പാസ്‌വേര്‍ഡ് നല്‍കാത്തതിന് മുസ്‌ലിം ആക്ടിവിസ്റ്റിനെതിരെ തീവ്രവാദ കുറ്റം

Posted on: May 16, 2017 8:36 am | Last updated: May 16, 2017 at 12:02 am

ലണ്ടന്‍: വിമാനത്താവളത്തില്‍വെച്ച് ലാപ്‌ടോപ്പിന്റെയും മൊബൈല്‍ ഫോണിന്റെയും പാസ്‌വേര്‍ഡ് നല്‍കാത്തതിന് ബ്രിട്ടനില്‍ അറസ്റ്റിലായ മുസ്‌ലിം ആക്ടിവിസ്റ്റിനെതിരെ തീവ്രവാദ കുറ്റം. കെയ്ജ് എന്ന പേരില്‍ അറിയപ്പെടുന്ന പ്രചാരണ സംഘത്തിന്റെ അന്താരാഷ്ട്ര ഡയറക്ടറായ മുഹമ്മദ് റബ്ബാനിയെയാണ് കഴിഞ്ഞ നവംബറില്‍ ലണ്ടന്‍ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്തത്. 35കാരനായ റബ്ബാനിക്കെതിരെ ഷെഡ്യൂള്‍ ഏഴിന് കീഴിലെ തീവ്രവാദ കുറ്റം ചുമത്തിയതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ബ്രിട്ടനില്‍ തീവ്രവാദവിരുദ്ധ നിയമത്തിന് ഇരയായവര്‍ക്ക് നിയമോപദേശം നല്‍കുന്ന സംഘടനയായ ‘കെയ്ജി’ ലെത്തിയവരുടെ പേര് വിവരങ്ങള്‍ നല്‍കണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം റബ്ബാനി നിഷേധിച്ചുവെന്നും സംഘടന ഭാരവാഹികള്‍ പറഞ്ഞു.

മുസ്‌ലിം രാജ്യങ്ങളില്‍ നിന്ന് വരുന്നവരെയും മുസ്‌ലിംകളായ യാത്രക്കാരെയും വിമാനത്താവളങ്ങളില്‍ പീഡിപ്പിക്കുന്നത് വ്യാപകമായിട്ടുണ്ട്. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുസ്‌ലിം യാത്രക്കാരുടെ മൊബൈലുകളും ലാപ്‌ടോപ്പുകളും പരിശോധിക്കുന്ന രീതി കടുത്ത മനുഷ്യാവകാശലംഘനവും വംശീയ അതിക്രമമാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
ബ്രിട്ടനിലെ അതിര്‍ത്തിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട റബ്ബാനിക്കെതിരെ കടുത്ത നിയമനടപടിക്ക് സാധ്യതയുണ്ട്. തീവ്രവാദ കുറ്റം ചുമത്തിയത് ഇതിന് വേണ്ടിയാണെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കെയ്ജിലെത്തുന്നവരുടെ പേര് വിവരങ്ങള്‍ നല്‍കുന്നത് വിശ്വാസ്യതക്ക് ഭംഗം സംഭവിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഒരു കുറ്റവും ചെയ്യാത്തതിനാണ് റബ്ബാനിയെ അറസ്റ്റ് ചെയ്തതെന്നും ഇത്തരത്തിലുള്ളവര്‍ക്കെതിരെ തീവ്രവാദ കുറ്റം ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ‘കെയ്ജ്’ വക്താക്കള്‍ അറിയിച്ചു.