Connect with us

Gulf

ചൂടേറും പോരാട്ടത്തിന് ലോകത്തെ ഏറ്റവും തണുപ്പുള്ള തുറന്ന വേദിയൊരുങ്ങി

Published

|

Last Updated

ദോഹ: 45ാമത് അമീര്‍ കപ്പ് കലാശപ്പോരാട്ടം രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വീക്ഷിക്കാനാകുക ലോകത്തെ ഏറ്റവും തണുപ്പുള്ള തുറന്ന വേദിയില്‍ വെച്ച്. ഇതടക്കം നിരവധി നൂതന സംവിധാനങ്ങളോടെ നാളെ വൈകുന്നേരം നടക്കുന്ന മത്സരത്തിന് ഖലീഫ രാജ്യാന്തര സ്റ്റേഡിയം പൂര്‍ണസജ്ജമായി. പ്രശസ്ത ഖത്വരി ക്ലബ്ബുകളായ അല്‍ സദ്ദും അല്‍ റയ്യാനുമാണ് അമീര്‍കപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. കൂടുതല്‍ പേര്‍ക്ക് മത്സരം ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ സ്റ്റേഡിയത്തിന്റെ സീറ്റിംഗ് ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. 48000 കാണികള്‍ക്ക് അമീര്‍ കപ്പ് ഫൈനല്‍ ആസ്വദിക്കാനാകും. 2022 ഫിഫ ലോകകപ്പിനായി രാജ്യത്ത് തയ്യാറായ ആദ്യ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഥമ മത്സരമെന്നതുകൊണ്ടുതന്നെ അമീര്‍കപ്പ് ഫൈനല്‍ കായികലോകത്തിന്റെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. അമീര്‍കപ്പ് ഫൈനല്‍ കാണികള്‍ക്ക് വിസ്മയകരമായ അനുഭവമായിരിക്കുമെന്ന് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, ഖത്വര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍, ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
20222 ഫിഫ ലോകകപ്പിനു മുന്നോടിയായുള്ള ആദ്യത്തെ പ്രധാന പരീക്ഷണ മത്സരമാണ് അമീര്‍ കപ്പ് ഫൈനലെന്ന് സുപ്രീംകമ്മിറ്റി പ്രൊജക്ട് ഡയറക്ടര്‍ മുഹമ്മദ് അമീന്‍ പറഞ്ഞു.

പുതുതലമുറ ശീതീകരണ സങ്കേതമാണ് ഇവിടെ നടപ്പാക്കിയത്. അല്‍സദ്ദ് സ്റ്റേഡിയത്തില്‍ നടപ്പാക്കിയതിന്റെ വിപുലീകൃതവും മെച്ചപ്പെടുത്തിയതുമായ ശീതീകരണ സംവിധാനം സുഖകരമായ അനുഭവം സമ്മാനിക്കും. അധിക സീറ്റുകള്‍ക്കു പുറമെ റൂഫ് കവര്‍, നൂതന ശീതീകരണ സാങ്കേതികസംവിധാനം, സ്‌പോര്‍ട്‌സ് മ്യൂസിയം, പുതിയ ടിക്കറ്റിംഗ് സംവിധാനം, സമഗ്രവും ക്രിയാത്മകവുമായ സുരക്ഷാ സംവിധാനം എന്നിവയുള്‍പ്പടെയുള്ള പുതിയ സൗകര്യങ്ങളാണ് സ്റ്റേഡിയത്തിലൊരുക്കിയത്. ഫിഫയുടെ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും അനുസരിച്ചാണ് ശീതീകരണ സംവിധാനം ഉപയോഗിച്ചത്. ഫിഫ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വേനലില്‍ താപനില 29 ഡിഗ്രി സെല്‍ഷ്യല്‍സിന്റെ മുകളില്‍ പോകാന്‍ പാടില്ല. അക്കാര്യം കര്‍ശനമായി പാലിച്ചിട്ടുണ്ട്. അതിനേക്കാള്‍ കുറഞ്ഞ താപനില നിലനിര്‍ത്താനുള്ള സംവിധാനവും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞതായി അമീന്‍ പറഞ്ഞു. പ്രത്യേക എല്‍ ഇ ഡി ലൈറ്റിംഗ് ക്രമീകരണമാണ് മറ്റൊരു പ്രത്യേകത. എല്‍ ഇ ഡി പിച്ച് ലൈറ്റിംഗ് സംവിധാനം ഉപയോഗിക്കുന്ന ലോകത്തെ മികച്ച പത്ത് സ്റ്റേഡിയങ്ങളുടെ പട്ടികയിലും ഖലീഫ സ്റ്റേഡിയം ഇടംനേടിയിട്ടുണ്ട്. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് ചെല്‍സിയ, പി എസ് വി ഇന്‍ദോവന്‍, ആംസ്റ്റര്‍ഡാം അറീന സ്‌റ്റേഡിയങ്ങളില്‍ ഉപയോഗിച്ച എല്‍ ഇ ഡി പിച്ച് ലൈറ്റിംഗ് സംവിധാനത്തിന്റെ മാതൃകയാണ് ഖലീഫ സ്്‌റ്റേഡിയത്തിലും തയ്യാറാക്കിയത്.

