International
സമാധാനത്തിന് വേണ്ടി എന്തും ചെയ്യും: ട്രംപ്

വാഷിംഗ്ടണ്‍: ഇസ്‌റാഈല്‍ – ഫലസ്തീന്‍ സമാധാന കരാറിന് വേണ്ടി എന്തുവേണമെങ്കിലും ചെയ്യാമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറപ്പ്. ഫലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏറെ പ്രയാസമേറിയ കരാറാകും ഇസ്‌റാഈലിനും ഫലസ്തീനിനുമിടയിലുണ്ടാകുകയെന്നും ട്രംപ് വ്യക്തമാക്കി.
ശക്തമായ പ്രതിഷേധത്തിനിടെയാണ് ഫലസ്തീനില്‍ ട്രംപ് സന്ദര്‍ശനം നടത്തിയത്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് അവസാനം കുറിച്ചാണ് ട്രംപ് ഫലസ്തീനിലെത്തിയത്. ഇസ്‌റാഈല്‍ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ഫലസ്തീന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തിയത്. ട്രംപിന്റെ രൂപത്തിന് നേരെ തോക്കുയര്‍ത്തിയും മറ്റും പ്രക്ഷോഭകര്‍ തെരുവില്‍ നിറഞ്ഞു. കടുത്ത ഫലസ്തീന്‍, മുസ്‌ലിംവിരുദ്ധ നിലപാട് സ്വീകരിച്ച ട്രംപിന്റെ ഫലസ്തീന്‍ സന്ദര്‍ശനത്തില്‍ ആത്മാര്‍ഥതയില്ലെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്.