Connect with us

National

നെറ്റ് പരീക്ഷ ക്രമക്കേട്: സി ബി എസ് ഇ. ഐ ടി ഡയറക്ടര്‍ക്കെതിരെ എഫ് ഐ ആര്‍

Published

|

Last Updated

ന്യൂഡല്‍ഹി: സി ബി എസ് ഇ. ഐ ടി ഡയറക്ടര്‍ക്കെതിരെ സി ബി ഐ. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. നെറ്റ് പരീക്ഷ ക്രമക്കേടിനെ തുടര്‍ന്നാണ് നടപടി. പരീക്ഷാ മൂല്യനിര്‍ണയത്തിന് കരാര്‍ നല്‍കിയ കമ്പനി വ്യാജമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒരു കോടിയില്‍ അധികം രൂപക്കാണ് വ്യാജ കമ്പനിക്ക് മൂല്യനിര്‍ണയത്തിന് കരാര്‍ നല്‍കിയത്. എന്നാല്‍ ഇതുവരെ കമ്പനി മൂല്യനിര്‍ണയം നടത്തി ഉത്തരക്കടലാസുകള്‍ തിരിച്ചേല്‍പ്പിച്ചിട്ടില്ല.

ലേലം വിളിക്കാതെയാണ് മൂല്യനിര്‍ണയത്തിനുള്ള കരാര്‍ ഈ കമ്പനിക്ക് നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സി ബി എസ് ഇ ആസ്ഥാനത്ത് സി ബി ഐ റെയ്ഡും നടത്തുകയുണ്ടായി. വീനസ് ഡിജിറ്റല്‍സ് എന്ന കമ്പനിക്കാണ് മൂല്യനിര്‍ണയത്തിനുള്ള കരാര്‍ നല്‍കിയത്. ഡല്‍ഹിയിലെ കരോള്‍ ബാഗ്, പട്ടേല്‍ നഗര്‍ എന്നിവിടങ്ങളിലെ വിലാസമാണ് കമ്പനി നല്‍കിയിരുന്നത്. എന്നാല്‍ ഈ വിലാസത്തില്‍ ഇങ്ങനെയൊരു കമ്പനി പ്രവര്‍ത്തിക്കുന്നില്ല എന്ന് സി ബി ഐ കണ്ടെത്തിയിരുന്നു. 7.94 ലക്ഷം വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം നെറ്റ് പരീക്ഷ എഴുതിയത്.