ഉമര്‍ ഫയാസിന്റെ കൊലപാതകം: മൂന്ന് ഹിസ്ബുള്‍ തീവ്രവാദികളുടെ ചിത്രം പുറത്തുവിട്ടു

Posted on: May 12, 2017 1:14 pm | Last updated: May 12, 2017 at 3:09 pm

ശ്രീനഗര്‍: കാശ്മീരില്‍ ഇന്ത്യയുടെ യുവ സൈനിക ഉദ്യോഗസ്ഥന്‍ ഉമര്‍ ഫയാസിനെ (22) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇഷ്ഫാഖ് അഹ്മദ് തോകര്‍, ഗയാസ് ഉല്‍ ഇസ്‌ലാം, അബ്ബാസ് അഹ്മദ് ബട്ട് എന്നിവരുടെ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ലഫ്റ്റനന്റായിരുന്ന ഉമര്‍ ഫയാസിനെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ബന്ധുവീട്ടിലെത്തിയപ്പോള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പൂനെ സൈനിക അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞ ഡിസംബറില്‍ സൈന്യത്തില്‍ ചേര്‍ന്ന ഫയാസ് ആദ്യമായി അവധിയില്‍ നാട്ടിലെത്തിയപ്പോഴായിരുന്നു ദാരുണാന്ത്യം.