വേണം, വലിയ കാര്യങ്ങള്‍

Posted on: May 26, 2017 6:22 am | Last updated: May 25, 2017 at 11:24 pm

ഭരണത്തിന് ഒരു പുതിയ സംസ്‌കാരമുണ്ടാക്കിയതാണ് തന്റെ ഭരണം കൈവരിച്ച ഏറ്റവും വലിയ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെടുന്നു. മുന്‍ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്തെപോലെ ഭരണത്തില്‍ ജീര്‍ണതയും അഴിമതിയുമില്ലെന്ന് ഉറക്കെ പറയുകയാണദ്ദേഹം. പിണറായി ഭരണത്തിന്റെ മുഖമുദ്ര ഇത് തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റിന്റേതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് പിണറായി ഭരണത്തിന്റെ രീതിയും ശൈലിയും.
ഭരണത്തിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ രണ്ട് മന്ത്രിമാരുടെ രാജി കണ്ടു കേരളം. ബന്ധുനിയമനത്തിന്റെ പേരില്‍ ഇ പി ജയരാജനും യുവതിയോട് അശ്ലീല സംഭാഷണത്തിന്റെ പേരില്‍ എ കെ ശശീന്ദ്രനും രാജിവെച്ചൊഴിഞ്ഞത് പ്രതിപക്ഷത്തിന് ഒന്നു സമരം ചെയ്യാനുള്ള സാവകാശം പോലും നല്‍കാതെയാണ്. തെറ്റ് ചെയ്യുന്നവര്‍ക്ക് തന്റെ സംരക്ഷണം ഉണ്ടാകില്ലെന്ന സന്ദേശമാണ് പിണറായി നല്‍കുന്നത്. തെറ്റെന്ത് ചെയ്താലും സ്വന്തം മന്ത്രിയെ പുറത്താക്കാന്‍ ബുദ്ധിമുട്ടുന്ന മുഖ്യമന്ത്രിമാരെയാണ് പൊതുവെ മുമ്പ് കേരളം കണ്ടിട്ടുള്ളത്. പ്രത്യേകിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആര് തെറ്റ് ചെയ്താലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും ഉമ്മന്‍ ചാണ്ടി ഉത്സാഹം കാട്ടിയിരുന്നുവെന്ന കാര്യം ഓര്‍ക്കുക.
ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തിന്റെ പതനം തുടങ്ങിയത് ധനകാര്യ മന്ത്രി കെ എം മാണിയുടെ രാജിയെ തുടര്‍ന്നായിരുന്നു. ബാര്‍ കോഴക്കേസില്‍ ഏറെ പഴി കേട്ട ശേഷമാണ് ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് മാണി രാജിവെച്ചത്. പിന്നീട് എക്‌സൈസ് മന്ത്രി കെ ബാബുവും രാജി വെച്ചെങ്കിലും മുഖ്യമന്ത്രി തന്നെ ഇടപെട്ട് രാജി പിന്‍വലിപ്പിച്ചു. എങ്കിലും അന്നത്തെ സര്‍ക്കാറിന്റെ പതനത്തിന്റെ ആക്കം കുറക്കാനായില്ല. രണ്ട് മന്ത്രിമാര്‍ രാജി വെച്ചെങ്കിലും അത് പിണറായി സര്‍ക്കാറിന്റെ നിലനില്‍പ്പിനെ ബാധിക്കാതിരുന്നത് പ്രതിപക്ഷത്തിന് സമരം ചെയ്യാനോ വിവാദം ആളിപ്പടരാനോ സാഹചര്യം ഉണ്ടാവാതിരുന്നതുകൊണ്ട് തന്നെ. അപ്പോഴേക്കും അവര്‍ക്ക് രാജി വെച്ചൊഴിയേണ്ടിവന്നുവെന്നര്‍ഥം.
