ആഴ്‌സണല്‍ ചാമ്പ്യന്‍മാര്‍

Posted on: May 28, 2017 1:13 pm | Last updated: May 28, 2017 at 1:13 pm

 

വെംബ്ലി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സിയെ കീഴടക്കി ആഴ്‌സണല്‍ എഫ് എ കപ്പ് ചാമ്പ്യന്‍മാര്‍. ആവേശകരമായ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഗണ്ണേഴ്‌സിന്റെ ജയം.

നാലാം മിനുട്ടില്‍ ചിലി വിംഗര്‍ അലക്‌സിസ് സാഞ്ചസും എഴുപത്തൊമ്പതാം മിനുട്ടില്‍ ആരോന്‍ റാംസിയും ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തു. എഴുപത്താറാം മിനുട്ടില്‍ ചെല്‍സിക്കായി സ്പാനിഷ് സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റ സമനില ഗോള്‍ നേടിയതിന് പിന്നാലെയായിരുന്നു ആഴ്‌സണലിനായി റാംസിയുടെ വിജയഗോള്‍.
അറുപത്തെട്ടാം മിനുട്ടില്‍ ചെല്‍സി താരം വിക്ടര്‍ മോസസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു.
എഫ് എ കപ്പ് ചരിത്രത്തില്‍ പതിമൂന്നാം കിരീടം നേടി ആഴ്‌സണല്‍ സര്‍വകാല റെക്കോര്‍ഡിലെത്തി. പന്ത്രണ്ട് കിരീടങ്ങളുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പമായിരുന്നു ആഴ്‌സണലിന്റെ സ്ഥാനം. ചെല്‍സിയെ കീഴടക്കിയതോടെ എഫ് എ കപ്പില്‍ ഏറ്റവുമധികം തവണ മുത്തമിട്ട ക്ലബ്ബ് എന്ന റെക്കോര്‍ഡ് ആഴ്‌സണല്‍ ഒറ്റക്ക് സ്വന്തമാക്കിയിരിക്കുന്നു.

എഫ് എ കപ്പ് ഏറ്റവുമധികം തവണ സ്വന്തമാക്കിയ കോച്ച് എന്ന റെക്കോര്‍ഡും ആഴ്‌സണലിന്റെ ആര്‍സെന്‍ വെംഗര്‍ക്ക് സ്വന്തം.
ഇതോടെ, ആഴ്‌സണലില്‍ കോച്ചായി തുടരാനുള്ള അവകാശവാദം ആര്‍സെന്‍ വെംഗര്‍ക്ക് ഉന്നയിക്കാം. പ്രീമിയര്‍ ലീഗ് കിരീടപ്പോരില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ആഴ്‌സണലിന് യുവേഫ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് വെംഗറെ പുറത്താക്കാന്‍ ക്ലബ്ബ് ആരാധകര്‍ രംഗത്തെത്തിയിരുന്നു. എഫ് എ കപ്പ് ഫൈനലിന് ഒരു വിഭാഗം ആരാധകര്‍ വിട്ടു നില്‍ക്കുകയും ചെയ്തു. എന്നാല്‍, ചെല്‍സിയെ തോല്‍പ്പിച്ചതോടെ വെംഗര്‍ വീണ്ടും ആഴ്‌സണലില്‍ കരുത്താര്‍ജിച്ചു.

അഞ്ചാം മിനുട്ടില്‍ തന്നെ ലീഡെടുത്തത് ആഴ്‌സണലിന് നിര്‍ണായകമായി. ഈ ഗോള്‍ പക്ഷേ വിവാദ പശ്ചാത്തലത്തിലായിരുന്നു. അലക്‌സിസ് സാഞ്ചസ് നേടിയ ഗോള്‍ ഓഫ് സൈഡാണെന്ന രീതിയില്‍ ലൈന്‍ റഫറി ഫഌഗ് ഉയര്‍ത്തി. റാംസി ഓഫ് സൈഡ് പൊസിഷനിലായിരുന്നു.

പക്ഷേ, റാംസി പന്തില്‍ സ്പര്‍ശിച്ചിരുന്നില്ല, ഓഫാകുമെന്ന് കണ്ട് റാംസി മാറി നിന്നപ്പോള്‍ സാഞ്ചസ് വന്ന് ഫിനിഷ് ചെയ്യുകയായിരുന്നു. ലൈന്‍ റഫറിയുടെ പിഴവ് മുഖ്യ റഫറി ചര്‍ച്ച ചെയ്ത് പരിഹരിച്ചതോടെ ആഴ്‌സണല്‍ ഒരു ഗോളിന് മുന്നില്‍. ഗോള്‍ തിരിച്ചടിക്കാന്‍ ചെല്‍സി മികച്ച കളി കാഴ്ചവെച്ചെങ്കിലും രണ്ടാം പകുതിയാകേണ്ടി വന്നു. എന്നാല്‍, മോസസിന്റെ ചുവപ്പ് കാര്‍ഡ് ചെല്‍സിയെ തളര്‍ത്തി. അവസാന മിനുട്ടുകളില്‍ ആഴ്‌സണലിനെ വിറപ്പിച്ചെങ്കിലും ഗോള്‍ മാത്രം സാധ്യമായില്ല. ആഴ്‌സണല്‍ ഗോളി ഡേവിഡ് ഓസ്പിന മികച്ച രക്ഷപ്പെടുത്തലുകളുമായി കളം നിറഞ്ഞു.