Connect with us

Articles

'ഫരാഗോ' മാധ്യമങ്ങള്‍ക്ക് ഫ്രാന്‍സില്‍ നിന്നൊരു പാഠം

Published

|

Last Updated

വാര്‍ത്തകളോടുള്ള നീതിപൂര്‍വമായ സമീപനവും സത്യസന്ധമായ റിപ്പോര്‍ട്ടിംഗും നടത്തുന്നവരുടെ വംശാവലി ഇനിയും ബാക്കിനില്‍ക്കുന്നുണ്ട് എന്നാണ് ഈ ആഴ്ച ഫ്രാന്‍സില്‍ നിന്നുള്ള വാര്‍ത്തകള്‍ തെളിയിക്കുന്നത്. ലോകത്താകമാനം തീവ്ര വലതുപക്ഷ രാഷ്ട്രീയ സമീപനങ്ങള്‍ പുലര്‍ത്തുന്ന വ്യക്തികളും ആശയങ്ങളും പ്രസ്ഥാനങ്ങളും നേടുന്ന മേല്‍ക്കൈയെ രാഷ്ട്രീയ ഇച്ഛാ ശക്തികൊണ്ട് തോല്‍പ്പിച്ച ഫ്രഞ്ച് ജനത, ജനാധിപത്യ വിശ്വാസികളുടെ രാഷ്ട്രീയ ജാഗ്രതകളെ കുറച്ചൊന്നുമല്ല ആഹ്ലാദഭരിതമാക്കുന്നത്. ഏറെ നാളുകളായി അശുഭകരമായ വാര്‍ത്തകള്‍ മാത്രം കേട്ടുകൊണ്ടിരിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്കു ഫ്രാന്‍സ് ഇലക്ഷന്‍ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. കാര്‍ക്കശ്യവും പലപ്പോഴും സംവേദന ക്ഷമത പുലര്‍ത്താത്തതുമായ തരം മതേതര രാഷ്ട്രീയ സമീപനങ്ങള്‍ പുലര്‍ത്തുന്ന ഫ്രഞ്ച് രാഷ്ട്രീയ സമൂഹം പക്ഷേ, ഇത്തവണ ഫ്രഞ്ച് മതേതരത്വത്തിന്റെ ഇരകളെ പോലും ആകാംഷാഭരിതരും പ്രതീക്ഷാനിര്‍ഭരരുമാക്കി മാറ്റി. അക്കൂട്ടത്തില്‍ പ്രത്യേകം എടുത്തുപറയേണ്ട ഒന്നാണ് ഈ ഇലക്ഷനില്‍ ഫ്രഞ്ച് മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനം.

തീവ്ര വലതുപക്ഷ വിഭാഗം പ്രതിനിധിയായ മാരിനെ ലീ പെന്നില്‍ നിന്നും അവസാന സമയം വരെയും കടുത്ത മത്സരം നേരിട്ട ഇമ്മാനുവല്‍ മാക്രോണിന്റെ സ്വകാര്യ ഇമെയിലുകള്‍ തിരഞ്ഞെടുപ്പിന്റെ രണ്ട് ദിവസം മുന്‍പ് ഹാക്ക് ചെയ്യപ്പെട്ടു. രാഷ്ട്രീയ നീക്കങ്ങളുടെ നയരേഖകള്‍, ഫ്രാന്‍സിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയായ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് തന്റെ പാര്‍ട്ടിയായ എന്‍മാര്‍ഷ് (ഓണ്‍വാഡ്‌സ്) മുന്നോട്ടുവെക്കുന്ന പ്രമേയങ്ങള്‍, രാഷ്ട്രീയ പ്രമുഖരുമായും ഉപദേശകരുമായും മാക്രോണ്‍ നടത്തിയ രഹസ്യസംഭാഷണങ്ങള്‍, തിരഞ്ഞെടുപ്പ് രാഷ്ട്രീയം മുന്നില്‍കണ്ടുള്ള നീക്കങ്ങളുടെയും ആസൂത്രണങ്ങളുടെയും വിശദാംശങ്ങള്‍ തുടങ്ങി സുപ്രധാനവിവരങ്ങളടങ്ങിയ ഒമ്പത് ജിഗാബൈറ്റ് ഇമെയില്‍ വിവരങ്ങളാണ് എംലീക്‌സ് എന്ന തലക്കെട്ടില്‍ പാസ്റ്റ്ബിന്‍ എന്ന വെബ്‌സൈറ്റ് പുറത്തുവിട്ടത്. കേരളത്തിലെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുകയാണെങ്കില്‍ ഫ്രാന്‍സിലെ പ്രസിഡന്റ് കാലാവധി തീരുന്നതുവരെ ആഘോഷിച്ചാലും തീരാത്ത അത്രയും അധികം വിവരങ്ങള്‍. പക്ഷേ, ഫ്രാന്‍സിലെ മാധ്യമങ്ങള്‍ ഒരു സാധാരണ വാര്‍ത്തക്കുള്ള പ്രാധാന്യം മാത്രമാണ് ഇത്രമേല്‍ രാഷ്ട്രീയപ്രാധാന്യമുള്ള ഈ ഹാക്കിംഗ് ന്യൂസിന് നല്‍കിയത്.
