വിശുദ്ധ രാവുകളെ വരവേല്‍ക്കാന്‍ വിശ്വാസി സമൂഹമൊരുങ്ങി

Posted on: May 26, 2017 12:19 am | Last updated: May 25, 2017 at 11:20 pm

കോഴിക്കോട്: പുണ്യങ്ങളുടെ വസന്തമായ റമസാനിന്റെ വിശുദ്ധി ഏറ്റു വാങ്ങാനായി ഹൃദയങ്ങളെ പാകപ്പെടുത്തി വിശ്വാസി സമൂഹം ഒരുങ്ങി. അളവറ്റ ആത്മഹര്‍ഷത്തോടെയാണ് മുസ്‌ലിം ലോകം വിശുദ്ധ റമസാനെ വരവേല്‍ക്കുന്നത്. ഓരോ പുണ്യ പ്രവര്‍ത്തിക്കും അനേകം മടങ്ങ് പ്രതിഫലം നാഥന്‍ വാഗ്ദാനം ചെയ്യുന്ന റമസാന്‍ തീര്‍ത്തും വ്യത്യസ്ഥതയാണ് വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നത്. പള്ളികള്‍ ശുദ്ധീകരിച്ചും പെയിന്റ് അടിച്ചും മോടിപിടിപ്പിക്കുന്ന പ്രവര്‍ത്തികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ഭവനങ്ങളിലെ തേച്ചു മിനുക്കലുകളും നോമ്പ് തുറക്ക് പ്രത്യേക വിഭവങ്ങള്‍ ഒരുക്കുന്നതിനുള്ള വിഭവ ശേഖരണവുമെല്ലാം പൂര്‍ത്തിയാക്കി ആത്മ സമര്‍പ്പണത്തിനായി വിശ്വാസി സമൂഹം കാത്തിരിക്കുന്നു.

ഒരു മാസക്കാലത്തെ ഇനിയുള്ള രാപകലുകള്‍ ആരാധനാ മുഖരിതമാകും. പകലുകളില്‍ പ്രപഞ്ചനാഥന് വേണ്ടി അന്നപാനീയങ്ങള്‍ വര്‍ജിച്ചും രാത്രികള്‍ പ്രാര്‍ഥന കൊണ്ട് സമ്പന്നമാക്കിയും റമസാനെ വിശ്വാസികള്‍ ആദരിക്കും. ഖുര്‍ആന്‍ അനുശാസിക്കുന്ന രീതിയില്‍ ജീവിതം ചിട്ടപ്പെടുത്തുകയെന്നതും റമസാനിന്റെ സന്ദേശമാണ്. അഞ്ച് നേരത്തെ നിര്‍ബന്ധ നിസ്‌കാരത്തിനും രാത്രിയിലെ തറാവീഹിനും വിവിധ സമയങ്ങളിലുള്ള ഉദ്‌ബോധന ക്ലാസുകള്‍ക്കുമൊക്കെയായി ഇനിയുള്ള ഒരു മാസം പള്ളികള്‍ സജീവമാകും.
ദാനധര്‍മങ്ങളാണ് റമസാനിലെ മറ്റൊരു പ്രത്യേകത. സത്കര്‍മങ്ങള്‍ക്കൊക്കെയും അനേകമിരട്ടി പ്രതിഫലം ലഭിക്കുന്ന മാസമായതിനാല്‍ വിശ്വാസികള്‍ ഏറെയും നിര്‍ബന്ധ ദാനമായ സക്കാത്ത് കൊടുത്തു വീട്ടുന്നതും റമസാനിലാണ്. വ്യക്തികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നാടെങ്ങും വിപുലമായ റിലീഫ് പ്രവര്‍ത്തനങ്ങളും നടക്കും.
പള്ളികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന നോമ്പ്തുറകള്‍ പങ്കുവെക്കലിന്റെ വലിയ സന്ദേശമാണ് നല്‍കുക. വഴി യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കുമെല്ലാം പള്ളികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന നോമ്പ്തുറകള്‍ വലിയ ആശ്വാസമാണ്. കൂടാതെ കുടുംബ ബന്ധങ്ങളും മറ്റും ഊട്ടിയുറപ്പിക്കന്ന നോമ്പ്തുറകളും ഇതര മതസ്ഥരെയും മറ്റും പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന സൗഹൃദ ഇഫ്താറുകളും റമസാനിന്റെ പ്രത്യേകതകളാണ്.