സി കെ വിനീതിനെ ജോലിയില്‍ തിരിച്ചെടുത്തേക്കും; ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്ര കായിക മന്ത്രി

Posted on: May 19, 2017 5:41 pm | Last updated: May 19, 2017 at 7:08 pm

തിരുവനന്തപുരം: രാജ്യാന്തര ഫുട്‌ബോള്‍ താരം സി കെ വിനീതിനെ ജോലിയില്‍ തിരിച്ചെടുക്കാന്‍ വഴി തെളിയുന്നു. വിനീതിന്റെ പുനര്‍നിയമനത്തിനായി അക്കൗണ്ടന്റ് ജനറല്‍ ഓഫീസ് ചട്ടങ്ങില്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. കേരള മുഖ്യമന്ത്രിയുമായും സി എ ജിയുമായും സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിനീതിനെ അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ (ഏജീസ് ഓഫീസ്) ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. മതിയായ ഹാജര്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കല്‍. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററാണ് വിനീത്. നാലര വര്‍ഷം മുമ്പാണ് താരം ജോലിയില്‍ പ്രവേശിച്ചത്.

ഓഫീസിലെത്തണമെന്ന് ആവശ്യപ്പെട്ട് വിനീതിന് പല തവണ കത്തയച്ചെന്നും വിനീത് ഔദ്യോഗികമായി മറുപടി നല്‍കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഏജീസ് ഓഫീസ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2011ലാണ് സി കെ വിനീത് ഏജീസില്‍ നിന്ന് രണ്ട് വര്‍ഷത്തെ ലീവ് എടുത്തത്. തുടര്‍ന്ന് അദ്ദേഹം ബെംഗളൂരു എഫ് സിയിലും ദേശീയ ടീമിലും ഉള്‍പ്പെടെ കളിച്ചിരുന്നു. എന്നാല്‍ ലീവിന് ശേഷം വിനീത് ഓഫീസില്‍ ഹാജരായിട്ടില്ല എന്നാണ് ഏജീസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ദേശീയ ടീമില്‍ ഇടം നേടുകയും ഐ എസ് എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി മികച്ച പ്രകടനം നടത്തുകയും ചെയ്ത വിനീതിന് കളിത്തിരക്ക് മൂലം ഓഫീസിലെത്താന്‍ കഴിഞ്ഞിരുന്നില്ല.