Connect with us

National

പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട മേജര്‍ക്ക് സൈനിക മെഡല്‍

Published

|

Last Updated

ശ്രീനഗര്‍: കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട മേജര്‍ നിതിന്‍ ഗോഗോയിക്ക് സൈനിക മെഡല്‍. ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം മനുഷ്യ കവചം തീര്‍ത്ത സംഭവത്തില്‍ ഇദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.

ഏപ്രില്‍ ഒമ്പതിന് ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെയാണ് ഫാറൂഖ് അഹമ്മദ് ഖാന്‍ എന്ന ഇരുപത്താറുകാരനെ സൈന്യം മനുഷ്യ കവചമാക്കിയത്. ബല്‍ഗാം ജില്ലയില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാനാണ് ഇയാളെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ടത്.

ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായിരുന്നു. സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് ഫാറൂഖിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടത്. എന്നാല്‍ താന്‍ കല്ലെറിഞ്ഞിട്ടില്ലെന്നും വോട്ട് ചെയ്ത് തിരികെ പോകുമ്പോള്‍ സൈനികര്‍ പിടികൂടുകയായിരുന്നെന്ന് ഫാറൂഖ് പറയുന്നു. അഞ്ചു മണിക്കൂറോളം തന്നെ ജീപ്പില്‍ കെട്ടിയിട്ടതായും ഫാറൂഖ് പറഞ്ഞു