പോലീസുകാരനെ ബൈക്ക് കൊണ്ടിടിച്ച് വീഴ്ത്തിയ പ്രതികള്‍ക്ക്18 വര്‍ഷം തടവും ചാട്ടവാറടിയും

Posted on: May 24, 2017 10:30 am | Last updated: May 24, 2017 at 10:26 am

ജിദ്ദ: ജിദ്ദ കോര്‍ ണീഷില്‍ പോലീസുകാരനെ ബൈക്ക് കൊണ്ടിടിച്ച് വീഴ്ത്തിയ കേസിലെ പ്രതികള്‍ക്ക് 5 വര്‍ഷം മുതല്‍ 18 വര്‍ഷം വരെ തടവും ഓരോ വര്‍ഷവും 100 ചാട്ടവാറടി വീതം നല്‍കാനും ജിദ്ദ ക്രിമിനല്‍ കോടതി വിധിച്ചു.

ഒന്നാം പ്രതിയായ സഊദി പൗരന്‍ സിദ്ദീഖ്? അല്‍ റഷീദിക്കാണു 18 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. വിദേശികളായ മറ്റു പ്രതികള്‍ കുറ്റ കൃത്യത്തിലെ പങ്കിനനുസരിച്ച് 5 വര്‍ഷം മുതല്‍ 16 വര്‍ഷം വരെ തടവ് ശിക്ഷയനുഭവിക്കണം. തടവനുഭവിക്കുന്ന ഓരോ വര്‍ഷവും 100 ചാട്ടവാറടിയും ലഭിക്കും. ഒരു നൈജീരിയക്കാരന്‍, 2 യമനികള്‍ 3 ഛാഡ് വംശജര്‍ എന്നിവരാണു കൂട്ടുപ്രതികള്‍

കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നു ജിദ്ദ കോര്‍ണീഷില്‍ വെച്ച് റോഡില്‍ അഭ്യാസം നടത്തുകയായിരുന്ന പ്രതികള്‍ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരന്റെ നേരെ ബൈക്ക് ഓടിച്ച് ഇടിച്ചത്. അടുത്ത ഫ്‌ലാറ്റിലെ ഒരു സ്ത്രീ സംഭവം മൊബെയില്‍ ക്യാമറയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യങ്ങള്‍ പരക്കുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍ പെട്ട മക്ക ഗവര്‍ണ്ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഉടന്‍ തന്നെ പ്രതികളെ പിടി കൂടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

സംഭവം മൊബെയിലില്‍ പകര്‍ത്തിയ സ്വദേശി വനിതയേയും കുറ്റവാളികളെ പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥരെയും മക്ക ഗവര്‍ണര്‍ ആദരിച്ചിരുന്നു.