കൊച്ചി മെട്രോ ഉദ്ഘാടനം മെയ് 30 ന് ഇല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

> തീയിതിയുടെ കാര്യത്തില്‍ കടുംപിടുത്തമില്ലെന്ന് മന്ത്രി കടകം പള്ളി > പ്രധാനമന്ത്രിയുടെ സൗകര്യമനുസരിച്ച് ഉദ്ഘാടനം മാറ്റാം
Posted on: May 19, 2017 5:17 pm | Last updated: May 19, 2017 at 8:32 pm

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനം മെയ് 30 ന് ഇല്ല. ഉദ്ഘാടനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിക്ക് സൗകര്യപ്രദമായ തീയതിയില്‍ ഉദ്ഘാടനം നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏപ്രില്‍ 11ന് പ്രധാനമന്ത്രിയെ ക്ഷണിച്ച് കത്തയച്ചുവെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നേരത്തെ, മെയ് 30ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടക്കുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്. മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും എന്തെങ്കിലും സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് എത്താന്‍ സാധിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയാകും മെട്രോ ഉദ്ഘാടനം ചെയ്യുകയെന്നും മന്ത്രി കടകംപള്ളി വ്യക്തമാക്കി. എന്നാല്‍ പ്രധാനമന്ത്രിയെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച് ബി ജെ പി നേതാക്കള്‍ രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു.
മെയ് 29 മുതല്‍ ജൂണ്‍ നാല് വരെ പ്രധാനമന്ത്രി യൂറോപ്പ് പര്യടനത്തിലാണ്. അതിനാല്‍ മെയ് 30ന് നടക്കുന്ന ചടങ്ങില്‍ സംബന്ധിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുകയില്ല. ജര്‍മനി, സ്‌പെയിന്‍, റഷ്യ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്.
.