Connect with us

International

ഖത്വറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Published

|

Last Updated

ദോഹ: ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ക്യു എന്‍ എയുടെ വെബ്‌സൈറ്റും ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്ത് തെറ്റായ വാര്‍ത്തകളും ട്വീറ്റുകളും ചേര്‍ത്തു. തെറ്റിദ്ധാരണ പരത്തുന്നതും രാജ്യ സുരക്ഷിതത്വത്തെ ബാധിക്കുന്നതുമായ പ്രവര്‍ത്തനം സര്‍ക്കാര്‍ അതീവ ഗൗരവമായി കണ്ട് അന്വേഷണമാരംഭിച്ചു.

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ തെറ്റായ പ്രസ്താവന പ്രസിദ്ധീകരിച്ചു കൊണ്ടാണ് ക്യു എന്‍ എ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. തിരിച്ചറിഞ്ഞിട്ടില്ലാത്ത കേന്ദ്രങ്ങളിലൂടെയാണ് ഹാക്ക് ചെയ്യപ്പെട്ടതെന്നും അമീറിന്റെ വ്യാജ പ്രസ്താവനയാണ് പ്രസിദ്ധീകരിക്കപ്പെട്ടതെന്നും വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ഹാക്ക് ചെയ്യപ്പെട്ടതിനു ശേഷം ഏതാനും മണിക്കൂറുകള്‍ ക്യു എന്‍ എ വെബ്‌സൈറ്റ് പ്രവര്‍ത്തനക്ഷമമായിരുന്നില്ല. നിയന്ത്രണം തിരിച്ചു പിടിച്ചെങ്കിലും ഇന്നലെ വൈകുന്നേരവും ക്യു എന്‍ എ വെബ്‌സൈറ്റ് പ്രവര്‍ത്തിച്ചു തുടങ്ങാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് ക്യു എന്‍ എ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനം ഇന്നേക്കു നീട്ടി വെച്ചു. ഗള്‍ഫ് സഹോദര രാജ്യങ്ങളുമായുള്ള ഖത്വറിന്റെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുക ലക്ഷ്യംവെച്ചുള്ള ഉള്ളടക്കങ്ങളാണ് ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ ചേര്‍ത്തത്. ക്യു എന്‍ എയുടെ ട്വിറ്റര്‍ അക്കൗണ്ടിന്റെ നിയന്ത്രണവും ഏതാനും മണിക്കൂറുകള്‍ ഹാക്കര്‍മാരുടെ കൈകളിലായിരുന്നു.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ട്വിറ്റര്‍ പേജില്‍ അറബിയില്‍ ചേര്‍ത്ത വിവരങ്ങള്‍ അമ്പരപ്പും തെറ്റിദ്ധാരണയും പരത്തുന്നതായിരുന്നു. ഗള്‍ഫ് സഹോദര രാജ്യങ്ങളിലേക്കുള്ള ഖത്വര്‍ അംബാസിഡര്‍മാരെ തിരിച്ചു വിളിച്ചുവെന്നും 24 മണിക്കൂറിനകം സേവനം അവസാനിപ്പിക്കാന്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടുവെന്നുമായിരുന്നു ട്വീറ്റ്. നിയന്ത്രണം തിരിച്ചു പിടിച്ചതോടെ തെറ്റായ വാര്‍ത്തകളെല്ലാം അധികൃതര്‍ നീക്കം ചെയ്തു.

Latest