സ്‌കൂള്‍ പഠന സമയത്തില്‍ മാറ്റം വരുത്തരുതെന്ന് മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടു

Posted on: May 22, 2017 11:46 am | Last updated: May 22, 2017 at 11:48 am

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളിലെ പഠന സമയത്തില്‍ മാറ്റം വരുത്തരുതെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. സ്‌കൂളുകളുടെ പഠനസമയത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ല. നിലവില്‍ സ്‌കൂളുകളുടെ സമയമായ രാവിലെ 10 മണിക്ക് പകരം നേരത്തെ ആക്കണമെന്ന നിര്‍ദേശം വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുമെന്ന് മാത്രമല്ല പതിനഞ്ച് ലക്ഷം വിദ്യാര്‍ഥികളുടെ മദ്‌റസാ പഠനത്തെ സാരമായി ബാധിക്കുകയും ചെയ്യും.

2007ല്‍ സ്‌കൂള്‍ സമയമാറ്റ നിര്‍ദേശത്തിനെതിരേയുള്ള പ്രക്ഷോഭത്തെ തുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ മുസ്‌ലിം സംഘടനകള്‍ക്ക് സ്‌കൂള്‍ സമയം മാറ്റില്ലെന്ന് രേഖാമൂലം ഉറപ്പുനല്‍കിയിരുന്നു. സ്‌കൂളുകളില്‍ നിലവിലുള്ള പഠനസമയം തുടരുന്നതാണ് അഭികാമ്യമെന്നും യോഗം വിലയിരുത്തി.

കേരളാ ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ദക്ഷിണ കേരള ജംഇയ്യത്തും ഉലമാ നേതാവുമായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്തു. കെ മോയിന്‍കുട്ടി മാസ്റ്റര്‍ വിഷയാവതരണം നടത്തി. വിവിധ സംഘടനകളെ പ്രതിനധീകരിച്ച് വി എം കോയമാസ്റ്റര്‍ (സമസ്ത), എം സി മായിന്‍ ഹാജി, കെ കെ ഹംസ, അഡ്വ. യു എ ലത്വീഫ് (മുസ്‌ലിം ലീഗ്), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ ഉമര്‍ ഫൈസി മുക്കം, ഹാജി കെ മമ്മദ് ഫൈസി, എം എ ചേളാരി, സലീം എടക്കര (ചേളാരി സമസ്ത), വി അബ്ദുസ്സലാം (കെ എന്‍ എം), പി പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി, പി കെ നൗഷാദ് (ജമാഅത്തെ ഇസ്‌ലാമി), എം വി എ സിദ്ദീഖ് ബാഖവി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), മുജീബ് ഓട്ടുമ്മല്‍ (ഐ എസ് എം വിസ്ഡം), എം പി അബ്ദുല്‍ ഖാദിര്‍ (സി ഐ ഇ ആര്‍), കെ കെ അബ്ദുല്‍ ജബ്ബാര്‍, ടി പി അബ്ദുല്‍ ഹഖ്, പി. മുഹമ്മദലി, കെ നൗഷാദ്, ടി കെ അബ്ദുല്‍ അസീസ്, ടി സി അബ്ദുല്ലത്വീഫ് (കെ എ ടി എഫ്) സംസാരിച്ചു.

തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് കെ മോയിന്‍ കുട്ടി മാസ്റ്റര്‍ കോ- ഓര്‍ഡിനേറ്ററും കെ പി എ മജീദ്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം സി മായിന്‍ ഹാജി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, വി എം കോയ മാസ്റ്റര്‍, പി പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി, വി കെ ബാവ, മുജീബ് ഓട്ടുമ്മല്‍, എം വി എ സിദ്ദിഖ് ബാഖവി, എം മുഹമ്മദ് എന്നിവര്‍ അംഗങ്ങളുമായ സമിതിക്കു രൂപം നല്‍കി. കെ എ ടി എഫ് പ്രസിഡന്റ് എ മുഹമ്മദ് സ്വാഗതവും സെക്രട്ടറി സി അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.