നല്ലൊരു ഭരണ സംസ്‌കാരമുണ്ടാക്കി എന്നത് കൊണ്ട് എല്ലാമായി എന്നര്‍ഥമില്ല. ഭരണം കൊണ്ട് ജനങ്ങള്‍ക്ക് എന്തു പ്രയോജനമുണ്ടായി എന്നത് തന്നെയാണ് പ്രധാന വിഷയം. ജനങ്ങള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയണം. കുട്ടികളെ പഠിപ്പിക്കാന്‍ നല്ല വിദ്യാഭ്യാസ സൗകര്യങ്ങള്‍ വേണം. പഠിച്ചു പുറത്തിറങ്ങുന്ന യുവാക്കള്‍ക്ക് നല്ല ജോലി ലഭിക്കണം. ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെട്ടതാകണം. യാത്രാ സൗകര്യങ്ങള്‍ വേണം. സാമ്പത്തിക നില മെച്ചപ്പെടണം. ഇതിന്റെയെല്ലാം പേരാണ് വികസനം. സമൂലമായ വികസനത്തിലൂന്നിയുള്ള ഒരു ഭരണത്തെ മാത്രമേ മികച്ച ഭരണമെന്ന് വിശേഷിപ്പിക്കാനാകൂ.

വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്കുള്ള സൗജന്യം മുതല്‍ അംഗന്‍വാടി ജീവനക്കാര്‍ക്കുള്ള ശമ്പള വര്‍ധന വരെ ഒട്ടനവധി കാര്യങ്ങളില്‍ പിണറായി സര്‍ക്കാര്‍ ഉദാരമായ നടപടി സ്വീകരിച്ചുവെന്ന് പ്രത്യേകം ഓര്‍മിക്കേണ്ട കാര്യമാണ്. ഗെയില്‍ പൈപ്പ് ലൈന്‍, കൂടംകുളം പൈപ്പ് ലൈന്‍ എന്നിവയുടെ കാര്യത്തില്‍ പിണറായി വിജയന്‍ കാണിച്ച ശുഷ്‌കാന്തി അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തെയും എടുത്തുകാട്ടുന്നു. ദേശീയ പാതാ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ വലിയ മുന്‍ഗണന നല്‍കുന്നു. സര്‍ക്കാറിന്റെ പ്രചാരണത്തില്‍ നേട്ടങ്ങളുടെ പട്ടിക ഏറെയാണ്. സര്‍ക്കാര്‍ സ്‌കൂള്‍ ലോക നിലവാരത്തിലെത്തിക്കുന്നതു മുതല്‍ എത്രയെത്ര കാര്യങ്ങള്‍.
ഇതൊക്കെ വളരെ പ്രധാനപ്പെട്ട നേട്ടങ്ങള്‍ തന്നെയാണ്. കേരളത്തിന്റെ വളര്‍ച്ചക്ക് സഹായിക്കുന്നവയുമാണ് ഓരോന്നും. എങ്കിലും ജനങ്ങളുടെ മുമ്പില്‍ വാനോളം ഉയര്‍ന്നുനില്‍ക്കുന്ന ഒരു നേട്ടം മുന്നോട്ട് വെക്കാന്‍സര്‍ക്കാറിന് ഇല്ലാതെ പോയി.
1957ലെ ഇ എം എസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അഞ്ചാം ദിവസമാണ് റവന്യൂ മന്ത്രി കെ ആര്‍ ഗൗരിയമ്മ പാട്ടക്കാരെയും കുടിയേറ്റക്കാരെയും ഒഴിപ്പിക്കുന്നതു തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഐതിഹാസികമായ ഭൂപരിഷ്‌കരണ നിയത്തിന് മുന്നോടിയായിട്ടായിരുന്നു ഈ ഉത്തരവ്. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊ. ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ പരിഷ്‌കാരം. ഇന്ന് കേരളത്തില്‍ കാണുന്ന വന്‍ വളര്‍ച്ചക്കും സാമൃദ്ധിക്കും അടിസ്ഥാന കാരണമായി കണക്കാക്കാവുന്നതാണ് ലോകത്തില്‍ തന്നെ ആദ്യമായി ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടങ്ങിവെച്ച ഈ രണ്ട് വമ്പന്‍ പരിഷ്‌കാരങ്ങള്‍.

പില്‍ക്കാലത്ത് എം എന്‍ ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ നടന്ന ലക്ഷംവീട് പദ്ധതി, ലോകപ്രശസ്തമായ സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണം എന്നിങ്ങനെ പേരെടുത്ത് പറയാവുന്ന വന്‍കിട പരിപാടികള്‍ ജനകീയ മുന്നേറ്റങ്ങളായി മാറുകയായിരുന്നു. ഓരോ പരിപാടിയും ജനപ്രിയമാകുകയും ജനങ്ങള്‍ അതൊക്കെയും നെഞ്ചേറ്റി മുന്നോട്ട് കൊണ്ടുപോകുകയും ചെയ്ത ഇതുപോലുള്ള വന്‍ പരിപാടികളാണ് സര്‍ക്കാറിന്റെ പട്ടികയിലൊന്നും ഇല്ലാതെ പോയത്.