മിതവാദിയായ ഇമ്മാനുവല്‍ മാക്രോണും മാരിനെ ലീ പെന്നിനുമിടയില്‍ ആരെ തിരഞ്ഞെടുക്കണമെന്ന് ഫ്രഞ്ച് ജനത തീരുമാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇമെയില്‍ ഹാക്കിംഗ് വാര്‍ത്ത പുറത്തുവരുന്നത്. തങ്ങളുടെ സ്ഥാനാര്‍ഥിയുടെ സുപ്രധാന വിവരങ്ങളടങ്ങിയ ബൃഹത്തായ ഇമെയില്‍ ഡാറ്റകള്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന കാര്യം എന്‍മാര്‍ഷ് പാര്‍ട്ടി തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. എന്‍മാര്‍ഷ് മൂവ്‌മെന്റ് തീര്‍ത്തും ആസൂത്രിതമായ മാസീവ് ഹാക്കിംഗിന്റെ ഇരയായതായും തങ്ങളുടെ സ്ഥാനാര്‍ഥിയുടെ ഇമെയിലിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ മാക്രോണിന്റെ പാര്‍ട്ടി വക്താക്കള്‍ ഫ്രഞ്ച് മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. അങ്ങനെ ചെയ്താല്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സ്ഥാനാര്‍ഥിയുടെ ഇമേജ് നഷ്ടപ്പെടുമെന്നും സ്വകാര്യത മാനിക്കണമെന്നും എന്‍മാര്‍ഷ് മൂവ്‌മെന്റ് അഭ്യര്‍ഥിച്ചു. പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ കമ്മീഷനും സ്ഥാനാര്‍ഥിയുടെ വ്യക്തിത്വം മാനിക്കണമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. അതിനെതുടര്‍ന്ന് ഹാക്കിംഗ് നടന്നു എന്ന വാര്‍ത്ത കൊടുത്തു എന്നല്ലാതെ ഇമെയിലിലെ സ്വകാര്യവിവരങ്ങള്‍ ഫ്രഞ്ച് മാധ്യമങ്ങള്‍ പുറത്തുവിട്ടില്ല.
തിരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മാക്രോണ്‍ വിജയിച്ചതോടെ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി. തിരഞ്ഞടുപ്പിന് മുന്‍പ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റന്റെ സ്വകാര്യ ഇമെയിലുകള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്യുകയും അതിലെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി സ്ഥാനാര്‍ഥിയായിരുന്ന ഹിലാരിക്കെതിരെ യു എസ് മാധ്യമങ്ങള്‍ ഒന്നടങ്കം രംഗത്തുവന്നതും സമീപകാലത്തെ ഏറ്റവും വലിയ പത്രപ്രവര്‍ത്തനദുരന്തമായാണ് മാധ്യമ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സ്വകാര്യതക്കും വ്യക്തിത്വത്തിനും വലിയ സ്ഥാനം കല്‍പിക്കുന്നു എന്ന് കൊട്ടിഘോഷിക്കുന്ന അമേരിക്കന്‍ സമൂഹത്തില്‍ തന്നെ മാധ്യമനൈതികത കൈമോശം വന്നതിന്റെ സമീപകാല ഉദാഹരണമായി ഈ സംഭവത്തെ മാധ്യമനിരൂപകര്‍ വ്യാപകമായി ഉദ്ധരിക്കുകയുണ്ടായി. സാധാരണ ഇ മെയില്‍ സംഭാഷണങ്ങള്‍ക്കപ്പുറം മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയമായി ആഘോഷിക്കാന്‍ മാത്രം വലിയ സ്‌കൂപ്പൊന്നും ഹിലാരിയുടെ ഇമെയിലില്‍ ഉണ്ടായിരുന്നില്ല എന്ന് ന്യൂയോര്‍ക്ക് ടൈംസിലെ റേഷല്‍ ഡൊനാഡിയോ പിന്നീട് വെളിപ്പെടുത്തിയിരുന്നു. എന്നിട്ടു പോലും പുകമറകള്‍ സൃഷ്ടിച്ചു മാധ്യമങ്ങള്‍ നടത്തിയ ഇടപെടലുകളും പ്രസ്തുത വാര്‍ത്തക്ക് നല്‍കിയ അമിതമായ കവറേജും ഹിലാരിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നെഗറ്റീവ് ഇമേജ് രൂപപ്പെടാനും അതിനു വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാനും ഇടയാക്കി. ഒരര്‍ഥത്തില്‍ യു എസ് മാധ്യമങ്ങളാണ് തിരഞ്ഞടുപ്പില്‍ ഹിലാരിക്ക് തോല്‍വി സമ്മാനിച്ചത്. ഇക്കാര്യം പരാമര്‍ശിച്ച്, ഫ്രഞ്ച് പത്രമായ ലിബറേഷന്‍ പത്രാധിപര്‍ ജോഹന്‍ ഹഫ്‌നഗല്‍ പറഞ്ഞ വിലയിരുത്തല്‍ ഏറെ ശ്രദ്ധേയമാണ്: “ഞങ്ങള്‍ക്ക് ഫ്രാന്‍സില്‍ ഒരു ഫോക്‌സ് ന്യൂസില്ല എന്ന കാര്യം നിങ്ങളറിയണം. സ്വന്തം അജന്‍ഡകള്‍ക്ക് വേണ്ടി വ്യക്തിഹത്യ നടത്തുകയും സ്വകാര്യവിവരങ്ങള്‍ പുറത്തുവിടുകയും ചെയ്യുന്ന ഒരു മാധ്യമസ്ഥാപനം പോലും നിങ്ങള്‍ക്ക് ഫ്രാന്‍സില്‍ കാണാന്‍ കഴിയില്ല.” ഈ അഭിപ്രായ പ്രകടനം എല്ലാ കാര്യത്തിലും ശരിയല്ലെങ്കിലും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലെങ്കിലും ഫ്രാന്‍സില്‍ ഫോക്‌സ് ന്യൂസ് ഉണ്ടായിരുന്നില്ല എന്നത് വലിയൊരു ശരിതന്നെയാണ്.
ഹാക്ക് ചെയ്യപ്പെട്ട ഒമ്പത് ജിഗാ ബൈറ്റോളം വരുന്ന ഇമ്മാനുവല്‍ മാക്രോണിന്റെ സ്വകാര്യ ഇമെയിലു കളിലെ വിവരങ്ങള്‍ പുറത്തുവന്നെങ്കിലും അവയുടെ കൃത്യത ഉറപ്പുവരുത്താന്‍ ആവശ്യമായ സമയം തിരഞ്ഞെടുപ്പിന് മുമ്പ് ലഭ്യമല്ല എന്നായിരുന്നു സെന്‍സേഷണലായ വാര്‍ത്തയുടെ വിശദാംശങ്ങള്‍ കൊടുക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ പറഞ്ഞ ന്യായം. അങ്ങനെ ഇമെയില്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന വാര്‍ത്തയില്‍ അതൊതുങ്ങി. ഫ്രാന്‍സില്‍ നിന്നുള്ള ഈ സംഭവവികാസങ്ങളില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കും മലയാളത്തിലെ സെന്‍സേഷണല്‍ ഏജന്റുമാര്‍ക്കും ചില നല്ല പാഠങ്ങളുണ്ട്. ഇലക്ഷന്‍ പ്രമാണിച്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പണവും പാരിതോഷികവും സ്വീകരിച്ച് എതിര്‍ ചേരിയിലുള്ളവര്‍ക്കെതിരെ സ്റ്റിങ് ഓപ്പറേഷനുകള്‍ നടത്തുകയും വാര്‍ത്തകള്‍ പൂഴ്ത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇന്ത്യയില്‍ വിരളമല്ല. ബംഗാള്‍,ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നാരദ ന്യൂസ് നടത്തിയ സ്റ്റിങ് ഓപ്പറേഷനുകള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഓര്‍ക്കുക.

