സംപോളി അര്‍ജന്റീന കോച്ച്

Posted on: May 26, 2017 11:52 pm | Last updated: May 26, 2017 at 11:52 pm

സെവിയ്യ: ചിലിക്ക് കോപ അമേരിക്ക നേടിക്കൊടുത്ത ജോര്‍ജ് സംപോളി ഇനി അര്‍ജന്റീനയുടെ പരിശീലകന്‍. സ്‌പെയ്‌നില്‍ ജോര്‍ജ് സംപോളി പരിശീലിപ്പിച്ച സെവിയ്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കരാര്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പെയാണ് സംപോളി സെവിയ്യ വിടുന്നത്. ഇതിനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷ(എ എഫ് എ)നും സെവിയ്യ ക്ലബ്ബുമായി ധാരണയിലെത്തി.ജൂണ്‍ ഒന്നിന് കരാറില്‍ ഒപ്പുവെക്കും.
കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് സംപോളി സെവിയ്യയിലെത്തുന്നത്. ആദ്യ സീസണില്‍ തന്നെ സെവിയ്യയെ നാലാം സ്ഥാനത്തേക്ക് ഉയര്‍ത്തുവാന്‍ അര്‍ജന്റൈന്‍ കോച്ചിന് സാധിച്ചു.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നില പരുങ്ങലിലായ അര്‍ജന്റീനയെ രക്ഷിച്ചെടുക്കുകയാണ് സംപോളിക്ക് മുന്നിലെ വെല്ലുവിളി.
എഡ്ഗാര്‍ഡോ ബൗസക്ക് കീഴില്‍ അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടില്ലെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് പുതിയ കോച്ചിനെ എ എഫ് എ അന്വേഷിച്ചത്. ബൗസയെ പുറത്താക്കിയ അസോസിയേഷന്‍ സംപോളിയുമായി മാസങ്ങള്‍ക്ക് മുമ്പെ ചര്‍ച്ച ആരംഭിച്ചിരുന്നു. എന്നാല്‍, സ്പാനിഷ് ലാ ലിഗയില്‍ സെവിയ്യയുടെ ടോപ് ഫോര്‍ ഫിനിഷിംഗിനെ ഈ ചര്‍ച്ച ബാധിക്കരുതെന്നതിനാല്‍ സംപോളി മനസ് തുറക്കാതിരുന്നു.
സീസണ്‍ പൂര്‍ത്തിയായപ്പോഴാണ് സംപോളി തന്റെ സ്വപ്‌നമാണ് അര്‍ജന്റീനയുടെ കോച്ചാവുക എന്ന് വെളിപ്പെടുത്തുന്നത്. മെസിയുടെ പരിശീലകനാവുക എന്നതും സംപോളിയുടെ വലിയ സ്വപ്‌നമാണ്.
സീസണിലെ അവസാന മത്സരത്തില്‍ 5-0ന് ഒസാസുനയെ തകര്‍ത്തു വിട്ടാണ് സംപോളി സെവിയ്യ ആരാധകരോട് വിട ചോദിച്ചത്.
ബ്രസീലും അര്‍ജന്റീനയും ഒരേ സമയത്താണ് പുതിയ കോച്ചിനെ കൊണ്ടു വന്ന് ടീമിനെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. എട്ട് മാസം മുമ്പ് ബൗസ അര്‍ജന്റീനയുടെ ചുമതല ഏറ്റെടുത്തപ്പോള്‍ ടിറ്റെ ബ്രസീലിന്റെ കോച്ചായി. ബൗസ തികഞ്ഞ പരാജയമായപ്പോള്‍ ടിറ്റെയുടെ ബ്രസീല്‍ ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമായി.
മാര്‍ച്ചില്‍ 2-0ന് ബൊളിവിയയോട് തോറ്റതോടെയാണ് ബൗസ പുറത്താകുന്നത്. ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. ആദ്യ നാല് സ്ഥാനക്കാരാണ് നേരിട്ട് യോഗ്യത നേടുക. അഞ്ചാം സ്ഥാനക്കാര്‍ പ്ലേ ഓഫ് കളിക്കണം. എന്നാല്‍, ഇനിയും തോല്‍വികള്‍ സംഭവിച്ചാല്‍ അര്‍ജന്റീനക്ക് 2018 ലോകകപ്പ് യോഗ്യത നേടാന്‍ സാധിക്കാതെ വരും.
ജൂണില്‍ ബ്രസീലിനെതിരെ സൗഹൃദ മത്സരം കളിക്കാനുണ്ട്. സംപോളിയുടെ ആദ്യ ദൗത്യം ബ്രസീലിനെതിരെ അര്‍ജന്റീനക്ക് അഭിമാനര്‍ഹമായ ജയം നേടിക്കൊടുക്കുക എന്നതാകും.
ടീമിനെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോ ടീമിലില്ല. ഇന്റര്‍മിലാന്റെ മൗറോ ഇയാര്‍ഡിയാണ് മുഖ്യ സ്‌ട്രൈക്കര്‍. സെവിയ്യയുടെ ജോക്വിന്‍ കോറിയ, വെസ്റ്റ്ഹാം അറ്റാക്കര്‍ മാനുവല്‍ ലാന്‍സിനി, ടിജുവാന മിഡ്ഫീല്‍ഡര്‍ ഗ്യുഡോ റോഡ്രിഗസ്, റോമയുടെ ലിയാന്‍ഡ്രോ പാരെഡെസ് എന്നീ പുതുമുഖങ്ങള്‍ അര്‍ജന്റീന ടീമിലിടം പിടിച്ചിട്ടുണ്ട്. നെയ്മര്‍ ഇല്ലാതെ ബ്രസീലും ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്.