കണ്ണൂരില്‍ അഫ്‌സ്പ?

Posted on: May 17, 2017 10:48 am | Last updated: May 17, 2017 at 10:48 am

ഗവര്‍ണര്‍ പദവിയോടുള്ള കടുത്ത അവഹേളനവും ജനാധിപത്യ മര്യാദകളുടെ ലംഘനവുമാണ്, ആര്‍ എസ് എസ് പ്രാദേശിക നേതാവ് ബിജുവിന്റെ കൊലയുമായി ബന്ധപ്പെട്ട് കേരളത്തിലെ ചില ബി ജെ പി നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതിനാല്‍ ജില്ലയില്‍ ‘അഫ്‌സ്പ’ നടപ്പിലാക്കാന്‍ കേന്ദ്രത്തോട് ശിപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ടു ബി ജെ പി നേതാക്കള്‍ ഗവര്‍ണറെ സമീപിച്ചിരുന്നു. ഭരണഘടനാ ചട്ടമനുസരിച്ചു ഗവര്‍ണര്‍ ഇക്കാര്യം മുഖ്യമന്ത്രിക്ക് കൈമാറിയത് ശോഭാസുരന്ദ്രന്‍, എം ടി രമേശ് തുടങ്ങിയ ബി ജെ പി നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ ഗവര്‍ണര്‍ക്കെതിരെ കത്തിക്കയറി. പിണറായി വിജയനെ ഭയമാണെങ്കില്‍ രാജിവെച്ചു ഇറങ്ങിപ്പോകണമെന്നായിരുന്നു ഗവര്‍ണറോട് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്. കലക്ടറേയും ചീഫ് സെക്രട്ടറിയേയും ഗവര്‍ണര്‍ വിളിച്ച് വരുത്തണമായിരുന്നുവെന്നും കൊലപാതകം നടന്ന കണ്ണൂരില്‍ ഗവര്‍ണര്‍ പോകാതിരുന്നത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു. ഗവര്‍ണര്‍ പോസ്റ്റ്മാന്റെ ജോലി ചെയ്യേണ്ടെന്നായിരുന്നു ഫേസ് ബുക്ക് വഴി എം ടി രമേശിന്റെ വിമര്‍ശം.
കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ഉണര്‍ത്തിയത് പോലെ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മാനിക്കാന്‍ ഓരോ പൗരനും ബാധ്യസ്ഥമാണ്. ഗവര്‍ണറുടെ നിലപാടുകളോട് വിയോജിപ്പുണ്ടെങ്കില്‍ അക്കാര്യം നിയമപരമായി കേന്ദ്രത്തെ ധരിപ്പിക്കുകയല്ലാതെ പൊതുവേദിയില്‍ അദ്ദേഹത്തെ ഇടിച്ചുതാഴ്ത്തുകയും പരിധിവിട്ടു വിമര്‍ശിക്കുകയും ചെയ്യാവതല്ല. ക്രമസമാധാന പാലനത്തില്‍ വീഴ്ച സംഭവിച്ചതായി പരാതി ഉയര്‍ന്നാല്‍ അക്കാര്യം മുഖ്യമന്ത്രിയെ ഉണര്‍ത്തി പരിഹാരം കാണുകയെന്നതാണ് ചട്ടപ്രകാരം ഗവര്‍ണറുടെ ബാധ്യത. അതാണ് ഗവര്‍ണര്‍ പി സദാശിവം ചെയ്തത്. ബി ജെ പി കേന്ദ്രനേതൃത്വവും ബി ജെ പി നേതാവ് ഒ രാജഗോപാലും ഗവര്‍ണറുടെ നിലപാടിനെ ശരിവെക്കുന്നുമുണ്ട്. സംസ്ഥാന സര്‍ക്കാറിന് നിയന്ത്രിക്കാനാകാത്ത വിധം ക്രമസമാധാന പ്രശ്‌നം അതീവ ഗുരുതരമാകുമ്പോള്‍ മാത്രമേ കേന്ദ്രം ഇടപെടേണ്ടതുള്ളൂ. കേന്ദ്ര ഭരണം ബി ജെ പിയുടെ കരങ്ങളിലാണെന്നതിനാല്‍ പാര്‍ട്ടി കേരള ഘടകം പറയുന്നതപ്പടി അനുസരിക്കാനുള്ള രാഷട്രീയ ചട്ടുകമല്ല ഗവര്‍ണര്‍.
