കോട്ടയം ജില്ലാ പഞ്ചായത്തില്‍ സി പി എം – കേരള കോണ്‍ഗ്രസ് കൂട്ടുകെട്ട് വീണ്ടും

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ ഒരുവിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് കോട്ടയം ജില്ലാ പഞ്ചായത്തില്‍ സി പി എം -കേരള കോണ്‍ഗ്രസ് കൂട്ടുകെട്ട് വീണ്ടും. വികസനകാര്യ സ്ഥിരം സമിതിയിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ സി പി എം പിന്തുണയോടെ മത്സരിച്ച കാഞ്ഞിരപ്പള്ളി ഡിവിഷനിലെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വിജയിച്ചു. കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരിച്ച് മേയ് മൂന്നിന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമായിരുന്നു ഇന്നലെയും പ്രകടമായത്. സെബാസ്റ്റിയന്‍ കുളത്തുങ്കലിന് 12 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ അയര്‍ക്കുന്നം ഡിവിഷന്‍ പ്രതിനിധി ലിസമ്മ ബേബിക്ക് എട്ട് വോട്ട് കിട്ടി. ജില്ലാ പഞ്ചായത്തില്‍ സി പി ഐയുടെ ഏക അംഗം പി സുഗതന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ജനപക്ഷം പൂഞ്ഞാര്‍ ഡിവിഷന്‍ അംഗം ലിസി സെബാസ്റ്റ്യന്‍ വോട്ട് അസാധുവാക്കി. എ ഡി എം. കെ രാജന്‍ വരണാധികാരിയായിരുന്നു. ആകെ 22 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ് എട്ട്, കേരള കോണ്‍ഗ്രസ് ആറ്, സി പി എം ആറ്, സി പി ഐ ഒന്ന്, ജനപക്ഷം ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ കേരളകോണ്‍ഗ്രസ് അംഗം സഖറിയാസ് കുതിരവേലി ജില്ല പഞ്ചായത്ത് പ്രസിഡന്റായതോടെ ഒഴിവുവന്ന വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസമ്മ ബേബി ക്ഷേമകാര്യസമിതി അംഗത്വം രാജിവെച്ചാണ് മത്സരത്തിനിറങ്ങിയത്. വികസനകാര്യം അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പിന്നീട് നടക്കും. പൊതുമരാമത്ത് സ്ഥിരാംഗത്തിന്റെ ഒഴിവിലേക്കും വൈകാതെ തിരഞ്ഞെടുപ്പ് നടക്കും.
Posted on: May 19, 2017 11:48 pm | Last updated: May 19, 2017 at 11:48 pm