Connect with us

Sports

ഇംഗ്ലണ്ട് തഴഞ്ഞു; മാഞ്ചസ്റ്ററിലും ഇടമില്ല റൂണി എവര്‍ട്ടനിലേക്ക് മടങ്ങും?

Published

|

Last Updated

ലണ്ടന്‍: അടുത്ത മാസം സ്‌കോട്‌ലാന്‍ഡിനും ഫ്രാന്‍സിനുമെതിരായ രാജ്യാന്തര മത്സരങ്ങള്‍ക്കുള്ള ഇംഗ്ലണ്ട് ടീമിലേക്കും വെയിന്‍ റൂണിയെ ഉള്‍പ്പെടുത്തിയില്ല. മാര്‍ച്ചില്‍ കോച്ച് ഗാരെത് സൗത്‌ഗേറ്റ് ടീം പ്രഖ്യാപിച്ചപ്പോഴും റൂണി പുറത്തായിരുന്നു. മികച്ച ഫോമില്‍ കളിക്കുന്ന ധാരാളം പേരുണ്ട്. അതുകൊണ്ടാണ് റൂണിയെ ഒഴിവാക്കിയതെന്ന് കോച്ച് പറഞ്ഞു. ജൂണ്‍ പത്തിന് സ്‌കോട്‌ലന്‍ഡിനെതിരെ ലോകകപ്പ് യോഗ്യതാ റൗണ്ടും പതിമൂന്നിന് ഫ്രാന്‍സിനെതിരെ സൗഹൃദ പോരാട്ടവുമാണ് ഇംഗ്ലണ്ടിനുള്ളത്.

കഴിഞ്ഞ നവംബറിലാണ് റൂണി അവസാനമായി ദേശീയ ടീമിനായി കളിച്ചത്. 119 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച റൂണി ഇംഗ്ലണ്ടിന്റെ എക്കാലത്തേയും ടോപ് സ്‌കോററാണ്. എന്നാല്‍, ക്ലബ്ബ് സീസണില്‍ ഇത്തവണ റൂണിയുടെ ഗ്രാഫ് താഴേക്കാണ്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി പതിനഞ്ച് മത്സരങ്ങളില്‍ മാത്രമാണ് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കളിച്ചത്. യൂറോപ ലീഗ് ഫൈനലില്‍ അവസാന നിമിഷമാണ് കോച്ച് ഹൊസെ മൗറിഞ്ഞോ റൂണിയെ കളത്തിലിറക്കിയത്. അന്റോണിയോ വലന്‍ഷ്യ ക്യാപ്റ്റന്റെ ആംബാന്‍ഡ് റൂണിക്ക് കൈമാറിയത് തന്നെ ഒരു വലിയ സൂചനയാണ്. മാഞ്ചസ്റ്ററില്‍ റൂണിയുടെ കാലം കഴിഞ്ഞിരിക്കുന്നുവെന്ന സൂചന. ഇതേക്കുറിച്ച് മൗറിഞ്ഞോയും റൂണിയും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. യൂറോപ ലീഗ ഉയര്‍ത്തിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നായകന്‍ എന്ന ഖ്യാതിയോടെ റൂണിക്ക് വിടപറയല്‍ ഒരുക്കിയിരിക്കുകയാണ് മൗറിഞ്ഞോ. ക്ലബ്ബ് വിടാന്‍ പോകുന്നുവെന്ന സൂചന മത്സരശേഷം റൂണി നല്‍കുകയും ചെയ്തു. തനിക്ക് ധാരാളം ഓഫറുകള്‍ വരുന്നുണ്ട്, ഇംഗ്ലണ്ടിനകത്തും പുറത്തു നിന്നുമായിട്ട്. പക്ഷേ, ഒന്നും തീരുമാനിച്ചിട്ടില്ല- റൂണി ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രണ്ടാഴ്ചക്കുള്ളില്‍ തീരുമാനത്തിലെത്താന്‍ സാധിക്കും. കുടുംബവുമായി ആലോചിക്കേണ്ടതുണ്ട് – റൂണി പറഞ്ഞു.
മുന്‍ ക്ലബ്ബായ എവര്‍ട്ടനിലേക്ക് മടങ്ങുമെന്ന സൂചനയാണ് റൂണി നല്‍കുന്നത്. ഞാന്‍ രണ്ട് കബ്ബുകള്‍ക്ക് വേണ്ടിയിട്ടേ കളിച്ചിട്ടുള്ളൂ. എവര്‍ട്ടനും മാഞ്ചസ്റ്റര്‍ യുനൈറ്റഡും. ഞാന്‍ രണ്ട് ക്ലബ്ബുകള്‍ക്ക് വേണ്ടി മാത്രമേ ഭാവിയിലും കളിക്കുകയുള്ളൂ- റൂണിയുടെ ഈ വാക്കുകള്‍ നല്‍കുന്ന സൂചന എവര്‍ട്ടനുമായി ചര്‍ച്ച നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ബലമേകുന്നു.
ടോട്ടനം ഹോസ്പറിന്റെ റൈറ്റ് ബാക്ക് കീരന്‍ ട്രിപിയര്‍ ആദ്യമായി ഇംഗ്ലണ്ട് ടീമിലിടം പിടിച്ചു. സ്റ്റോക് സിറ്റി ഗോള്‍ കീപ്പര്‍ ജാക് ബട്‌ലാന്‍ഡ് ടീമില്‍ തിരിച്ചെത്തി. കഴിഞ്ഞ മാര്‍ച്ചില്‍ ജര്‍മനിക്കെതിരെ കളിക്കുമ്പോള്‍ ബട്‌ലാന്‍ഡ് പരിക്കേറ്റ് കളം വിടുകയായിരുന്നു.

പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് ജേതാവും ടോട്ടനമിന്റെ സൂപ്പര്‍ സ്‌ട്രൈക്കറുമായ ഹാരി കാന്‍ ടീമിലുണ്ട്. പരിക്ക് കാരണം വിട്ടു നില്‍ക്കുകയായിരുന്ന കാന്‍ ആദ്യമായാണ് സൗത്‌ഗേറ്റിന്റെ ടീമില്‍ ഇടം പിടിക്കുന്നത്. മിഡില്‍സ്ബറോ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്തായെങ്കിലും ഡിഫന്‍ഡര്‍ ബെന്‍ ഗിബ്‌സന്‍ ദേശീയ ടീമില്‍ കയറിപ്പറ്റി.
റൂണിയെ പരിഗണിക്കാതിരുന്ന സൗത്‌ഗേറ്റ് മാഞ്ചസ്റ്ററിന്റെ പുതിയ താരോദയം മാര്‍കസ് റാഷ്‌ഫോഡിന് ടീമില്‍സ്ഥാനം നല്‍കി.