1996ല്‍ നായനാര്‍ ഗവണ്‍മെന്റില്‍ വൈദ്യുതി മന്ത്രിയായ പിണറായി വിജയന്‍ പെട്ടെന്നാണ് വേറിട്ടൊരു മന്ത്രിയായി മാറിയത്. സാധാരണ രാഷ്ട്രീയക്കാരുടെ രീതിയിലൊന്നുമായിരുന്നില്ല പിണറായിയുടെ ഭരണം. വിദ്യുച്ഛക്തി വകുപ്പിന്റെ എല്ലാ മേഖലകളെക്കുറിച്ചും അദ്ദേഹം ആഴത്തില്‍ പഠിച്ചു. സ്വന്തം പാര്‍ട്ടിയുടെ തൊഴിലാളി യൂനിയന്‍ നേതാക്കളെ പോലും വിശ്വാസത്തിലെടുക്കാതെ തികച്ചും സ്വതന്ത്രനായി തന്നെയാണ് അന്ന് പിണറായി പ്രവര്‍ത്തിച്ചത്. രണ്ട് വര്‍ഷം കൊണ്ട് വൈദ്യുതോത്പാദനം വര്‍ധിപ്പിച്ചു. വിതരണ ശൃംഖല വിപുലമാക്കി. കേന്ദ്ര പദ്ധതിയായ കായംകുളം താപവൈദ്യുതി നിലയം പണി തീര്‍ക്കാന്‍ ശക്തമായ പിന്തുണ നല്‍കി. കേരളത്തെ രൂക്ഷമായി ബാധിച്ചിരുന്ന പവര്‍കട്ടും ലോഡ്‌ഷെഡ്ഡിംഗും അവസാനിപ്പിക്കുക എന്ന ലക്ഷ്യം നേടിയ ശേഷമാണ് അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടി സെക്രട്ടറി പദത്തിലേക്ക് നീങ്ങിയത്. കൃത്യമായ കണക്കുകൂട്ടലും ശക്തമായ ഇടപെടലും നടത്തി തന്നെയായിരുന്നു പിണറായിയുടെ അന്നത്തെ ഭരണം.
2016-ല്‍ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ കേരളത്തില്‍ വേറിട്ടൊരു മുഖ്യമന്ത്രിയാകുമെന്ന് സ്വാഭാവികമായും ജനങ്ങള്‍ പ്രതീക്ഷിച്ചു. ഈ പ്രതീക്ഷയുടെ ഭാരവുമായി തന്നെയാണ് മുഖ്യന്ത്രിയായി പിണറായി വിജയന്‍ സെക്രേട്ടറിയറ്റിലേക്ക് നടന്നുകയറിയത്. തുടക്കം അതിഗംഭീരമായിരുന്നു. എസ് എം വിജയാനന്ദിനെ പോലെ ഉത്തമനായ ഒരു ചീഫ് സെക്രട്ടറിയും അദ്ദേഹത്തിന് പിന്തുണ നല്‍കാനുണ്ടായിരുന്നു. സാധാരണക്കാരുടെയും ദരിദ്രരുടെയും പ്രശ്‌നങ്ങളാണ് ഓരോ ഫയലിലും ഉറങ്ങുന്നതെന്ന് സെക്രേട്ടറിയറ്റ് ജീവനക്കാരെ ഓര്‍മിപ്പിച്ച മുഖ്യമന്ത്രി ഭരണത്തിന് നല്ലൊരു തുടക്കം കുറിക്കുകയായിരുന്നു.

