പ്രണയക്കുരുക്കില്‍ പാക്കിസ്ഥാനില്‍ കുടുങ്ങിയ യുവതി ഇന്ത്യയില്‍ തിരിച്ചെത്തി

Posted on: May 25, 2017 1:34 pm | Last updated: May 25, 2017 at 4:22 pm

ന്യൂഡല്‍ഹി: പ്രണയത്തില്‍കുടുങ്ങി പാക്കിസ്ഥാനില്‍ അകപ്പെട്ട യുവതി ഉസ്മ ഇന്ത്യയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഭയം തേടിയ യുവതി വാഗാ അതിര്‍ത്തി വഴിയാണ് സ്വദേശത്തേക്ക് മടങ്ങിയെത്തിയത്. ഇന്ത്യയുടെ പുത്രിയായ ഉസ്മയെ മാതൃരാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായും അവര്‍ക്കുണ്ടായ എല്ലാ ബുദ്ധീമുട്ടിലും ക്ഷമ ചോദിക്കുന്നതായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

ഇരുപത് വയസ്സുകാരിയായ ഉസ്മ പാക് സ്വദേശിയായ താഹിര്‍ അലിയുമായി മലേഷ്യയില്‍വെച്ച് പ്രണയത്തിലാകുന്നതാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് ഇന്ത്യയില്‍ മടങ്ങിയെത്തിയ ഉസ്മ മെയ് ഒന്നിന് വാഗാ അതിര്‍ത്തി വഴി പാക്കിസ്ഥാനില്‍ എത്തുകയായിരുന്നു. അവിടെ എത്തിയപ്പോഴാണ് താഹിര്‍ വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണെന്ന് ഉസ്മ അറിയുന്നത്. തുടര്‍ന്ന് അവര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഭയം തേടുകയായിരുന്നു.

അതിനിടെ, തിരിച്ച് ഇന്ത്യയിലേക്ക് പോരാന്‍ ശ്രമിച്ചപ്പോള്‍ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചതായി ഉസ്മ പറഞ്ഞു. വിവരങ്ങള്‍ ഇന്ത്യന്‍ എംബസിയില്‍ അറിയിച്ചത് അനുസരിച്ച് വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെടുകയും ഉസ്മക്ക് നാട്ടിലേക്ക് എത്തുന്നതിന് വഴിയൊരുക്കുകയുമായിരുന്നു.