സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ അടുത്ത മാസം ഏഴ് മുതല്‍

Posted on: May 16, 2017 11:20 am | Last updated: May 16, 2017 at 10:49 am

തിരുവനന്തപുരം: 2017ലെ ഹയര്‍ സെക്കന്‍ഡറി സേ (സേവ് എ ഇയര്‍), ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ അടുത്ത മാസം ഏഴ് മുതല്‍ 13 വരെ നടക്കും. രാവിലെ 9.30 മുതലും ഉച്ചകഴിഞ്ഞ് രണ്ട് മുതലുമാകും പരീക്ഷ. പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 22 ആണ്. 22ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. സേ പരീക്ഷ പേപ്പര്‍ ഒന്നിന് 150 രൂപയും ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് 500 രൂപയുമാണ് ഫീസ്. ഇതിന് പുറമെ സര്‍ട്ടിഫിക്കറ്റ് ഫീസായി 40 രൂപയും അടക്കണം.

പ്രായോഗിക പരീക്ഷ ഈ മാസം 30, 31 തീയതികളില്‍ നടത്തും. ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട ഒരു കേന്ദ്രത്തിലാകും പരീക്ഷ നടക്കുക. ഈ കേന്ദ്രം വിദ്യാര്‍ഥികള്‍ അതാത് സ്‌കൂളില്‍ നിന്ന് അന്വേഷിച്ചറിയണം. പ്രായോഗിക പരീക്ഷക്ക് പേപ്പര്‍ ഒന്നിന് 25 രൂപയാണ്ഫീസ്.
പ്രായോഗിക പരീക്ഷയുള്ള വിഷയങ്ങള്‍ക്ക് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ രണ്ടേകാല്‍ മണിക്കൂറും മറ്റു പരീക്ഷകള്‍ക്ക് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ രണ്ടേ മുക്കാല്‍ മണിക്കൂറുമാണ് പരീക്ഷാ സമയം.
വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ തിയറി പരീക്ഷ മാത്രം എഴുതിയാല്‍ മതിയാകും. നേരത്തെ ലഭിച്ചനിരന്തര മൂല്യനിര്‍ണയ സ്‌കോറും പ്രായോഗിക പരീക്ഷയുടെ സ്‌കോറും ഒന്നാം വര്‍ഷ തിയറി പരീക്ഷയുടെ സ്‌കോറും വീണ്ടും പരിഗണിക്കപ്പെടും. എന്നാല്‍, നേരത്തെ പ്രായോഗിക പരീക്ഷക്ക് ഹാജരാകാത്ത വിദ്യാര്‍ഥികള്‍ വീണ്ടും ഹാജരാകണം. പരീക്ഷക്ക് അപേക്ഷിക്കുന്ന സ്‌കൂളുകളില്‍ നിന്നുതന്നെ വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.
അപേക്ഷാ ഫോമും മറ്റു വിവരങ്ങളും സ്‌കൂളുകളിലും ഡിപ്പാര്‍ട്ട്‌മെന്റ് പോര്‍ട്ടലിലും ലഭ്യമാണ്. അപേക്ഷകള്‍ ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിനോ ഉത്തരക്കടലാസുകളുടെ പകര്‍പ്പിനോ സൂക്ഷ്മ പരിശോധനക്കോ അപേക്ഷിക്കാവുന്നതാണ്. ഇരട്ടമൂല്യനിര്‍ണയം നടക്കുന്ന ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് പുനര്‍മൂല്യനിര്‍ണയവും സൂക്ഷമ പരിശോധനയും ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍, ഈ വിഷയങ്ങളുടെ ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ പരീക്ഷ എഴുതിയ കേന്ദ്രങ്ങളിലാണ് നല്‍കേണ്ടത്.
ഡയറക്ടറേറ്റില്‍ അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാഫോറങ്ങളുടെ മാതൃക സ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 500 രൂപയും ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് 300 രൂപയും സൂക്ഷ്മപരിശോധനക്ക് 100 രൂപയുമാണ് ഫീസ്. അപേക്ഷകള്‍ ഈമാസം 25നകം സ്‌കൂളുകളില്‍ സമര്‍പ്പിച്ചിരിക്കണം. 25ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.