സിക വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

Posted on: May 27, 2017 10:40 pm | Last updated: May 28, 2017 at 3:47 pm
SHARE

ന്യൂഡല്‍ഹി : ഇന്ത്യയില്‍ മൂന്നു പേര്‍ക്ക് സിക വൈറസ് ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ സ്ഥിരീകരണം. ഗുജറാത്തിലെ അഹമ്മദാബാദില്‍ 22കാരിയായ ഗര്‍ഭണി ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് വൈറസ് ബാധ. ഇന്ത്യയില്‍ ആദ്യമായാണ് സിക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. രോഗബാധിതരെല്ലാം അഹമ്മദാബാദിലെ ബാപുനഗര്‍ മേഖലയില്‍ നിന്നുള്ളവരാണ്. ഇവരുടെ നിലവിലെ ആരോഗ്യസ്ഥിതി പുറത്തുവിട്ടിട്ടില്ല. മൂവരും നിരീക്ഷണത്തിലാണ്.

2016 ഫെബ്രുവരി 10,16നും ഇടയില്‍ ബിജെ മെഡിക്കല്‍ കോളജില്‍ നിന്നും ശേഖരിച്ച 93 രക്തസാംപിളുകളില്‍ 64 വയസുള്ള വ്യക്തിയാണ് സിക വൈറസ് ബാധിച്ചവരില്‍ ഒരാള്‍. ഇതേ ആശുപത്രിയില്‍ വച്ചു തന്നെ നവംബര്‍ ഒന്‍പതിന് രക്തം പരിശോധിക്കാന്‍ നല്‍കിയ 34 വയസുള്ള സ്ത്രീയാണ് വൈറസ് ബാധ കണ്ടെത്തിയ രണ്ടാമത്തെ വ്യക്തി. 2017 ജനുവരി ആറ് മുതല്‍ 12 വരെയുള്ള തീയതിയില്‍ ബിജെ മെഡിക്കല്‍ കോളജില്‍ രക്തം പരിശോധനയ്ക്ക് നല്‍കിയ ഗര്‍ഭിണിയാണ് സിക വൈറസിന്റെ മൂന്നാമത്തെ ഇര. വൈറസ് ബാധ സംശയിക്കുന്നതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും അവരുടെ നിര്‍ദേശമനുസരിച്ച് നിരീക്ഷിക്കുകയുമായിരുന്നു. ഇതോടെയാണ് ഇന്ത്യയിലെ സിക വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. മുന്‍പ് സിംഗപ്പൂരില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ ചിലര്‍ക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
ഈഡിസ് കൊതുകുകളാണു മനുഷ്യരില്‍ സിക വൈറസ് പടര്‍ത്തുന്നത്. ഫലപ്രദമായ ചികില്‍സയോ പ്രതിരോധമരുന്നോ ഇല്ല. വൈറസ് പ്രവേശിച്ചാല്‍ പനിയും ശരീരത്തില്‍ തടിപ്പുകളും ഉണ്ടാകും. കണ്ണുകള്‍ ചുവക്കും. സിക വൈറസ് സാന്നിധ്യം ആദ്യമായി കണ്ടെത്തിയത് 1947ല്‍, ആഫ്രിക്കന്‍ രാജ്യമായ യുഗാണ്ടയിലാണ്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ ആദ്യമായി കണ്ടെത്തിയത് 2014ല്‍ ആണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സിക വൈറസ് ബാധ വ്യാപകം. യുഎസിലെ പ്യൂട്ടോ റിക്കോയിലും വൈറസ് ബാധ കണ്ടെത്തി. പിന്നാലെ ഡെന്‍മാര്‍ക്കിലും നെതര്‍ലന്‍ഡ്‌സിലും ബ്രിട്ടനിലുമെല്ലാം സിക സ്ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here