കാശ്മീരി യുവാവിനെ വാഹനത്തില്‍ കെട്ടിവെച്ച സൈനികന് സെവാഗിന്റെ അഭിനന്ദനം

Posted on: May 23, 2017 4:35 pm | Last updated: May 24, 2017 at 12:18 pm

ന്യൂഡല്‍ഹി : സുരക്ഷാ സേനയ്ക്കു നേരെ കല്ലെറിഞ്ഞ കശ്മീരി യുവാവിനെ സൈനിക വാഹനത്തിനു മുന്നില്‍ കെട്ടിവച്ച സൈനിക ഉദ്യോഗസ്ഥന് അഭിനന്ദനവുമായി ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ്. ഭീകരവിരുദ്ധ നടപടികള്‍ക്കുള്ള അംഗീകാരമായി മേജര്‍ ലീത്തുല്‍ ഗോഗോയ്ക്ക് കരസേന പ്രത്യേക ബഹുമതി നല്‍കി ആദരിച്ചതിനു പിന്നാലെയാണ് സെവാഗിന്റെ അഭിനന്ദനം. ‘മെഡല്‍ നേട്ടത്തിന് അഭിനന്ദനങ്ങള്‍, മേജര്‍ നിതിന്‍ ഗോഗോയ്. സൈനികരെയും മറ്റും സുരക്ഷിതരാക്കാന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്’. സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞമാസം ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെ ഫാറുഖ് അഹമ്മദ് ധര്‍ എന്ന യുവാവിനെ സേനാവാഹനത്തിന്റെ ബോണറ്റില്‍ കെട്ടിവച്ചു കൊണ്ടുപോയെന്ന സംഭവം വിമര്‍ശനത്തിനു കാരണമായിരുന്നു. സൈനികര്‍ക്കെതിരെ കല്ലേറു തടയാനാണ് ഇതു ചെയ്തതെന്നായിരുന്നു സുരക്ഷാസേനാ ഉദ്യോഗസ്ഥരുടെ വിശദീകരണം.

വിവാദപ്രവൃത്തി സംബന്ധിച്ച സൈനികക്കോടതി അന്വേഷണം നടക്കുന്നതിനിടെയാണ് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് മേജര്‍ക്ക് അംഗീകാരം നല്‍കിയത്‌