എന്തെങ്കിലും ആരോപണം ഉയരുമ്പോഴേക്കും ആളുകളെ കുറ്റക്കാരനെന്ന് വിധിച്ച്, വിചാരണയും പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുക എന്നതാണ് ഇവിടുത്തെ ഒരു രീതി. ഉന്നയിക്കപ്പെടുന്ന ഏതു ആരോപണവും ഇവിടെ വാര്‍ത്തയാണ്. വാസ്തവങ്ങളുമായി ഒരു ബന്ധവുമില്ലാത്ത എത്രയെത്ര ന്യൂസുകളാണ് ഇത്തരത്തില്‍ ഓരോ ദിവസവും പ്രേക്ഷകരുടെ, വായനക്കാരുടെ മുന്‍പിലെത്തുന്നത്? ദേശീയതലത്തിലും പ്രാദേശികതലത്തിലുമുള്ള മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ക്കു പിന്നിലെ അജന്‍ഡകളില്‍ ഇല്ലാതായിത്തീരുന്ന മാധ്യമനൈതികതയും വസ്തുതാന്വേഷണവും എത്രമേല്‍ ഭീകരമാണ്? ഈ ഭീകരതയെ അതിന്റെ ഏറ്റവും ബീഭത്സമായ രൂപത്തില്‍ അവതരിപ്പിക്കുകയാണ് കഴിഞ്ഞയാഴ്ച മുംബൈയില്‍ നിന്ന് സംപ്രേഷണം ആരംഭിച്ച റിപബ്ലിക് ചാനല്‍ ചെയ്തത്.
സംപ്രേഷണം ആരംഭിച്ചതു മുതല്‍ കേന്ദ്ര സര്‍ക്കാറിനും ബി ജെ പിക്കും അപ്രിയരായ ഓരോ രാഷ്ട്രീയ പ്രമുഖരെയും “എക്‌സ്‌പോസ്” ചെയ്തുകൊണ്ടിരിക്കുകയാണ് റിപ്പബ്ലിക്കിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയായ അര്‍ണബ് ഗോസ്വാമി. ആദ്യം ലാലുപ്രസാദ് യാദവ്, ശേഷം അരവിന്ദ് കെജ്‌രിവാള്‍. ഇപ്പോള്‍ ഡോ. ശശി തരൂര്‍. ലാലുപ്രസാദിന് ബീഹാറിലെ വലിയ ഗുണ്ടകളുമായി ചങ്ങാത്തം ഉണ്ടെന്നും കെജ്‌രിവാള്‍ കൈക്കൂലി വാങ്ങിയെന്നും സുനന്ദ പുഷ്‌കറിന്റെ വധത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്നുമാണ് റിപ്പബ്ലിക്കിന്റെ കണ്ടെത്തല്‍. തെളിവായി ചില ഫോണ്‍ ടേപ്പുകളും ബൈറ്റുകളും. ആ എക്‌സ്‌പോസ് പരമ്പര ഇപ്പോഴും തുടരുന്നു.
