സംസ്ഥാനത്തെ രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൈത്തറി യൂണിഫോം

Posted on: May 23, 2017 11:17 am | Last updated: May 23, 2017 at 11:17 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം വിതരണത്തിന്റെ ഒന്നാംഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.യൂണിഫോം രണ്ട് സെറ്റ് വീതം നല്‍കുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. ഒന്നാം ഘട്ടമായി ഈ അധ്യയനവര്‍ഷം സര്‍ക്കാര്‍ എല്‍പി സ്‌കൂളുകളില്‍ 2.30 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 9.25 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്യുന്നത്.

തിരുവനന്തപുരം മുതല്‍ എറണാകുളംവരെയുള്ള ജില്ലകളില്‍ ഹാന്‍ടെക്‌സും തൃശൂര്‍ മുതല്‍ കാസര്‍കോടുവരെ ഹാന്‍വീവുമാണ് നെയ്ത്തിന് ചുക്കാന്‍പിടിച്ചത്. യൂണിഫോം വിതരണത്തിന്റെ ജില്ലാ ഉദ്ഘാടനങ്ങള്‍ വരുംദിവസങ്ങളില്‍ നടക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും വിദ്യാര്‍ഥികളുംചേര്‍ന്ന് യൂണിഫോം ഏറ്റുവാങ്ങി.
വിജെടി ഹാളില്‍ കൈത്തറിത്തൊഴിലാളികളും വിദ്യാഭ്യാസവ്യവസായ മേഖലകളിലുള്ളവരും നിറഞ്ഞ സദസ്സില്‍ വ്യവസായമന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനായി.

പരമ്പരാഗത തൊഴില്‍മേഖലകളില്‍ തൊഴിലുറപ്പാക്കാന്‍ ഒരുവര്‍ഷംകൊണ്ട് സാധിച്ചതിന് തെളിവാണ് കൈത്തറി യൂണിഫോം പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കയര്‍, കശുവണ്ടി മേഖലയിലുള്‍പ്പെടെ തൊഴിലുറപ്പ് സാധ്യമായിത്തുടങ്ങി. കൈത്തറിയുടെ അഭിവൃദ്ധിയുടെ ഘട്ടമാണ് ഇനിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയിലൂടെ ഉറച്ച മാര്‍ക്കറ്റ് ഉറപ്പാക്കാനായപ്പോള്‍ തൊഴിലാളികള്‍ക്ക് ജോലിയും കൂലിയും ഉറപ്പായി. സേവനപദ്ധതിയായതിനാല്‍ കുറഞ്ഞ ലാഭത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ ഹാന്‍ടെക്‌സിനും ഹാന്‍വീവിനും സാധിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. പരമ്പരാഗതമേഖലയിലെ അരക്ഷിതാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനും പുത്തനുണര്‍വ് സൃഷ്ടിക്കാനും പദ്ധതിക്ക് കഴിഞ്ഞതായി വ്യവസായമന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, കൈത്തറി കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി അരക്കന്‍ ബാലന്‍, ഹാന്‍വീവ് ചെയര്‍മാന്‍ കെ പി സഹദേവന്‍, ഹാന്‍ടെക്‌സ് പ്രസിഡന്റ് പെരിങ്ങമ്മല വിജയന്‍, പി കെ സുധീര്‍ എന്നിവര്‍ സംസാരിച്ചു. വ്യവസായവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജയ് കൌര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എ ഗോപാലകൃഷ്ണ ഭട്ട് സ്വാഗതം പറഞ്ഞു.