ബീഫ് ഫെസ്റ്റുകളുമായി യുവജന സംഘടനകളുടെ പ്രതിഷേധം

Posted on: May 27, 2017 1:14 pm | Last updated: May 27, 2017 at 8:45 pm

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ബീഫ് ഫെസ്റ്റ് നടത്തി സംസ്ഥാനത്ത് യുവജന സംഘടനകളുടെ പ്രതിഷേധം. ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തിലെ 210 കേന്ദ്രങ്ങളില്‍ ബീഫ് ഫെസ്റ്റ് നടത്തി. സെക്രട്ടേറിയറ്റിന് മുമ്പില്‍ നടന്ന ബീഫ് ഫെസ്റ്റ് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഫെഡറല്‍ സംവിധാനം തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കമാണ് തീരുമാനത്തിന് പിന്നിലെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരുമെന്നും റിയാസ് പറഞ്ഞു. മൂന്ന് വര്‍ഷം പിന്നിട്ട കേന്ദ്ര സര്‍ക്കാര്‍ ഭരണം വന്‍ പരാജയമായിരുന്നുവെന്നും ജനവിരുദ്ധ നയങ്ങള്‍ ചര്‍ച്ചയാകുന്ന അജന്‍ഡകളെ വഴിമാറ്റാനാണ് വളരെ ബോധപൂര്‍വം ഇത്തരമൊരു തീരുമാനം കേന്ദ്രം കൈക്കൊണ്ടതെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി ജെ പി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന് മുമ്പിലാണ് പ്രതിഷേധിച്ചത്. ഓഫീസിന് മുമ്പില്‍ ഇലയില്‍ പൊറോട്ടയും ബീഫും വിളമ്പിക്കഴിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.