)ക്ക് അല്ലാഹു അവതരിപ്പിച്ച അവസാനത്തെ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ഗ്രന്ഥരൂപത്തില്‍ നിലനില്‍ക്കുന്ന തൗഹീദിന്റെ ഗ്രന്ഥം ഇത് മാത്രമാണ്. പ്രവാചകന്മാര്‍ക്ക് അവതരിച്ചുകിട്ടിയ മുന്‍ വേദഗ്രന്ഥങ്ങള്‍ ഗ്രന്ഥരൂപത്തില്‍ നിലനില്‍ക്കാത്തവയോ തൗഹീദിന്റെ ആശയത്തിന് ഭ്രംശം സംഭവിച്ചതോ ആണ്. ലോകത്ത് ഇന്നുവരെ സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ സര്‍വ വിഷയങ്ങളും ഖുര്‍ആനില്‍ സംക്ഷിപ്തമാണ്. “എന്റെ ഒട്ടകത്തിന്റെ കയര്‍ നഷ്ടപ്പെട്ടാല്‍ ഞാനത് ഖുര്‍ആനില്‍ കണ്ടെത്തു”മെന്ന്” ഇബ്‌നു അബ്ബാസ് (റ) പറഞ്ഞത് പ്രസ്തുത ആശയത്തിന് ശക്തി പകരുന്നു. “എഴുപത് ഒട്ടകങ്ങള്‍ക്ക് ചുമക്കാകുന്നത്രയും വ്യാഖ്യാനം സൂറത്തുല്‍ ഫാത്വിഹക്ക് നല്‍കാന്‍ സാധിക്കുമെന്ന് അലി (റ) പറഞ്ഞത് ഖുര്‍ആനിലുള്ള ഓരോ അക്ഷരങ്ങളുടെയും പദങ്ങളുടെയും സമുദ്ര സമാനമായ ആശയങ്ങളെ സൂചിപ്പിക്കുന്നതോടൊപ്പം ഖുര്‍ആനിനെ ഇതര ഗ്രന്ഥങ്ങളില്‍ നിന്നും വ്യതിരിക്തമാക്കുകയും ചെയ്യുന്നു.

അറബി സാഹിത്യത്തില്‍ ഉന്നത സ്ഥാനം കൈവരിച്ച ഒരു സമൂഹത്തിലേക്കാണ് ഖുര്‍ആന്‍ അവതീര്‍ണ്ണമായത്. കവികളും പ്രസംഗകരും ചിന്തകന്മാരും നിറഞ്ഞുനില്‍ക്കുന്ന കാലത്താണ് ഖുര്‍ആനിന് തുല്യമായത് കൊണ്ടുവരാന്‍ അല്ലാഹു വെല്ലുവിളി ഉയര്‍ത്തിയത്. നബി (സ) യുടെ കാലത്ത്, സമാനമായ ഒന്ന് കൊണ്ടുവരാന്‍ ശ്രമിച്ചുനോക്കുന്നതിന് ഖുര്‍ആന്‍ വിരുദ്ധര്‍ക്ക് നീണ്ട ഇരുപത് വര്‍ഷത്തിലധികം അവസരം ലഭിച്ചിട്ടും അന്നത്തെ സാഹിത്യ സമ്രാട്ടുകള്‍ക്ക് അത് സാധിച്ചിട്ടില്ല. തുടര്‍ന്ന് ഖുര്‍ആനിന്റെതിന് സമാനമായ പത്ത് സൂറത്ത് കൊണ്ടുവരാനും അതിനും സാധിക്കാതെ വന്നപ്പോള്‍ ഒരു സൂറത്തെങ്കിലും കൊണ്ടുവരാനും ഖുര്‍ആന്‍ വെല്ലുവിളി നടത്തിയെങ്കിലും അറബി സാഹിത്യത്തില്‍ ഔന്നിത്യം പ്രാപിച്ച സാഹിത്യ വിചക്ഷണര്‍ ആ വെല്ലുവിളിക്കു മുന്നില്‍ പകച്ചുനില്‍ക്കുകയും ഖുര്‍ആനിന്റെ സാഹിത്യ സമ്പുഷ്ടിയും ഘടനാ സൗന്ദര്യവും അമാനുഷികതയും മുട്ടുമടക്കി സമ്മതിക്കുകയുമാണുണ്ടായത്. ഈ വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നു എന്നത് ശ്രദ്ധേയമാണ്. അല്ലാഹു പറയുന്നു: “മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്ന് പരസ്പരം സഹായിച്ചാലും ഖുര്‍ആനിന് തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ അവര്‍ക്ക് സാധിക്കില്ല. (ഇസ്‌റാഅ്) തിരുനബി (സ) യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട മറ്റു സംഭവങ്ങള്‍ അതാത് കാലത്തോടെ മുറിഞ്ഞുപോയതിനാല്‍ പിന്നീട് വരുന്ന ജനങ്ങള്‍ക്ക് അതനുഭവിക്കാന്‍ കഴിയുന്നില്ല. അതിന്റെ ചരിത്ര വിവരണം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ അന്ത്യനാള്‍ വരെയുള്ള ജനതക്ക് അയക്കപ്പെട്ട തിരുനബി (സ) യുടെ പ്രബോധിത സമൂഹത്തില്‍ അവസാനത്തെ ആള്‍ക്കുപോലും കാണാനും അനുഭവിക്കാനും കഴിയുന്ന ഒരു മുഅ്ജിസത്ത് ആവശ്യമാണല്ലോ. ഇങ്ങനെ നിലനില്‍ക്കുന്ന അമാനുഷിക ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അറബിയിലുള്ള വിശുദ്ധ ഖുര്‍ആനിലെ ചില അക്ഷരങ്ങളുടെയും പദങ്ങളുടെയും പൊരുള്‍ എന്താണെന്ന് അന്നത്തെ അറബി ജനതക്കുതന്നെ മനസ്സിലാക്കാന്‍ സാധിക്കാത്തതും ഖുര്‍ആനിന്റെ അമാനുഷികത വിളിച്ചോതുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ഏറ്റവും വലിയ പ്രത്യേകതയും സവിശേഷതയും അതിന്റെ സാഹിത്യ ഭംഗിയും ശൈലിയും തന്നെയാണ്. ഒരിടത്തും അനുയോജ്യമല്ലാത്ത പദങ്ങളോ പ്രയോഗങ്ങളോ കാണാന്‍ സാധിക്കാത്ത വിധം എല്ലാ ഗുണങ്ങളും സമ്മേളിച്ച ഏക ഗ്രന്ഥമാണത്.

