ബ്രിട്ടന്‍ നഗരമായ ലഫ്‌ടോണിന്റെ മേയറായി മലയാളി

Posted on: May 18, 2017 11:21 pm | Last updated: May 18, 2017 at 11:21 pm

ലണ്ടന്‍: ബ്രിട്ടനിലെ ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നായ ലഫ്‌ടോണിന്റെ മേയറായി ഇന്ത്യന്‍ വംശജനും മലയാളിയുമായ കൗണ്‍സിലറെ തിരഞ്ഞെടുത്തു. കഴിഞ്ഞ ഒരു വര്‍ഷമായി ഡപ്യൂട്ടി മേയറായി സേവനമനുഷ്ഠിച്ചുവരുന്ന ഫിലിപ്പ് അബ്രഹാമിനെയാണ് മേയറായി തിരഞ്ഞെടുത്തത്. മുന്‍ മേയര്‍ കറോല്‍ ഡേവിസില്‍നിന്നാണ് ഇദ്ദേഹം സ്ഥാനമേറ്റെടുത്തത്. വനനിബിഡമായ എസെക്‌സ് ജില്ലയിലാണ് ജനസാന്ദ്രത ഏറെയുള്ള ലഫ്‌ടോണ്‍ പട്ടണം.

മേയറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷിക്കുന്നതായും ജനങ്ങളെ സേവിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും തിരഞ്ഞെടുപ്പിന് ശേഷം അബ്രഹാം പറഞ്ഞു. അബ്രഹാം അധ്യക്ഷനായ ആദ്യ യോഗത്തില്‍ സ്റ്റീഫന്‍ മുറെയെ പുതിയ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുത്തു. അല്‍ഡെര്‍ടോണ്‍ വാര്‍ഡിനെയാണ് അബ്രഹാം പ്രതിനിധികരിക്കുന്നത്. 2012ലാണ് ആദ്യമായി അബ്രഹാം കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെടുന്നത്. 2016ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയേതര സംഘടനയായ ലഫ്‌ടോണ്‍ റസിഡന്റ്‌സ് അസോസിയേഷനാണ് ഇദ്ദേഹത്തെ പിന്തുണക്കുന്നത്. യു കെ – കേരള ബിസിനസ് ഫോറത്തിന്റെ സ്ഥാപകനും ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൗണ്‍സില്‍ ഓഫ് കോമേഴ്‌സിന്റെ സഹ സ്ഥാപകനുമാണ് അബ്രഹാം.