സുരേഷ് ഗോപിയുടെ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

Posted on: May 20, 2017 3:31 pm | Last updated: May 20, 2017 at 7:27 pm


തിരുവനന്തപുരം: ബിജെപി രാജ്യസഭാംഗം സുരേഷ് ഗോപി മുംബൈയില്‍ ചെന്ന് കേരളത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എം പി ഫണ്ട് വിനിയോഗിക്കാന്‍ എന്തു തടസ്സമാണുണ്ടായതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കണമാക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

‘മാക്രിക്കൂട്ടം’ തടസ്സം നില്‍ക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണത്? ഏതു ഭാഷയാണത്? ബിജെപിക്ക് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നേതൃത്വവും ഉള്ള സംസ്ഥാനമാണ് കേരളം. അവിടങ്ങളില്‍ ദുരനുഭവമുണ്ടായോ?. കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ നാടകമാണ് എന്നാരോപിക്കുമ്പോള്‍ സമാധാന ചര്‍ച്ചയില്‍ പങ്കാളികളായ ബി ജെ പി കേരള നേതൃത്വം അഭിനയിക്കുകയാണ് എന്നാണോ ഉദ്ദേശിക്കുന്നത്? സ്വന്തം പാര്‍ട്ടിയെക്കുറിച്ചെങ്കിലും അവശ്യം വിവരങ്ങള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നതു കൊണ്ടാണോ ഈ പ്രസ്താവന എന്ന് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണ്.

എം പി ഫണ്ട് വിനിയോഗിക്കാന്‍ ഏതു തടസ്സമുണ്ടായാലും അത് പരിഹരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ സുരേഷ് ഗോപിക്ക് സര്‍ക്കാറിന്റെ സഹായമുണ്ടാകും.
അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് പകരം, സംസ്ഥാനത്ത് ഏതു ഭാഗത്ത്, എന്തു പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി ക്രിയാത്മകമായി പ്രതികരിക്കാന്‍ അദ്ദേഹം തയാറാകും എന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ആര്‍ജവമില്ലെന്നും മുഖ്യമന്ത്രി നടത്തുന്ന സമാധാന ശ്രമങ്ങള്‍ നാടകമാണോയെന്ന് സംശയിക്കുന്നതായും മുംബൈയില്‍ ഒരു പരിപാടിക്കിടെ സുരേഷ് ഗോപി ആരോപിച്ചിരുന്നു.