വിവരണങ്ങളുടെ കൃത്യത ഖുര്‍ആനിന്റെ എടുത്തുപറയേണ്ട സവിശേഷതയാണ്. അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്ന ആത്യന്തിക സത്യം വളച്ചുകെട്ടില്ലാതെ ആര്‍ക്കും ഗ്രാഹ്യമാവുന്ന വിധം കൃത്യതയോടെ ഖുര്‍ആന്‍ അവതരിപ്പിച്ചു. വേദക്കാരെന്ന് പറയപ്പെടുന്ന മൂസാ നബിയുടെയും ഈസാ നബിയുടെയും പിന്തുടര്‍ച്ചക്കാര്‍ എന്നവകാശപ്പെടുന്ന ക്രിസ്ത്യാനികളുടെയും ജൂതന്‍മാരുടെയും ഇന്നത്തെ വേദങ്ങളില്‍ ഏക ദൈവ ദര്‍ശനമുണ്ടെന്ന് ഒഴിവുകഴിവായി സമ്മതിക്കുന്നുണ്ടെങ്കിലും ലോകത്തെ ഏറ്റവും ബൃഹത്തായ ഈ ആശയം അവര്‍ തുറന്നുപറയാന്‍ തയ്യാറല്ല.

പുത്രനും പെണ്‍മക്കളും സഹായികളും തത്തുല്യശക്തികളും ഒക്കെയുള്ള ദൈവങ്ങളെക്കുറിച്ചാണ് അവര്‍ക്ക് പറയാനുള്ളത്. സ്രഷ്ടാവായ അല്ലാഹുവിന്റെ സന്ദേശം ലോകത്ത് എത്തിച്ച പ്രവാചകന്മാരെക്കുറിച്ചും അവര്‍ തങ്ങളുടെ ജനതയില്‍ നടത്തിയ പ്രബോധനങ്ങളെക്കുറിച്ചും വ്യക്തവും കൃത്യവുമായ വിവരണങ്ങളുള്ളത് വിശുദ്ധ ഖുര്‍ആനില്‍ മാത്രമാണ്. ത്രിയേകത്വ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച ക്രിസ്തീയ പുരോഹിതന്മാരോട് നിങ്ങള്‍ മൂന്ന് (ദൈവം) എന്ന് പറയരുത്, നിശ്ചയമായും അല്ലാഹു ഏകനാണ് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ദൈവീക ഗുണങ്ങള്‍ സങ്കല്‍പ്പിച്ച് സൃഷ്ടിജാലങ്ങളെയും ബിംബങ്ങളെയും മണ്‍മറഞ്ഞുപോയ പൂര്‍വികരെയും ആരാധിക്കുന്ന ജനതയുടെ തെറ്റായ ആശയങ്ങളെ ഖുര്‍ആന്‍ നിരന്തരം ഖണ്ഡിക്കുന്നു. മഹാത്മാഗാന്ധിയും വിവേകാനന്ദനും ആനിബസന്റും മുതല്‍ ഈയടുത്ത് മരണപ്പെട്ട ഗുരുചൈതന്യയതി വരെ വിശുദ്ധ ഖുര്‍ആനിന്റെ ഉള്ളടക്കത്തെ പുകഴ്ത്തിപ്പറഞ്ഞവരാണ്. വേദം ശ്രവിക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കാന്‍ നിര്‍ദേശിക്കുന്ന സ്മൃതികളും ഇസ്‌റാഈല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് എന്നെ അയച്ചിരിക്കുന്നത് (മത്തായി 15/24) എന്നു പറയുന്ന ക്രിസ്തീയരുടെ വേദവും മനുഷ്യരെ ഇനംതിരിച്ച് വിവേചനം നടത്തുമ്പോള്‍ മുഴുവന്‍ ജനങ്ങളിലേക്കുമാണ് താങ്കളെ നാം