പാക്കിസ്ഥാന്‍ വിരുദ്ധത, മുസ്‌ലിം വിരുദ്ധത, ബി ജെ പി ഭരണമില്ലാത്ത സംസ്ഥാനങ്ങളെക്കുറിച്ചുള്ള നെഗറ്റീവ് കവറേജ്, മോദി, അമിത് ഷാ, ജെയ്റ്റിലി തുടങ്ങിയവരെ മാധ്യമവിചാരണയില്‍ നിന്ന് രക്ഷിക്കല്‍ തുടങ്ങിയ രാഷ്ടീയ നീക്കങ്ങള്‍ മാത്രമേ റിപ്പബ്ലിക് ചാനലിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാവൂ എന്ന് ചാനല്‍ വരുന്നതിന് മുന്‍പേ മാധ്യമനിരൂപകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. റിപ്പബ്ലിക് അര്‍ണബിന്റെ ചാനലാണെങ്കിലും ഐഡിയോളജി മോദിയുടേതാണെന്ന് റിപ്പബ്ലിക്കിനെ കുറിച്ച് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു. റിപ്പബ്ലിക്കല്ല, ബനാന റിപ്പബ്ലിക്കാണ് ചാനലിന്റെ ലക്ഷ്യം എന്ന് ചുരുക്കം. ഇതെല്ലാം അക്ഷരാര്‍ഥത്തില്‍ ശരിയാണ് എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് റിപ്പബ്ലിക് ചാനല്‍ ഓരോ ദിവസവും പുറത്തുവിടുന്ന വാര്‍ത്തകള്‍. വസ്തുതകള്‍ അന്വേഷിക്കാനോ മാധ്യമധാര്‍മികത പാലിക്കാനോ നേരമില്ലാതെ അര്‍ണബ് ഓരോ വാര്‍ത്തയും മഹാകണ്ടെത്തലായി അവതരിപ്പിക്കുന്നു. വ്യക്തികളെ ആക്ഷേപിക്കുന്നു. തെറിവിളിക്കുന്നു. ചാനല്‍ കണ്ടെത്തലുകള്‍ ശുദ്ധ അസംബന്ധമാണെന്ന് പറയുന്നവരെ ദേശവിരുദ്ധരും തീവ്രവാദികളുമാക്കുന്നു. ഈ അസഹ്യമായ അധാര്‍മിക പത്രപ്രവര്‍ത്തനം കണ്ടുകൊണ്ടാണ് ഡോ. ശശി തരൂര്‍ അര്‍ണബിനെതിരെയും റിപ്പബ്ലിക് ചാനലിനെതിരെയും കഴിഞ്ഞ ദിവസം സംസാരിച്ചത്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ദുരൂഹതകള്‍ ആരോപിച്ച റിപ്പബ്ലിക് ചാനലിനെ ശശി തരൂര്‍ വെല്ലുവിളിച്ചു. തെറ്റായ ആരോപണങ്ങളാണ് വാര്‍ത്തയിലുള്ളതെന്നും തരൂര്‍ ട്വിറ്ററിലൂടെ ആരോപിച്ചു. കോടതിയില്‍ ഇത് തെളിയിക്കാന്‍ അദ്ദേഹം അര്‍ണബ് ഗോസ്വാമിയെ വെല്ലുവിളിക്കുന്നുമുണ്ട്. ധാര്‍മികത ലവലേശമില്ലാതെയാണ് ജേണലിസ്റ്റ് എന്ന് അവകാശപ്പെട്ട് ചിലര്‍ തെറ്റായ ആരോപണങ്ങള്‍ സംപ്രേഷണം ചെയ്തതെന്നും സ്വന്തം നേട്ടത്തിനും ചാനലിന്റെ പ്രചാരണത്തിനുമായി ഒരു ദുരന്തം ഉപയോഗിക്കുന്നതില്‍ അര്‍ണബിനോട് അതിയായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഫരാഗോ (അവിയല്‍) ചാനലുകള്‍ പ്രൊഫഷണല്‍ പത്രപ്രവര്‍ത്തനത്തിന് തന്നെ അപമാനമാണെന്നും തരൂര്‍ തുറന്നടിച്ചിരുന്നു. “വാര്‍ത്തകളില്‍ വിസ്‌ഫോടനം” സൃഷ്ടിക്കാന്‍ ആരംഭിച്ച മംഗളം ചാനലിന്റെ ബ്രേക്കിംഗ് ന്യൂസിന് പിന്നീട് എന്ത് സംഭവിച്ചു എന്നും നാം കണ്ടു. ലവ് ജിഹാദ്, ഐ എസ് ആര്‍ ഒ ചാര ക്കേസ്, എന്നിങ്ങനെ ഇത്തരം അവിയല്‍ വാര്‍ത്തകളുടെ വംശാവലി നീളുന്നു.