പക്ഷേ, പിന്നെ പിന്നെ കാര്യങ്ങള്‍ കൈവിട്ടുപോയി. നിസ്സാര കാര്യങ്ങള്‍ പോലും വിവാദങ്ങളായി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ പ്രഖ്യാപനം സര്‍ക്കാര്‍ ജീവനക്കാരില്‍ അസംതൃപ്തി ജനിപ്പിച്ചു. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് പുതിയ ഭരണസംസ്‌കാരത്തിന് വഴിയൊരുക്കാനായിരുന്നെങ്കിലും വിജിലന്‍സ് മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥരെ വേട്ടയാടാന്‍ തുടങ്ങിയത് പുതിയ പ്രശ്‌നങ്ങള്‍ സൃഷിടിച്ചു. ഏറ്റവുമൊടുവില്‍ ടി പി സെന്‍കുമാര്‍ വിഷയവും മഹിജ പ്രശ്‌നവുമെല്ലാം മാധ്യമങ്ങളില്‍ വലിയ വിവാദങ്ങളുയര്‍ത്തിയപ്പോള്‍ സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മാധ്യമങ്ങള്‍ക്കും കഴിഞ്ഞില്ല. സര്‍ക്കാറാകട്ടെ, മാധ്യമങ്ങളുടെ നേര്‍ക്ക് പുറംതിരിഞ്ഞുനില്‍ക്കുകയും ചെയ്തു. സര്‍ക്കാര്‍ ചെയ്യുന്ന വലുതും ചെറുതുമായ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ മാത്രമേ ജനങ്ങളിലെത്തൂ എന്ന അടിസ്ഥാന സത്യം സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടില്ല.

പിണറായി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ഏറെയാണ്. പക്ഷേ, അതിനെക്കാളൊക്കെ ഉയര്‍ന്നു നിന്നത് വിവാദങ്ങളും ഭരണമുന്നണിയിലെ തന്നെ വാഗ്വാദങ്ങളുമാണ്. മിക്ക വിവാദങ്ങളും തീരെ നിസ്സാരമായ വീഴ്ചകളില്‍ നിന്ന് ഉയിര്‍കൊണ്ടവയായിരുന്നു താനും. സെന്‍കുമാര്‍ വിഷയവും മഹിജ പ്രശ്‌നവും എളുപ്പം പരിഹരിക്കാവുന്ന കാര്യങ്ങള്‍ തന്നെയായിരുന്നു. ഓരോ പ്രതിസന്ധി വരുമ്പോഴും സമയം കളയാതെ അവസരത്തിനൊത്ത് പ്രവര്‍ത്തിക്കാതിരുന്നപ്പോള്‍ വലിയ വിവാദങ്ങളായി മാറുന്നതാണ് കേരളം കണ്ടത്.
ഒരു വര്‍ഷം പിന്നിടുന്ന അവസരം സര്‍ക്കാറിന് ഒരു പുനര്‍വിചിന്തനം നടത്താനുള്ള സമയം കൂടിയാണ്. സാധാരണ ഇടതുമുന്നണി സര്‍ക്കാറില്‍ കാണുക തലയെടുപ്പുള്ള മന്ത്രിമാരാണെങ്കില്‍, പിണറായി സര്‍ക്കാര്‍ അവിടെയും പിന്നിലായിപ്പോയി. ഇടതുപക്ഷം ജയിച്ച് അധികാരത്തിലെത്തുന്ന സാഹചര്യമുണ്ടാകുമ്പോള്‍ മന്ത്രിമാരാകാന്‍ മികച്ച നേതാക്കന്മാരെ മത്സരിപ്പിക്കുക പതിവാണ്. ഇത്തവണ അങ്ങനെയൊരു ശ്രദ്ധ ഉണ്ടായില്ലെന്ന് വേണം കരുതാന്‍. ജയിച്ചുവന്നവരില്‍ തന്നെയും ഏറ്റവും മികവുള്ളവരല്ല മന്ത്രിമാരായി നിയോഗിക്കപ്പെട്ടതെന്ന കാര്യവും ഓര്‍ക്കണം.
സര്‍ക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. ജനങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചിട്ടുള്ള വലിയ പ്രതീക്ഷക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാറിനാകണം. വലിയ മാറ്റങ്ങള്‍ സാധ്യമാക്കുന്ന പുതിയ പരിഷ്‌കാരങ്ങളും വലിയ തീരുമാനങ്ങളുമുണ്ടാകണം. മുഖ്യമന്ത്രിയായിരിക്കുന്നത് പിണറായി വിജയനായത് കൊണ്ട് ജനങ്ങള്‍ ഈ സര്‍ക്കാറില്‍ നിന്ന് വലിയ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നു.