അയച്ചിട്ടുള്ളത് (സബഅ് 28) എന്ന് പ്രഖ്യാപിക്കുന്ന വിശുദ്ധ ഖുര്‍ആനിന്റെ മാനവിക വീക്ഷണവും അതിന്റെ ശ്രേഷ്ഠതക്ക് മാറ്റുകൂട്ടുന്നു. ഗതകാല വിവരണങ്ങളിലുള്ള കൃത്യതയാണ് ഖുര്‍ആനിന്റെ മറ്റൊരു സവിശേഷത. പ്രപഞ്ച സൃഷ്ടിപ്പിന്റെ ആരംഭം, ആകാശ ഭൂമികളുടെ സൃഷ്ടിപ്പ്, സമുദ്രവും കരയും മലകളും വൃക്ഷങ്ങളും സൃഷ്ടിച്ചതിന്റെ പൊരുള്‍, ഭൂമിക്കടിയിലും സമുദ്ര അന്തര്‍ഭാഗത്തും സംവിധാനിക്കപ്പെട്ട രാസമൂലകങ്ങളുടെ വിവരണം തുടങ്ങി നിരവധി കാര്യങ്ങള്‍ കൃത്യതയോടെ ഖുര്‍ആന്‍ വിവരിക്കുന്നു. ആറ് ദിവസം കൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിച്ച് ദൈവം ഏഴാം ദിവസം വിശ്രമിക്കാന്‍ പോയി എന്ന് ബൈബിള്‍ പ്രഖ്യാപിക്കുമ്പോള്‍ ആറു ദിവസങ്ങളില്‍ ആകാശ ഭൂമികളെ സൃഷ്ടിച്ച് അല്ലാഹുവിന് അവയുടെ സൃഷ്ടികര്‍മം കൊണ്ട് യാതൊരു ക്ഷീണവും പിടികൂടിയിട്ടില്ല (സൂറ: അഹ്ഖാഫ് 33) എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. തിരുനബി (സ) അല്ലാഹുവിന്റെ സത്യപ്രവാചകനാണെന്നതിന് തെളിവായി ജനങ്ങള്‍ കാണ്‍കെ ചന്ദ്രന്‍ പിളര്‍ന്ന സംഭവം ഒരു മിത്തോ കെട്ടുകഥയോ അല്ലെന്നും യഥാര്‍ഥ വസ്തുതയാണെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അന്ത്യനാള്‍ അടുത്തെത്തിക്കഴിഞ്ഞു. ചന്ദ്രന്‍ പിളരുകയും ചെയ്തു (അല്‍ഖമര്‍ 1,2).

വരും കാലത്ത് നടക്കാനിരിക്കുന്ന പല വിഷയങ്ങളും ഖുര്‍ആന്‍ പ്രവചിച്ചിട്ടുണ്ട്. ഇവിടെയും ജ്യോതിഷികളുടെ പ്രവചനം പോലെ ഏതര്‍ഥത്തിലും വ്യാഖ്യാനിക്കാവുന്ന പൊതു പ്രസ്താവന നടത്തുകയല്ല ഖുര്‍ആന്‍ ചെയ്തത്. അമാനുഷികതയുടെ സവിശേഷമായ കൃത്യത ഈ പ്രവചനങ്ങളിലും കാണാം. “റോമക്കാര്‍ തോല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അടുത്ത നാട്ടില്‍വെച്ച് തങ്ങളുടെ പരാജയത്തിനുശേഷം അവര്‍ വിജയം നേടുന്നതാണ് ” (സൂറത്തു റൂം 1-3). ഈ ഒരു ഖുര്‍ആനിക പ്രവചനം അതേപടി പുലരുക വഴി യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ റോമയുടെ പരാജയത്തിനുശേഷം അവരുടെ വിജയം കൈവരിച്ച സംഭവം ലോകം നേരിട്ട് ദര്‍ശിക്കാനിടയായി.