ചുരുക്കത്തില്‍ രാജ്യത്തെ വാര്‍ത്താ ചാനലുകള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റേറ്റിംഗ് കൂട്ടാനും വിപണി പിടിക്കാനുമുള്ള ഓട്ടത്തിനിടയില്‍ വാര്‍ത്തകളുടെ ഗുണനിലവാരവും സത്യസന്ധതയും മറക്കുക എന്നത് വാര്‍ത്തകളിലെ ഒരു പോരായ്മയായല്ല, പകരം ഒരു മികവായാണ് ഇന്ന് മാധ്യമ സ്ഥാപനങ്ങള്‍ കാണുന്നത്. ഇത്തരം മറവികളെ ആശ്രയിച്ചാണ് മാധ്യമ പ്രവര്‍ത്തകരുടെ ജോലി സ്ഥിരതയും, ശമ്പള വര്‍ധനവ്, ബോണസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള മാനദങ്ങള്‍ തന്നെ മാധ്യമ സ്ഥാപനങ്ങള്‍ രൂപവത്കരിച്ചിരിക്കുന്നത്. അമ്പെയ്തു വീഴ്ത്താന്‍ നേരത്തെ തയ്യാറാക്കിയ അജന്‍ഡകള്‍ മാത്രം നടപ്പിലാക്കുന്നു. പ്രാദേശിക ചാനലുകള്‍ മുതല്‍ അന്തരാഷ്ട്ര ചാനലുകള്‍ വരെയും സാമൂഹിക മാധ്യമങ്ങള്‍ മുതല്‍ നൂറ്റാണ്ടു പഴക്കമുള്ള മാധ്യമ സ്ഥാപനങ്ങള്‍ വരെയും ഈ അമ്പെയ്ത്ത് കലയിലാണ് ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്. ഇത്തരം മാധ്യമ സ്ഥാപനങ്ങളെ വിലക്കെടുക്കാനും അല്ലാത്തവയെ അരുക്കാക്കാനും ഭരണകൂടങ്ങള്‍ മത്സരിക്കുന്നു. വൈറ്റ് ഹൗസിലെ പത്രസമ്മേളനത്തില്‍ പ്രമുഖ മാധ്യമങ്ങളെ മാറ്റി നിര്‍ത്തി പകരം വിദ്വേഷവും തെറ്റായ വസ്തുതകളും നല്‍കി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ബ്രെയ്ത്ബാറ്റ് പോലുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളെ മുന്നില്‍ കൊണ്ടിരുത്തുകയും ചെയ്തത് നാം കണ്ടു.

ഇത്തരം മാധ്യമ സമീപനങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടയിലാണ് ഫ്രഞ്ച് മീഡിയ ചില കീഴ്‌വഴക്കങ്ങളെ കുറിച്ച് മാധ്യമങ്ങളെ ഓര്‍മപ്പെടുത്തുന്നത്. എല്ലാ ഫരാഗോ ചാനലുകളും ജേര്‍ണലിസ്റ്റുകളും അല്‍പം വേഗത കുറച്ച്, വസ്തുതകള്‍ക്കും നൈതികതക്കും അല്‍പ്പമെങ്കിലും പ്രാധാന്യം കൊടുത്താല്‍ മാത്രമേ, ആഴത്തിലുള്ള പാരമ്പര്യവും ചരിത്രവുമുള്ള പത്രപ്രവര്‍ത്തനം രാജ്യത്ത് നിലനില്‍ക്കൂ. ഇല്ലെങ്കില്‍ ഉറഞ്ഞുതുള്ളുന്ന ഫാസിസരൂപകങ്ങളില്‍ പത്രപ്രവര്‍ത്തനവും മൃതിയടയും. അല്‍പ്പം വേഗത കുറഞ്ഞാലും നല്ല വാര്‍ത്തകള്‍ ഉണ്ടാവട്ടെ. വ്യവസായ വകുപ്പ് മന്ത്രി ആയിരുന്ന പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള റജീനയുടെ പത്ര സമ്മേളനം ആദ്യമായി ടെലികാസ്റ്റ് ചെയ്തതിനെ കുറിച്ച് മാധ്യമ പഠന ക്ലാസ്സുകളില്‍ ചില മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ഇപ്പോഴും പറയാറുണ്ട്. എല്ലാവിധ സ്വാധീനങ്ങളില്‍ നിന്നും വഴുതി മാറി ആ വാര്‍ത്ത ഇന്ത്യാവിഷന്‍ ടെലികാസ്റ്റ് ചെയ്യാനുണ്ടായ ഒരേയൊരുകാരണം വാര്‍ത്തയിലെ വസ്തുതയോ, റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകരുടെ രാഷ്ട്രീയ ജാഗ്രതയോ, ചാനലിന്റെ നിക്ഷ്പക്ഷ സമീപനമോ ആയിരുന്നില്ല, മറിച്ച് പത്ര സമ്മേളനത്തിനും തൊട്ടടുത്ത വാര്‍ത്താ ബുള്ളറ്റിനും ഇടയിലുള്ള സമയം തീര്‍ത്തും കുറവായതുകൊണ്ടാണെന്നു അന്ന് ആ വാര്‍ത്തക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആളുകള്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പലപ്പോഴും വേഗതയുടെ ആ ഘടകത്തെ ഈ മാധ്യമപ്രവര്‍ത്തകര്‍ പോസിറ്റീവ് ആയ ഒരു ഘടകമായി ആണ് ഉദ്ധരിക്കാറുള്ളത് എന്നതാണ് വിരോധാഭാസം.

