കുല്‍ഭൂഷന്‍ ജാദവ്‌ കേസില്‍ അന്താരാഷ്ട്ര കോടതി ഇന്ന് വിധി പറയും

വിധി ഇന്ത്യന്‍ സമയം 3.30ന്
Posted on: May 18, 2017 8:42 am | Last updated: May 18, 2017 at 11:24 am

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷക്കെതിരെയുള്ള ഹരജിയില്‍ അന്താരാഷ്ട്ര കോടതി ഇന്ന് വിധി പറയും. ഇന്ത്യന്‍ സമയം വൈകീട്ട് 3.30 നാണ് ഹേഗിലെ അന്താരാഷ്ട്ര കോടതി വിധി പുറപ്പെടുവിക്കുക. ഇന്ത്യ നല്‍കിയ ഹരജിയില്‍ ഇരുരാജ്യങ്ങളുടെയും വാദം പൂര്‍ത്തിയായിരുന്നു.
കുല്‍ഭുഷനെതിരായ വിധി അന്താരാഷ്ട്ര കീഴ്‌വഴക്കങ്ങള്‍ക്കെതിരാണെന്നും വിയന്ന കണ്‍വെന്‍ഷന്റെ പരസ്യലംഘനമാണെന്നും ഇന്ത്യയുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയില്‍ വാദിച്ചു.
എന്നാല്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ചാരന്മാര്‍ക്ക് വിയന്ന ഉടമ്പടി ബാധകമല്ലെന്നായിരുന്നു പാകിസ്ഥാന്‍ വാദിച്ചത്.
ചാരപ്രവര്‍ത്തനം ആരോപിച്ച് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജാദവ് ഇന്ത്യയുടെ റിസര്‍ച്ച് അനാലിസിസ് വിംഗ് (റോ) ഏജന്റാണെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. അതേ സമയം ജാദവിന് ഇന്ത്യന്‍ സര്‍ക്കാറുമായി നേരിട്ട് ഒരു ബന്ധവുമില്ലെന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചു.