ആദ്യ ക്വാളിഫയര്‍ ഇന്ന്: ഹാട്രിക്ക് ലക്ഷ്യമിട്ട് പൂനെ

Posted on: May 16, 2017 10:41 am | Last updated: May 17, 2017 at 11:47 am

മുംബൈ: ഐ പി എല്ലില്‍ ആദ്യ ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സും റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സും ഇന്ന് നേര്‍ക്കുനേര്‍. ജയിക്കുന്ന ടീം ഫൈനല്‍ ബെര്‍ത് സ്വന്തമാക്കുമെന്നതിനാല്‍ പഴുതടച്ചുള്ള പ്രകടനമാകും ഇരുടീമുകളും പുറത്തെടുക്കുക.
തോല്‍ക്കുന്ന ടീമിന് പത്തൊമ്പതിന് നടക്കുന്ന രണ്ടാം ക്വാളിഫൈയറില്‍ അവസരമുണ്ട്. പതിനേഴിന് എലിമിനേറ്റര്‍ റൗണ്ടില്‍ സണ്‍റൈസേഴ്‌സും കൊല്‍ക്കത്തയും തമ്മിലാണ് മത്സരം. ഇതില്‍ ജയിക്കുന്ന ടീമാണ് ക്വാളിഫയര്‍ രണ്ടില്‍ ക്വാളിഫയര്‍ ഒന്നില്‍ തോറ്റ ടീമുമായി ഏറ്റുമുട്ടുക.
ഐ പി എല്ലിലെ ഭാഗ്യനക്ഷത്രം മഹേന്ദ്ര സിംഗ് ധോണി കളിക്കുന്ന ടീമാണ് പൂനെ. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കിരീടവിജയങ്ങളിലേക്ക് നയിച്ച നായകന്‍ ധോണി പൂനെ നിരയില്‍ നിര്‍ണായക ശക്തിയാണ്. സീസണിന്റെ തുടക്കത്തില്‍ തന്നെ ആര്‍ അശ്വിനെയും മിച്ചല്‍ മാര്‍ഷിനെയും നഷ്ടമായ പൂനെയുടെ സീസണ്‍ മികച്ചതാക്കിയത് ബെന്‍ സ്റ്റോക്‌സ്, ജയദേവ് ഉനാദ്കാദ്, ഇമ്രാന്‍ താഹില്‍, രാഹുര്‍ ത്രിപാദി, സ്മിത് എന്നിവരുടെ മികവാണ്.

സീസണില്‍ മുംബൈയെ രണ്ട് തവണയും തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം പൂനെക്കുണ്ട്. ഹാട്രിക്ക് ജയമാണ് സ്മിത്തും ധോണിയും രഹാനെയും ഉള്‍പ്പെടുന്ന സൂപ്പര്‍ജയന്റ്‌സ് ലക്ഷ്യമിടുന്നത്.

ബെന്‍സ്റ്റോക്‌സിനും ബട്‌ലര്‍ക്കും വിമര്‍ശം

ഐ പി എല്‍ സെമിഫൈനല്‍ റൗണ്ടിലെത്തി നില്‍ക്കുമ്പോള്‍ ഇംഗ്ലണ്ട് താരങ്ങളായ ബെന്‍സ്‌റ്റോക്‌സും ജോസ് ബട്‌ലറും ദേശീയ ടീമിന്റെ ക്യാമ്പിലേക്ക് മടങ്ങുന്നതിനെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സന്‍.
സ്‌പെയ്‌നില്‍ ഇംഗ്ലണ്ട് ടീമിന്റെ ക്യാമ്പില്‍ എത്തിയിട്ട് ബെന്‍സ്റ്റോക്‌സും ബട്‌ലറും എന്താണ് ചെയ്യുക ? കുറച്ച് നേരം ഫീല്‍ഡ് ചെയ്യും. അതിലും ഭേദം ഐ പി എല്‍ കളിക്കുന്നതാണ്. പണം മാത്രമല്ല ഐ പി എല്‍തരുന്നത്. വലിയൊരു പരിചയ സമ്പത്താണത്. – പീറ്റേഴ്‌സന്‍ പറഞ്ഞു.
ഇംഗ്ലണ്ടിന്റെ മത്സരം ഐ പി എല്‍ ഫൈനലിന് ശേഷമാണ് ആരംഭിക്കുന്നത്. അതിനാല്‍ തന്നെ, ക്വാളിഫൈയറും ഫൈനലും കളിക്കാന്‍ ബെന്‍സ്റ്റോക്‌സിന് അവസരമുണ്ടെന്നും ദേശീയ ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി ഐ പി എല്‍ ടീമിനൊപ്പം തുടരാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നതെന്നും പീറ്റേഴ്‌സന്‍ പറഞ്ഞു.