മഴ കളിച്ച മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ കൊല്‍ക്കത്തക്ക് ജയം

Posted on: May 18, 2017 9:21 am | Last updated: May 18, 2017 at 9:21 am
കൊല്‍ക്കത്തയുടെ വിജയം ആഘോഷിക്കുന്ന ഗംഭീര്‍

ബെംഗളൂരു: മഴയെ തുടര്‍ന്ന് പുലര്‍ച്ചെ 1.30 വരെ നീണ്ടു നിന്ന ഐ പി എല്ലിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഏഴ് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. ജയത്തോടെ കൊല്‍ക്കത്ത നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും. അതില്‍ ജയിക്കുന്നവര്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പൂനെ സൂപ്പര്‍ ജയന്റുമായി ഏറ്റുമുട്ടും. തോല്‍വിയോടെ ഹൈദരാബാദ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ബൗളര്‍മാര്‍ക്ക് അനുകൂലമായി മാറിയ ബെംഗളൂരുവിലെ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനേ കഴിഞ്ഞൂള്ളൂ. ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചതിന് പിന്നാലെയെത്തിയ മഴയെ തുടര്‍ന്ന് മത്സരം ഏറെ നേരം നിര്‍ത്തിവെക്കേണ്ടി വന്നു. തുടര്‍ന്ന് കൊല്‍ക്കത്തയുടെ വിജയലക്ഷ്യം ആറ് ഓവറില്‍ 48 റണ്‍സായി പുനക്രമീകരിച്ചു. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴത്തി ഹൈദരാബാദ് ആഞ്ഞടിച്ചെങ്കിലും ക്യാപ്റ്റന്‍ ഗംഭീറിന്റെ (32) മികവില്‍ 5.2 ഓവറില്‍ കൊല്‍ക്കത്ത ലക്ഷ്യം കണ്ടു. റോബിന്‍ ഉത്തപ്പ (ഒന്ന്), ക്രിസ് ലിന്‍ (ആറ്), യൂസുഫ് പത്താന്‍ (പൂജ്യം) എന്നിവരെ ആദ്യ ഏഴ് പന്തുകള്‍ക്കിടെ നഷ്ടപ്പെട്ട് 1.1 ഓവറില്‍ മൂന്ന് വിക്കറ്റിന് 12 റണ്‍സെന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍, ജോര്‍ദന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൊല്‍ക്കത്ത ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന ബൗളിംഗിന് മുന്നില്‍ അടിപതറുകയായിരുന്നു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (35 പന്തില്‍ 37), കാന്‍ വില്ല്യംസണ്‍ (26 പന്തില്‍ 24), വിജയ് ശങ്കര്‍ (17 പന്തില്‍ 22) എന്നിവരാണ് ഹൈദരാബാദ് നിരയില്‍ മോശമല്ലാത്ത ബാറ്റിംഗ് കാഴ്ചവെച്ചത്.
ടീം സ്‌കോര്‍ 25ല്‍ നില്‍ക്കെ 11 റണ്‍സുമായി ധവാന്‍ മടങ്ങിയത് സണ്‍ റൈസേഴ്‌സിന് വലിയ തിരിച്ചടിയായി. ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഉത്തപ്പക്ക് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍- വില്ല്യംസണ്‍ സഖ്യം നേടിയ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ഹൈദരാബാദിന് ആശ്വാസമായത്. വില്ല്യംസണ്‍ മടങ്ങിയതിന് തൊട്ടുപിന്നാലെ വാര്‍ണറെ ചാവ്‌ല ബൗള്‍ഡാക്കി. മൂന്ന് പന്തിനിടെ രണ്ട് വിക്കറ്റുകള്‍ വീണതിന്റെ സമ്മര്‍ദത്തിലെത്തിയ യുവ്‌രാജ് സിംഗി (ഒമ്പത്) നും അധികം ആയുസ്സുണ്ടായിരുന്നില്ല. ഉമേഷ് യാദവിനെ ഉയര്‍ത്തിയടിക്കാനുള്ള യുവിയുടെ ശ്രമം ബൗണ്ടറി ലൈനിനരികെ ചാവ്‌ലയുടെ കൈകളില്‍ അവസാനിച്ചു.
തുടര്‍ന്ന് നമാന്‍ ഓജക്ക് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. ഓജ 16 പന്തില്‍ 16 റണ്‍സെടുത്തു. കൊല്‍ക്കത്തക്കായി നഥാന്‍ കോള്‍ട്ടര്‍നില്‍ നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
നാല് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് ഉമേഷ് യാദവ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ട്രെന്റ് ബൗള്‍ട്ട്, പിയൂഷ് ചാവ്‌ല എന്നിവര്‍ ഓരോ വിക്കറ്റ് നേടി.