ബി ബി സി റേഡിയോ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് 2016 സെപ്തംബര്‍ മുപ്പതിന് വിരമിക്കുമ്പോള്‍ ഹെലന്‍ ബോഡന്‍ നടത്തിയ ശ്രദ്ധേയമായ പ്രഭാഷണത്തില്‍ ഇക്കാര്യം അദ്ദേഹം വിശദമായി പരാമര്‍ശിക്കുന്നുണ്ട്: “അതിവൈകാരികവും അമിതവേഗതയും മൂലം പലപ്പോഴും വാര്‍ത്തകള്‍ക്ക് താളം നഷ്ടപ്പെടുന്നു. അതുമൂലം വലിയ അബദ്ധങ്ങളും സംഭവിക്കുന്നു. ജേര്‍ണലിസം എന്ന മഹത്തായ പ്രൊഫഷന്‍ തന്നെ പ്രതിക്കൂട്ടിലാകുന്നു. ചില പ്രത്യേക മാധ്യമങ്ങള്‍ക്ക് അത്തരം അബദ്ധങ്ങളും തെറ്റുകളും ജന്മസിദ്ധമായ വിശേഷണമാണെന്ന് എനിക്ക് തോന്നാറുണ്ട്. ടെലിവിഷന്‍ ന്യൂസ് ചാനലുകള്‍ തന്നെ നോക്കൂ. വസ്തുതകളെ ഉടഞ്ഞ മണ്‍പാത്രങ്ങള്‍ പോലെ കാണാനാണ് ന്യൂസ് ചാനലുകള്‍ക്ക് താത്പര്യം. വേഗത്തിലും ഒഴുക്കോടെയും റിപ്പോര്‍ട്ട് ചെയ്യുമെങ്കിലും സമയം, സ്ഥലം എന്നിവ ഇപ്പോഴും ചാനലുകളുടെ വലിയ പരിമിതിയായി തുടരുകയാണ്. ഒരു സാധാരണ പ്രേക്ഷകന് മുന്‍പ് നടന്ന സംഭവങ്ങളോട് കോര്‍ത്തിണക്കി മാത്രമേ ചാനല്‍ വാര്‍ത്തകള്‍ മനസ്സിലാക്കാന്‍ സാധിക്കൂ. ഒരു വാര്‍ത്ത അവസാനിക്കും മുന്‍പേ, മറ്റൊന്നിലേക്കുള്ള ഈ ഓട്ടം സത്യത്തില്‍ അനാവശ്യമായ പ്രവണതയാണ്. ആദ്യമെത്താന്‍ ഓടുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരും ഇത് ആലോചിക്കണം. ആരോഗ്യകരമായ മത്സരം തീര്‍ച്ചയായും ഗുണപരമായ മാറ്റങ്ങള്‍ മാധ്യമ രംഗത്ത് കൊണ്ടുവരും. എന്നാല്‍ ഈ മത്സരയോട്ടം പ്രേക്ഷകര്‍ക്ക് എന്താണ് യഥാര്‍ഥത്തില്‍ സംഭാവന ചെയ്തിട്ടുള്ളത്? ഒന്ന് വേഗം കുറച്ചാല്‍ അത്ര വലിയ നഷ്ടങ്ങള്‍ ഉണ്ടാവുന്നുണ്ടോ? കൂടുതല്‍ സത്യസന്ധമായ, കൂടുതല്‍ ആധികാരികമായ വാര്‍ത്തകള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ “സ്ലോ ന്യൂസുകള്‍”ക്ക് കഴിയില്ലേ?”

Latest