പ്രവര്‍ത്തനത്തില്‍ പോരായ്മ; പി എസ് സിക്കും സി എ ജിയുടെ വിമര്‍ശം

Posted on: May 23, 2017 8:18 am | Last updated: May 22, 2017 at 11:19 pm

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ പോരായ്മകളെന്ന്ന്ന് സി എ ജിയുടെ രൂക്ഷവിമര്‍ശം. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും 128 തസ്തികകളിലായി നികത്തേണ്ടിയിരുന്ന 452 ഒഴിവുകള്‍ക്ക് പി എസ് സി വിജ്ഞാപനം പുറപ്പെടുവിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.

വിശേഷാല്‍ ചട്ടങ്ങളുടെ രൂപവത്കരണത്തിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും കാലതാമസമുണ്ടാകുന്നതായും ഭിന്നശേഷിക്കാര്‍ക്ക് നിയമനം നിഷേധിച്ചതും സര്‍ക്കാറിന് ഉപദേശം നല്‍കുന്നതില്‍ ന്യൂനതകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതില്‍ പി എസ് സിയുടെ ഭാഗത്ത് നിന്ന് 11 മാസം മുതല്‍ ആറ് വര്‍ഷം വരെ കാലതാമസമുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്കായി നിശ്ചയിച്ച നിയമന മാനദണ്ഡങ്ങളില്‍ കമ്മീഷന്‍ മാറ്റം വരുത്തിയത് അവര്‍ക്ക് ലഭിക്കേണ്ട നിയമനം നിഷേധിക്കപ്പെട്ടു. ഇത് 1995ലെ ഭിന്നശേഷി നിയമത്തിന്റെ ലംഘനമാണ്.

നിയമനം ലഭിച്ചവര്‍ ജോലിയില്‍ ചേരാത്തതുമൂലമുണ്ടായ (എന്‍ ജെ ഡി) ഒഴിവുകളെ പുതിയ ഒഴിവുകളായി കണക്കാക്കാന്‍ തീരുമാനിച്ചതിലൂടെ 11 ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമനം ലഭിക്കാതെ പോയത്. ഇതിന് പുറമെ വിവിധ സമുദായങ്ങള്‍ക്ക് സംവരണ നഷ്ടമുണ്ടാകുകയും ചെയ്തു. 40 ശതമാനമോ അതിലധികമോ കാഴ്ച പരിമിതരായവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന പക്ഷം പരീക്ഷക്ക് സഹായിയുടെ സൗകര്യം അനുവദിക്കണമെന്നിരിക്കെ 75 ശതമാനത്തിന് പുറത്തുള്ളവര്‍ക്ക് മാത്രമാണ് കമ്മീഷന്‍ ഈ സൗകര്യം അനുവദിച്ചത്. പി എസ് സി നിയമം നിലവില്‍ വന്നിട്ട് 47 വര്‍ഷം കഴിഞ്ഞിട്ടും 12 സര്‍ക്കാര്‍ സര്‍വീസുകള്‍ക്ക് ചട്ടങ്ങള്‍ രൂപവത്കരിച്ചിട്ടില്ല. സര്‍ക്കാറിന് കൃത്യമായി ഉപദേശം നല്‍കാത്തതിനാല്‍ 15 തസ്തികകളിലെ ചട്ടംഭേദഗതി ചെയ്യാന്‍ കഴിഞ്ഞിട്ടുമില്ല. ഇതെല്ലാം നിയമനപ്രകിയയെ ബാധിക്കുന്നുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറക്ക് ആ തസ്തികയിലേക്ക് റാങ്ക് ലിസ്റ്റ് നിലവിലില്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ പിഎസ് സി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് നിയമം. 107 ഒഴിവുകളില്‍ വിജ്ഞാപനം ഇറക്കുന്നതില്‍ ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലതാമസമുണ്ടായപ്പോള്‍ 103 ഒഴിവുകളില്‍ അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ കാലതാമസമുണ്ടായി. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അറബിക് ടീച്ചര്‍ തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഒഴിവുകളുടെ ലഭ്യത ഉറപ്പാക്കാത്തതിനാല്‍ ഒരൊറ്റ ആളെ പോലും നിയമിക്കാനാകാതെ ലിസ്റ്റ് റദ്ദാക്കേണ്ടി വന്നതായും സി എ ജി ചൂണ്ടിക്കാട്ടി.