Connect with us

Gulf

തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇന്ത്യക്കാരന് സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി

Published

|

Last Updated

ഷാര്‍ജ: റോഡപകടത്തില്‍ ഗുരുതര പരുക്കേറ്റ് ദൈദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇന്ത്യക്കാരന് മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി. ദൈദില്‍ വെല്‍ഡറായി ജോലി ചെയ്യുകയായിരുന്ന ഉത്തര്‍പ്രദേശ് ബറേലി സ്വദേശി ഇസ്രാര്‍ ഇഖ്‌റമുദ്ദീനാ(23)ണ് ദുബൈയിലെ സാമൂഹിക പ്രവര്‍ത്തകരും പി ആര്‍ഒ അസോസിയേഷന്‍ ഭാരവാഹികളുമായ നന്തി നാസര്‍, സലീം ഇട്ടമ്മല്‍, മോയിന്‍, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സി എസ്ആര്‍ ഇനീഷ്യേറ്റീവ് മാനേജര്‍ കെ എസ് ഹംസ എന്നിവര്‍ സഹായവുമായെത്തിയത്. ഇവരുടെ ശ്രമഫലമായി യുവാവിനെ നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.

മൂന്ന് മാസം മുമ്പാണ് ഇസ്രാറിനെ റോഡരികിലൂടെ നടന്നുപോകുമ്പോള്‍ വാഹനമിടിച്ചത്. തലക്ക് ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. എന്നാല്‍, ഇസ്രാറിന് ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ല. ഇയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ എത്താത്തതിനെതുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ പി ആര്‍ ഒ അസോസിയേഷന്‍ മുഖ്യ രക്ഷാധികാരി നന്ദി നാസറിനെ വിവരമറിയിക്കുകയായിരുന്നു.
ഇദ്ദേഹം അസോസിയേഷന്‍ പ്രസിഡന്റ് സലീം ഇട്ടമ്മല്‍, ജോയിന്റ് സെക്രട്ടറി മോയിന്‍, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സിഎസ്ആര്‍ ഇനീഷ്യേറ്റീവ് മാനേജര്‍ കെ എസ് ഹംസഎന്നിവര്‍ ആശുപത്രിയില്‍ ഇസ്രാറിനെ സന്ദര്‍ശിച്ചു. യുവാവിന്റെ കൈവശമുണ്ടായിരുന്ന എമിറേറ്റ്‌സ് ഐഡിയിലെ വിവരപ്രകാരം ഇയാള്‍ ജോലി ചെയ്തിരുന്ന കമ്പനിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍, അങ്ങനെയൊരു കമ്പനി നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന വിവരമാണ് ലഭിച്ചത്. ഇയാളെതേടി ഇതുവരെ ബന്ധുക്കളോ സുഹൃത്തുക്കളോ എത്തിയിട്ടില്ല. ദയനീയ അവസ്ഥയില്‍ കഴിയുന്ന യുവാവിനെ അടിയന്തരമായി നാട്ടില്‍ കൊണ്ടുപോയി ചികിത്സ നല്‍കണമെന്നും കോണ്‍സുലേറ്റിന്റെ സഹായംകൂടി ലഭിച്ചാല്‍ അതിന് സാധിക്കുമെന്നും നന്തി നാസര്‍ പറഞ്ഞു.

Latest