സബ്‌സര്‍ ബട്ടിന്റെ മരണം; കാശ്മീര്‍ വീണ്ടും അശാന്തമാകുന്നു

Posted on: May 28, 2017 11:36 am | Last updated: May 29, 2017 at 10:05 am

ശ്രീനഗര്‍: ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹമ്മദ് ബട്ടിന്റെ മരണത്തെത്തുടര്‍ന്ന് കശ്മീരില്‍ വ്യാപക സംഘര്‍ഷം. സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്ക് അധികൃതര്‍ കര്‍ഫ്യൂ പ്രഖ്യാച്ചിട്ടുണ്ട്. സൈനിക നടപടിയില്‍ പ്രതിഷേധിച്ച് ഹുറിയത്ത് രണ്ട് ദിവസത്തെ ബന്ദിനും പ്രതിഷേധ പ്രകടനങ്ങള്‍ക്കും ആഹ്വാനം ചെയ്തിട്ടുണ്ട്.

നൗഹാട്ട,റെയ്ന്‍വാരി,കന്യാര്‍,എം.ആര്‍ ഗുഞ്ച്, സഫാകടാല്‍,ക്രാല്‍ഖണ്ഡ്, ശ്രീനഗറിലെ മൈസ്യൂമ തുടങ്ങി ഏഴോളം നഗരങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

ഞായറാഴ്ച്ച രാവിലെ മുതല്‍ സാങ്കല്‍പ്പികമായി സീല്‍ ചെയ്ത നഗരത്തിലേക്കുള്ള എല്ലാ വാഹന ഗതാഗതങ്ങളും തടഞ്ഞിട്ടുണ്ട്. ശ്രീനഗറിലെ പഴയ നഗര പ്രദേശങ്ങളില്‍ വലിയ തോതില്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ച്ച സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ കല്ലേറില്‍ ഒരാള്‍ കൊല്ലപ്പെടുകയും 40തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സൈമോഹ് നഗരത്തില്‍ ശനിയാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഭേദിച്ച് കടക്കാന്‍ ശ്രമിക്കവെ പ്രതിഷേധക്കാരിലൊരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടെയാണ് ബട്ടിനെയും കൂട്ടാളിയെയും സൈന്യം വളഞ്ഞുവെച്ചിരുന്നത്.

ശനിയാഴ്ച്ച ട്രാല്‍ ടെഹ്‌സില്‍ വെച്ചാണ് ബട്ട് കൊല്ലപ്പെടുന്നത്. ബട്ടിന്റെ ശവസംസ്‌കാര ചടങ്ങ് തീരുന്നത് വരെ ഗന്ധേര്‍ബാല്‍,ബാട്ഗം,ബന്ധിപൂര,കുപ്പ് വാര തുടങ്ങിയ സ്ഥലങ്ങള്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.