കേന്ദ്രത്തിലെ അനുകൂല സാഹചര്യം മുതലെടുത്ത് കേരളത്തില്‍ പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ബി ജെ പി അടവുകള്‍ ഒന്നൊന്നായി പയറ്റിക്കൊണ്ടിരിക്കയാണ്. പാര്‍ട്ടി നേതാക്കളുടെ തുടര്‍ച്ചയായ വിഷലിപ്ത പ്രസ്താവനകളും ഫൈസല്‍, റിയാസ് മൗലവി വധങ്ങളുമെല്ലാം ഇതിന്റെ ഭാഗമാണ്. എന്നിട്ടും വേണ്ടത്ര ഫലം കാണാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് സൈന്യത്തെ ഇറക്കി ഒന്ന് കളിച്ചു നോക്കണമെന്നാണ് ബി ജെ പി സംസ്ഥാന ഘടകത്തിന്റെ താത്പര്യം. ഇതിന് ഗവര്‍ണര്‍ അരുനില്‍ക്കാത്തതാണ് അവരെ ചൊടിപ്പിച്ചത്. കേരളത്തില്‍ സൈന്യത്തെ വിളിക്കുകയോ, അസ്ഫ്പ നടപ്പാക്കുകയോ ചെയ്യേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമാണെങ്കിലും ജില്ലയില്‍ ആദ്യത്തെ രാഷ്ട്രീയ അക്രമമല്ല ഇത്. അര നൂറ്റാണ്ടായി കണ്ണൂരില്‍ തുടര്‍ച്ചയായി നടന്നു വരുന്ന ആര്‍ എസ് എസ്, സി പി എം കുടിപ്പകയുടെ തുടര്‍ച്ച മാത്രമാണ്. ജില്ലയില്‍ നിരവധി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ സി പി എമ്മുകാരുടെ കത്തിക്കിരയായത് പോലെ, ഒട്ടേറെ സി പി എം പ്രവര്‍ത്തകര്‍ ആര്‍ എസ് എസിന്റെ ആയുധങ്ങള്‍ക്കും ഇരയായിട്ടുണ്ടെന്ന കാര്യം ബി ജെ പി നേതാക്കള്‍ വിസ്മരിക്കരുത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സി പി എം പ്രവര്‍ത്തകനായ രാമന്തളി കുന്നരുവില്‍ ധനരാജ് കൊല്ലപ്പെട്ട കേസിലെ പന്ത്രണ്ടാം പ്രതിയാണ് ബിജുവെന്ന കാര്യവും ശ്രദ്ധേയമാണ്.
പാര്‍ട്ടി പ്രവര്‍ത്തകന്റെ നിഷ്ഠൂരമായവധം സൃഷ്ടിച്ച വൈകാരികതയില്‍ ‘അഫ്‌സ്പ’ക്കായി മുറവിളി കൂട്ടുന്നവര്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും അത് സൃഷ്ടിച്ച പ്രത്യാഘാതങ്ങളിലേക്കും ദുരിതങ്ങളിലേക്കും കണ്ണോടിക്കുന്നത് നന്നായിരിക്കും. ഉത്തരവില്ലാതെ തന്നെ വെടി വെക്കാനും വാറണ്ടില്ലാതെ പരിശോധനകള്‍ക്കും അധികാരം നല്‍കുന്ന ‘അഫ്‌സ്പ’യുടെ മറവില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെ നിഷ്ഠൂരതകളാണ് സൈനികര്‍ അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. ഔദ്യോഗിക കണക്ക് പ്രകാരം 2005 മുതല്‍ 2015 വരെ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ 5,500 പേരെ സൈന്യം മേല്‍ സംസ്ഥാനങ്ങളില്‍ കൊന്നൊടുക്കിയിട്ടുണ്ട്. ഇവരിലേറെയും സാധാരണക്കാരാണ്. സൈനിക സാന്നിധ്യം കൊണ്ട് ആ പ്രദേശങ്ങളിലൊന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കുറവുണ്ടായിട്ടില്ലെന്ന് മാത്രമല്ല, ശക്തിപ്പെടുകയാണുണ്ടായത്. കണ്ണൂരില്‍ നിയമം നടപ്പാക്കിയാല്‍ സി പി എമ്മുകാരുടെ മാത്രമല്ല, ബി ജെ പിക്കാരടക്കമുള്ള ജില്ലയിലെ സാധാരണക്കാരുടെ മൊത്തം ജീവിതം ദുസ്സഹവും ദുരിതപൂര്‍ണവുമാകുമെന്നാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ നല്‍കുന്ന പാഠം. ബി ജെ പി നേതാക്കള്‍ ഇനിയെങ്കിലും യാഥാര്‍ഥ്യബോധമില്ലാത്തതും ജനാധിപത്യ വിരുദ്ധവുമായ ഈ ആവശ്യം ആവര്‍ത്തിക്കരുത്. സൈനിക നടപടിയല്ല, പ്രശ്‌നം പരിഹരിക്കണമെന്ന ആത്മാര്‍ഥമായ താത്പര്യത്തോടെ നേതാക്കളുടെ ഉള്ളുതുറന്ന ചര്‍ച്ചയാണ് കണ്ണൂരിലെ ചോരച്ചാലുകള്‍ക്ക് അറുതി വരുത്താനുള്ള മാര്‍ഗം. ഞങ്ങള്‍ കാരണം ഒരു വിധവയോ അനാഥയോ മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കളോ ഉണ്ടാവുകയില്ലെന്ന് ഉറച്ച തീരുമാനമെടുക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ സന്നദ്ധമാകുമോ?