Connect with us

National

ഏറ്റവും നീളം കൂടിയ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

സാദിയ (അസാം): നദിക്ക് കുറുകെയുള്ള രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ബ്രഹ്മപുത്രയുടെ പോഷക നദിക്ക് കുറുകെ ധോലയെയും സാദിയയെയും ബന്ധിപ്പിക്കുന്ന പാലമാണ് പ്രധാനമന്ത്രി ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. അസാമും അരുണാചല്‍ പ്രദേശും തമ്മിലുള്ള യാത്രാ സമയം ആറ് മണിക്കൂറില്‍ നിന്ന് ഒറ്റയടിക്ക് ഒരു മണിക്കൂറിലേക്ക് കുറക്കുമെന്നതാണ് ഈ പാലത്തിന്റെ മേന്മ. ഇതിഹാസ ഗായകന്‍ ഭൂപന്‍ ഹസാരികയുടെ പേരിലാകും പാലം അറിയപ്പെടുക. പാട്രിയോട്ടിക് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് അസാം ഈ ആവശ്യം ഉന്നയിച്ചിരുന്നു. അരുണാചല്‍ പ്രദേശ് ലിറ്റററി സൊസൈറ്റിയും ഇത് അംഗീകരിച്ചതോടെയാണ് പേരിന്റെ കാര്യത്തില്‍ തീരുമാനമായത്.

9.15 കിലോ മീറ്ററാണ് പാലത്തിന്റെ നീളം. രാജ്യത്തിന്റെ അഭിമാനമുയര്‍ത്തുന്ന നിര്‍മിതിയാണ് ധോല- സാദിയ പാലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2,056 കോടി രൂപ ചെലവിട്ടാണ് പാലം പണിതത്. ഉദ്ഘാടനം ചെയ്ത ശേഷം മോദിയും മറ്റ് നേതാക്കളും പാലത്തിലൂടെ അല്‍പ്പ ദൂരം നടന്നു. തുടര്‍ന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗാഡ്കരി, അസാം ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിത്, മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കയറിയ വാഹനം പാലത്തിലൂടെ സഞ്ചരിച്ചു. പാലത്തിനാവശ്യമായ ഉരുക്കിന്റെ 90 ശതമാനവും നല്‍കിയത് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ്. ടി എം ടി അടക്കം 30,000 ടണ്‍ സ്റ്റീലാണ് പാലത്തിന് ഉപയോഗിച്ചത്. പാലം ഉദ്ഘാടനത്തിനെത്തിയ മോദി അസാമില്‍ രണ്ട് പ്രമുഖ പ്രോജക്ടുകള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. എയിംസിനും കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിനുമാണ് മോദി തറക്കല്ലിട്ടത്.

Latest