Gulf
ആഗോള ഗതാഗത മേഖലക്ക് ദുബൈ മാതൃക; ഇ സി3 യാഥാര്‍ഥ്യമായി

ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ സമീപം
ദുബൈ: റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ)യുടെ വിവിധ കണ്‍ട്രോള്‍ സെന്ററുകളുടെ നിയന്ത്രണം ഇനി മുതല്‍ ഇ സി3 എന്ന എന്റര്‍പ്രൈസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ നിന്ന്. ആര്‍ ടി എയുടെ എല്ലാ യൂണിറ്റുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിര്‍വഹിച്ചു. മേഖലയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു കേന്ദ്രം യാഥാര്‍ഥ്യമാകുന്നത്.
പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താനും സംയോജിത ഭരണനിര്‍വഹണത്തിന് ചലനക്ഷമത കൂട്ടാനും സാധിക്കുന്ന കേന്ദ്രം ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020ക്ക് മുന്നോടിയായി ആഗോളതലത്തിലെ വലിയ സ്മാര്‍ട് നഗരമായി മാറാനുള്ള ദുബൈയുടെ കുതിപ്പിന് വേഗം കൂട്ടുന്നതാണ്.
ദുബൈ മെട്രോ, ട്രാം, ബസ്, ടാക്‌സി, ജലഗതാഗത സംവിധാന നിയന്ത്രണ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം നിയന്ത്രിക്കുന്ന സംയോജിത നിയന്ത്രണ കേന്ദ്രമാണ് സെന്റര്‍.
ഉപഭോക്താക്കളുടെ യാത്രാനുഭവങ്ങള്‍ മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ ചെയ്യാനും വിവിധ ഗതാഗത മാര്‍ഗങ്ങളില്‍നിന്ന് അവര്‍ക്ക് അനുഭവപ്പെട്ട സന്തോഷം നേരിട്ട് അടായളപ്പെടുത്തലും ഇനി കേന്ദ്രത്തിലൂടെയാകും. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് എമിറേറ്റിലെ യാത്രക്കാരുടെ സംതൃപ്തി അളക്കും. നിയന്ത്രണ കേന്ദ്രത്തില്‍നിന്ന് ഉപഭോക്താക്കളെ ബന്ധപ്പെട്ട് സ്മാര്‍ട് ഗതാഗത സംവിധാനങ്ങളെക്കുറിച്ച് അവരുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും.
ഗതാഗതക്കുരുക്കുകള്‍ ലഘൂകരിക്കാനും യാത്രാ സമയവും ചെലവും കുറക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും എമിറേറ്റ് നേരിടുന്ന ഗതാഗത രംഗത്തെ വലിയ വെല്ലുവിളിയായ പരിസ്ഥിതി മലിനീകരണം തടയാനും കേന്ദ്രത്തിന് സാധ്യമാകും.
അമേരിക്ക, ഇംഗ്ലണ്ട്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ തുടങ്ങി ഗതാഗത മേഖലയിലെ വികസിത രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തി 33.5 കോടി ദിര്‍ഹം ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരത്തോടെ കേന്ദ്രം യാഥാര്‍ഥ്യമാക്കിയത്. അഞ്ചു നിലകളായി 2,996 ചതുരശ്രയടിയിലാണ് കേന്ദ്രം.
ഹെലിപ്പാട്, പ്രധാന കണ്‍ട്രോള്‍ സെന്റര്‍, അഞ്ച് അനുബന്ധ കണ്‍ട്രോള്‍ സെന്ററുകള്‍, രണ്ട് മള്‍ടി പര്‍പസ് ഹാളുകള്‍, പ്രസ് സെന്റര്‍, ട്രെയ്‌നിംഗ് ഹാള്‍ തുടങ്ങിയവയുള്‍പെട്ടതാണ് കേന്ദ്രം.
ഉദ്ഘാടനത്തിന് ശേഷം ശൈഖ് മുഹമ്മദ് കണ്‍ട്രോള്‍ റൂം പരിശോധിച്ചു. 36 ജീവനക്കാരാണ് കണ്‍ട്രോള്‍ സെന്ററില്‍. 11,231 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ആര്‍ ടി എ ഡയറക്ടര്‍ ജനറലും എക്‌സിക്യുട്ടീവ് ഡയറക്‌ടേഴ്‌സ് ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍, ദുബൈ പ്രോട്ടോകോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍, ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി തുടങ്ങിയവര്‍ സംബന്ധിച്ചു.