സൃഷ്ടികളുടെ മുഴുവന്‍ ചിന്തയും ബുദ്ധിയും ഭാവനയും ഒത്തുചേര്‍ന്നാല്‍ പോലും മത്സരിക്കാനോ ഒപ്പം നില്‍ക്കാനോ കഴിയാത്ത വിധം വിശുദ്ധ ഖുര്‍ആന്‍ അനന്യമായി അമാനുഷികതയോടെ നിലനില്‍ക്കുന്നതിന്റെ പൊരുളിനെക്കുറിച്ച് ചര്‍ച്ച ചെയ്ത പല പണ്ഡിതന്മാരുമുണ്ട്. മധ്യകാലഘട്ടത്തിലെ കിടയറ്റ പണ്ഡിതനായ ഇമാം മാവര്‍ദി തന്റെ അഅ്‌ലാമുന്നുബ്ബുവ്വ എന്ന ഗ്രന്ഥത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതയുടെ ഇരുപത് ഭാവങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.

1. സാഹിത്യ സമ്പുഷ്ടിയും സാഹിത്യാധിഷ്ഠിത വിവരണവും
2. അമാനുഷികത
3. ഗദ്യമോ പദ്യമോ അല്ലാത്ത അമാനുഷിക ശൈലി
4. മനുഷ്യ കഴിവിന്നതീതമായ അര്‍ഥ ശകലങ്ങള്‍
5. മനുഷ്യന് അപ്രാപ്യമായ സമഗ്ര വിജ്ഞാനങ്ങളുടെ ശേഖരം
6. വാദങ്ങള്‍ സമര്‍ഥിക്കാനാവശ്യമായ തെളിവുകളും രേഖകളും
7. മുന്‍കാലക്കാരുടെ ചരിത്രങ്ങളും വിവരണങ്ങളും
8. അദൃശ്യകരങ്ങളുടെ മുന്‍കൂട്ടിയുള്ള പ്രവചനം. പിന്നീട് അതുപോലെ സംഭവിച്ചു
9. മനുഷ്യന് സാധ്യമല്ലാത്ത, ഹൃദയാന്തരങ്ങളിലുള്ള കാര്യങ്ങളുടെ വിവരണം
10. അപരിചിതത്വത്തിലേക്ക് എത്താവുന്നത്ര കടുപ്പമോ പരിചയത്തിലേക്ക് എത്താവുന്നത്ര സരളമോ അല്ല
11. മറ്റുള്ള ഗ്രന്ഥങ്ങള്‍ക്കില്ലാത്ത പാരായണ പ്രത്യേകത
12. മറ്റുള്ള കിതാബുകള്‍ക്കില്ലാത്ത അല്ലാഹുവില്‍നിന്നും ഇറക്കപ്പെട്ട പദങ്ങളും അര്‍ഥ ശകലങ്ങളും
13. ഒരേ ആയത്തില്‍ തന്നെ വ്യത്യസ്ത ആശയങ്ങളുടെ സമാഹാരം
14. ചെറിയ, വലിയ ആയത്തുകള്‍ അതിന്റെ ഘടനക്ക് കോട്ടം വരുത്തുന്നില്ല
15. അമാനുഷികമായത് കൊണ്ടുതന്നെ കൂടുതല്‍ പാരായണം ചെയ്യുന്നത് അതിന്റെ അമാനുഷികതയോ സാഹിത്യ ഭംഗിയോ കൂട്ടുകയോ കുറക്കുകയോ ഇല്ല.
16. എല്ലാവര്‍ക്കും സരളം
17. വചനങ്ങളില്‍ വെച്ച് ഏറ്റവും നല്ലത്
18. മാറ്റം വരുത്തല്‍ ആക്ഷേപാര്‍ഹം
19. ഖുര്‍ആനിന്റെ വെല്ലുവിളിയില്‍ സമൂഹം അശക്തരായി
20. ഖുര്‍ആനിനോട് ഏറ്റുമുട്ടുന്നതില്‍നിന്നും അവര്‍ പിന്മാറി
.

Latest