കാണികള്‍ക്ക് വേറിട്ട കാഴ്ചാനുഭവം പ്രദാനം ചെയ്യത്തക്കവിധത്തിലാണ് സ്റ്റേഡിയത്തിന്റെ സീറ്റിംഗ് ക്രമീകരിച്ചത്. കാണികളുടെ ഇരിപ്പിടം തയ്യാറാക്കിയ മുഴുവന്‍ മേഖലയിലും പുതിയ മേല്‍ക്കൂരയാണ് സ്ഥാപിച്ചത്. സ്റ്റേഡിയത്തില്‍ രണ്ടു വി ഐ പി സീറ്റിംഗ് ക്രമീകരണമാണുള്ളത്. പടിഞ്ഞാറന്‍ സ്റ്റാന്‍ഡിലും പുതിയതായി കൂട്ടിച്ചേര്‍ത്ത കിഴക്കന്‍ സ്റ്റാന്‍ഡിലും ഇതിനുള്ള സൗകര്യമുണ്ട്. സ്റ്റേഡിയത്തിന്റെ കിഴക്കന്‍ മേഖലയില്‍ 61 ഹോസ്പിറ്റാലിറ്റി സ്യൂട്ടുകളുണ്ട്. പടിഞ്ഞാറന്‍ മേഖലയില്‍ വി ഐ പി സ്യൂട്ടുകളും ടെലിവിഷന്‍ സംപ്രേഷണത്തിനായുള്ള സ്റ്റുഡിയോകളും സജ്ജമാക്കിയിട്ടുണ്ട്. അംഗപരിമിതര്‍ക്ക് പ്രവേശിക്കുന്നതിന് പ്രത്യേക സൗകര്യമുണ്ട്. സ്റ്റേഡിയത്തിനുള്ളിലും അവര്‍ക്ക് അനുയോജ്യമായ ക്രമീകരണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. കിഴക്കന്‍ സ്റ്റാന്‍ഡില്‍ അംഗപരിമിതര്‍ക്ക് സൗകര്യമുണ്ട്. ഈ മേഖലയില്‍തന്നെ കോര്‍പ്പറേറ്റ് ബോക്‌സുകളും സജ്ജമാക്കിയിട്ടുണ്ട്.
അമീര്‍കപ്പ് ഫൈനലിനായി സ്റ്റേഡിയത്തിനു ചുറ്റുമായി അധികമായി സുരക്ഷാവേലിയും നിര്‍മിച്ചിട്ടുണ്ട്. കാണികളുമായി സൗഹൃദപരമായിട്ടായിരിക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടുക. തുടര്‍ച്ചയായ ഇടവേളകളില്‍ സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിവരുന്നുണ്ട്. സ്റ്റേഡിയത്തിനു ചുറ്റും സി സി ടി വി ക്യാമറകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.

1976ല്‍ നിര്‍മിച്ച ഖലീഫ സ്റ്റേഡിയം ഫിഫ മാനദണ്ഡപ്രകാരമാണ് ഇപ്പോള്‍ നവീകരണം പൂര്‍ത്തിയാക്കിയത്. ലോകകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയാണ് ഇവിടെ നടക്കുക.