റമസാനില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം അഞ്ച് മണിക്കൂര്‍

Posted on: May 23, 2017 8:15 pm | Last updated: May 23, 2017 at 8:25 pm

ദുബൈ: റമസാന്‍ വ്രത നാളുകളിലെ സ്‌കൂള്‍ സമയ ക്രമം യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. പുതുക്കിയ സമയക്രമം അനുസരിച്ച് ഈ മാസം 28 മുതല്‍ അഞ്ച് മണിക്കൂറായിരിക്കും സ്‌കൂള്‍ സമയം. ആണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള സ്‌കൂളുകള്‍ രാവിലെ എട്ട് മുതല്‍ ആരംഭിക്കും. പെണ്‍കുട്ടികളുടെ സ്‌കൂളുകളും കിന്‍ഡര്‍ ഗാര്‍ടന്‍ വിഭാഗവും രാവിലെ ഒന്‍പതു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ശാരീരിക വ്യായാമങ്ങളും സ്‌കൂളിന് വെളിയിലുള്ള മറ്റ് പാഠ്യേതര പരിപാടികളും നിര്‍ത്തിവെക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

നിര്‍ജലീകരണം സംഭവിക്കുന്നതിനാല്‍ ചൂടേല്‍ക്കുന്ന വിധത്തിലുള്ള ഒരു പരിപാടികളിലും കുട്ടികളെ ഉള്‍പെടുത്തരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. രാവിലെ നടത്തുന്ന അസംബ്ലി നിര്‍ത്തിവെക്കണം. ആദ്യ ക്ലാസ് സമയത്ത് അഞ്ച് മിനിറ്റ് ദേശീയ ഗാനം ഉള്‍പെടുത്തണം. ഇടക്ക് ഏര്‍പെടുത്തുന്ന ബ്രേക്ക് സമയം 10 മിനുറ്റായി കുറക്കണം. 40 മിനിറ്റായി ഓരോ ക്ലാസും ക്രമീകരിക്കണം. ജൂണ്‍ 22ന് അവസാനിക്കുന്ന 2016-2017 സ്‌കൂള്‍ അധ്യയന വര്‍ഷ പരിസമാപ്തി വരെ റമസാന്‍ സമയക്രമം തുടരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.